മുംബൈ: എലി കയറിയ ഫ്‌ളൈറ്റുമായി യാത്രക്കാരുടെ സുരക്ഷ പോലും മറന്ന് പറന്ന എയർ ഇന്ത്യ വിമാനം വീണ്ടും ഇന്ത്യയ്ക്ക് നാണക്കേടാകുന്നു. 225 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനത്തിൽ ഒരു എലിയെ കണ്ടെത്തിയതിനെ തുടർന്നാണ് മുംബൈയിൽനിന്നും ലണ്ടനിലേക്ക് യാത്രതിരിച്ച വിമാനം പാതിവഴിയിൽ യാത്ര മതിയാക്കിയത്. ഇറാൻ അതിർത്തിയിൽ എത്തിയതോടെയാണ് എലിയുടെ കാര്യം വിമാനത്തിലെ ക്രൂ തിരിച്ചറിഞ്ഞത്. ഇതോടെ തിരിച്ചു പറക്കുകയായിരുന്നു. എയർഇന്ത്യയെ പലവട്ടം എലി നാണം കെടുത്തിയിട്ടും മുൻകരുതലുകൾ എടുക്കുന്നില്ല. ഇതിന്റെ നേർ ചിത്രമാണ് ഇപ്പോൾ സംഭവിച്ചത്. പൊതുമേഖലാ വിമാനകമ്പനിയുടെ കെടുകാര്യസ്ഥതയാണ് വീണ്ടും വെളിച്ചെത്തുവരുന്നത്.

എയർ ഇന്ത്യയുടെ ചരിത്രത്തിലെ നാണംകെട്ട പറക്കലെന്നാണ് സംഭവത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മുംബൈയിൽനിന്ന് രാവിലെ 7.30നാണ് വിമാനം ലണ്ടനിലേക്ക് പുറപ്പെട്ടത്. യാത്രാമധ്യേ ഇറാന്റെ വ്യോമ പരിധിയിൽ എത്തിയപ്പോഴാണ് വിമാനത്തിൽ എലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. സംഭവം റിപ്പോർട്ട് ചെയ്തതോടെ എയർ ഇന്ത്യ, വിമാനം മുംബൈയിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു. ആറ് മണിക്കൂറുകൾക്ക് ശേഷം 1.30ഓടെ വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങി. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും ലണ്ടനിലേക്കുള്ള യാത്ര പുനരാരംഭിക്കുകയും ചെയ്തു. സംഭവത്തിൽ എയർ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. അന്താരാഷ്ട്ര ചാനലുകൾ ഉൾപ്പെടെ കളിയാക്കലുമായി എത്തി. തുടർച്ചയായി വിമാനത്തിൽ കാണുന്ന എലികൾ എയർ ഇന്ത്യയുടെ സൽപ്പേരിന് തന്നെ കളങ്കമാവുകയാണ്.

ഇത് ആദ്യമായല്ല എയർ ഇന്ത്യയുടെ യാത്രയിൽ എലി വില്ലനാകുന്നത്. വിമാനത്തിൽ എലിയെ കണ്ടെത്തിയാൽ അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കിയ ശേഷം എലിയെ പുറത്ത് ചാടിക്കാനുള്ള നടപടികളാണ് സാധാരണ സ്വീകരിക്കാറ്. ഇല്ലെങ്കിൽ വിമാനത്തിന്റെ വയറുകൾ ഏതെങ്കിലും എലി കടിച്ചു മുറിക്കുകയോ മറ്റോ ചെയ്താൽ അത് അപകടത്തിന് ഇടയാക്കിയേക്കാം. ഇതു കൊണ്ട് കൂടിയാണ് ഇറാനിലെ വ്യോമാതിർത്തിയിൽ വച്ച് എലി കണ്ടെത്തിയപ്പോൾ തിരിച്ചു പറന്നത്. ഇതുമൂലം യാത്രക്കാർക്ക് നിരവധി മണിക്കൂറുകൾ നഷ്ടമായി. എലിയെ പോലുള്ളവ വിമാനത്തിലുണ്ടോ എന്ന് തിരിച്ചറിയാനുള്ള പരിശോധന കൃത്യമായി നടക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എത്ര തവണ എലിയെ കണ്ടാലും എയർ ഇന്ത്യ പടിക്കുന്നില്ല. പൊതു മേഖലാ സ്ഥാപനമാണ് എയർ ഇന്ത്യ. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഇടപെടേണ്ട ബാധ്യത കേന്ദ്ര സർ്ക്കാരിനുമുണ്ട്. എന്നാൽ അവർ ഒന്നും ചെയ്യാറില്ല.

2015 മേയിൽ നടന്ന സംഭവത്തിൽ 200 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിലാണ് എലിയെ കണ്ടെത്തിയത്. പാക്കിസ്ഥാന്റെ വ്യോമാതിർത്തിയിലെത്തിയ വിമാനം ഒടുവിൽ തിരിച്ചുവിളിച്ചിരുന്നു. എയർഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണ് പൈലറ്റ് എലിയെ കണ്ടെത്തിയത്. എന്നാൽ ഈ വിവരം കൺട്രോൾ റൂമിൽ അറിയിച്ചിട്ടും എലിയുമായി പറക്കാനാണ് കൺട്രോൾ റൂമിൽ നിന്നും നൽകിയ നിർദ്ദേശിച്ചത്. മെയ്‌ 28ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോയ വിമാനത്തിന്റെ കോക്പിറ്റിലാണ് പൈലറ്റ് എലിയെ കണ്ടെത്തിയത്. വിമാനത്തിലെ റഡ്ഡർ പെഡലിന് സമീപത്താണ് എലിയെ കണ്ടത്. ഉടൻ തന്നെ പൈലറ്റ് കൺട്രോൾ റൂമിലേക്ക് വിവരം നൽകി.

റഡ്ഡർ പെഡലിന് സമീപം ഒരു എലിയെ കണ്ടെത്തി. ഏകദേശം ആറിഞ്ച് വലുപ്പം വരും എന്നായിരുന്നു പൈലറ്റിന്റെ സന്ദേശം. എന്നാൽ പ്രിയ ക്യാപ്ടൻ നിങ്ങൾ ലണ്ടനിലേക്ക് വിമാനം പറത്തുക. അവിടെ എത്തിയ ശേഷം എലിയെ പിടിക്കാനുള്ള നടപടികൾ സ്വീകരിക്കും എന്നായിരുന്നു കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച മറുപടി സന്ദേശം. ഇത് ഏറെ വിവാദമായിരുന്നു ഈ സാഹചര്യത്തിലാണ് ഇത്തവണ തിരിച്ചു വിളിച്ചത്. അത് ദേശീയ മാദ്ധ്യമങ്ങൾ തന്നെ ഏറ്റെടുത്ത് ചർച്ചയാക്കിയപ്പോൾ രാജ്യത്തിന് കൂടുതൽ നാണക്കേടുമായിരുന്നു. മു്പ് എയർഇന്ത്യയുടെ തന്നെ റാഞ്ചിയിലേക്ക് പോയ ആഭ്യന്തര വിമാനത്തിലും എലിയെ കണ്ടെത്തിയിരുന്നു. തുടർന്ന് വിമാനം നിലത്തിറക്കി എലിയെ പുറത്ത് ചാടിക്കുകയായിരുന്നു.

എലിശല്യത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി മെയ്‌ മാസത്തിലും നിലത്തിറക്കിയിരുന്നു. ജമ്മു കാശ്മീരിലെ ലേ വിമാനത്താവളത്തിലാണ് എയർബസ് എ320 ഇറക്കിയത്. വിമാനം പറന്നുയർന്ന ശേഷമാണ് ഉള്ളിൽ എലിയുണ്ടെന്ന് അധികൃതർ അറിഞ്ഞത്. വിമാനത്തിൽ നിന്ന് എലികളെ പുകച്ച് പുറത്തുചാടിക്കാൻ പിന്നീട് ഫോഗിങ് നടത്തുകയായിരുന്നു. ഡൽഹിയിൽ നിന്നെത്തിയ ഉപകരണം ഉപയോഗിച്ചാണ് വിമാനത്തിൽ ഫോഗിങ് നടത്തിയത്. ഇതിനുള്ള സംവിധാനം ലേ വിമാനത്താവളത്തിലുണ്ടായിരുന്നില്ല. അന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ പറഞ്ഞിരുന്നു. എന്നാൽ വീണ്ടും വീണ്ടും ആവർത്തിക്കുന്നു.

അതിന് ശേഷവും എലി എയർ ഇന്ത്യയെ നാണം കെടുത്തിയിരുന്നു. കോൽക്കൊത്തയിൽ നിന്നു ഡൽഹി വഴി ദമാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 021, എയർബസ് എ321 വിമാനത്തിന്റെ ക്യാബിനിനുള്ളിൽ പരക്കം പാഞ്ഞ എലികളാണ് വില്ലന്മാരായത്. എലി ശല്യം ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ വിമാനം നിലത്തിറക്കുകയായിരുന്നു. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിനുൾവശം പുകച്ച് എലികളെ തുരത്തി. ഇത്തരത്തിലെ സംഭവം നടക്കുമ്പോഴും വളരെ ലാഘവത്തോടെയാണ് എയർ ഇന്ത്യ കാര്യങ്ങളെ എടുക്കുക. എവിടെ വേണമെങ്കിലും കയറിക്കൂടാവുന്ന പൊതുപ്രതിഭാസമാണ് എലികളെന്ന് ഒരു എയർ ഇന്ത്യ ജീവനക്കാരൻ ഈ സംഭവത്തിന് ശേഷം പറഞ്ഞത്. കാറ്ററിങ് വാനുകളെ പിന്തുടർന്നാണ് ഇവ വിമാനത്തിനകത്തെത്തിയതെന്നും വിശദീകരിച്ചിരുന്നു.

എലി കയറിയതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെടാൻ ഒരുങ്ങിയ വിമാനത്തിന്റെ യാത്ര റദ്ദാക്കിയ ചരിത്രവുമുണ്ട്. ഖത്തർ എയർവെയ്‌സ് വിമാനത്തിനുള്ളിലാണ് എലിയെ കണ്ടത്. യാത്രാക്കാരെ മുഴുവൻ ഇറക്കി പരിശോധിച്ചിട്ടും എലിയെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് എല്ലാ യാത്രക്കാരെയും ഹോട്ടൽ മുറികളിലേക്കു മാറ്റി. എലിയെ തുരുത്തിയ ശേഷമായിരുന്നു അന്നത്തെ യാത്ര. വിമാനത്താവളങ്ങളിലെ പരിശോധനകളുടെ കുറവാണ് ഇതിന് കാരണം. അന്താരാഷ്ട്ര വിമാനക്കമ്പിനികളിൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് പതിവല്ല. കൃത്യമായ പരിശോധനകളും വിമാനം പുറപ്പെടുന്നതിന് മുമ്പ് നടക്കാറുണ്ട്. എന്നാൽ ഇന്ത്യയിൽ എത്ര സംഭവമുണ്ടായാലും സംവിധാനങ്ങൾ മാറുന്നില്ല. അങ്ങനെ വീണ്ടും വീണ്ടും എലി വില്ലനായി മാറുന്നു. ഫെബ്രുവരിയിൽ മുംബൈയിൽ നിന്നുള്ള വിമാനം എലിശല്യം കാരണം രണ്ട് മണിക്കൂർ വൈകിയിരുന്നു.

2009 ൽ വിമാനത്തിൽ കയറിക്കൂടിയ എലികൾ കാരണം 11 മണിക്കൂറാണ് ടൊറന്റോയിലേക്കുള്ള വിമാനം വൈകിയത്. അന്ന് അത് ഏറെ ചർച്ചയായിരുന്നു. ഇനിയൊരിക്കലും ഇതുണ്ടാകില്ലെന്ന് പറഞ്ഞെങ്കിലും വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ഇതുമൂലം ഏത് സമയവും വലിയ ആകാശ ദുരന്തമാണ് കാത്തിരിക്കുന്നത്. എലികൾ വിമാനത്തിലെ സംവിധാനങ്ങൾ തകർത്താൽ അത് എപ്പോൾ വേണമെങ്കിലും തകരുന്ന അവസ്ഥയുണ്ടാകും. ഇതെല്ലാം അറിയുന്നവരാണ് എലികളെ വിമാനത്തിൽ കയറാൻ പഴുതുകൾ ഒരുക്കുന്നത്. വേണ്ടത്ര സുരക്ഷാ പരിശോധനകൾ നടത്താതെയാണ് എയർ ഇന്ത്യാ വിമാനങ്ങൾ പറന്നുയരുന്നതെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നതും.