ന്ത്യയുടെ ഔദ്യോഗിക വിമാനസർവീസായ എയർ ഇന്ത്യയെക്കുറിച്ചുള്ള ചെറിയ വാർത്തകൾ പോലും പൊലിപ്പിച്ചുനൽകുന്നതിൽ പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് വലിയ താത്പര്യമാണ്. സമയക്രമം പാലിക്കാതെയും മോശം സൗകര്യങ്ങൾ നൽകിയും പലപ്പോഴും നമ്മൾതന്നെ വാർത്ത ക്ഷണിച്ചുവരുത്തുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ, കാര്യക്ഷമതയുടെ അങ്ങേയറ്റമായി ബ്രിട്ടീഷുകാർ വാഴ്‌ത്തുന്ന ബ്രിട്ടീഷ് എയർവേസും ഒരു നാണംകെട്ട വാർത്തയിൽ കുടുങ്ങി.

വിമാനത്തിൽ എലിയെക്കണ്ടതാണ് പ്രശ്‌നമായത്. സാൻഫ്രാൻസിസ്‌കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം എലിയെക്കണ്ടതിനെത്തുടർന്ന് റദ്ദാക്കി. വിമാനത്തിൽ യാത്രക്കാരെല്ലാം കയറി സീറ്റ് ബെൽറ്റ് മുറുക്കി ഇരുന്നതിനുശേഷമാണ് എലിയെക്കണ്ടതും വിമാനം വൈകിയതും. അസാധാരണമായ ചില കാരണങ്ങളുടെ പേരിൽ ഈ വിമാനം യാത്ര ഒഴിവാക്കുകയാണെന്നും വേറെ വിമാനത്തിൽ യാത്രതുടരുമെന്നും ജീവനക്കാർ യാത്രക്കാരെ അറിയിച്ചു.

എലി കടന്നുകൂടിയതിന്റെ പേരിൽ സാൻഫ്രാൻസിസ്‌കോ യാത്രക്കാർക്ക് നാലുമണിക്കൂറാണ് നഷ്ടമായത്. വിമാനം വൈകാനിടയായതിൽ ബ്രിട്ടീഷ് എയർവേസ് അധികൃതർ യാത്രക്കാരോട് ക്ഷമാപണം നടത്തി. യാത്രക്കാരിൽ പലരും ഈ സമയത്ത് സോഷ്യൽ മീഡിയയിലൂടെ ബ്രിട്ടീഷ് എയർവേസിനെ കണക്കിന് പരിഹസിക്കാനും മടിച്ചില്ല. എലിക്ക് വിസ നൽകിയിരുന്നെങ്കിൽ പ്രശ്‌നം തീരുമായിരുന്നില്ലേ എന്നാണ് ഒരു യാത്രക്കാരൻ ചോദിച്ചത്.

വിമാനം വൈകിയതോടെ യാത്രക്കാർക്ക് നഷ്ടപരിഹാരം കൊടുക്കേണ്ട അവസ്ഥയിലാണ് അധികൃതർ. 153,746 പൗണ്ടോളം യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് യാത്രക്കാരുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്ന എയർഹെൽപ്പ് എന്ന സ്ഥാപനത്തിന്റെ മാർക്കറ്റിങ് മാനേജർ മാരിയസ് ഫെർമി പറഞ്ഞു. അസാധാരണമായ സാഹചര്യങ്ങളിലല്ലാതെ വിമാനം വൈകാനിടയായാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ചട്ടം.

ഓരോവർഷവും എൺപത് ലക്ഷത്തോളം യാത്രക്കാരാണ് ഇത്തരത്തിൽ നഷ്ടപരിഹാരത്തിന് അർഹരാകുന്നതെന്നും ഫെർമി പറഞ്ഞു. അർഹമായ നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിൽ യാത്രക്കാരെ സഹായിക്കുന്ന സ്ഥാപനമാണ് എയർഹെൽപ്പ്.