ഗുവാഹത്തി: തന്റെ അവസാനകാല ജീവിതം അസം സംസ്ഥാനത്തിന്റെ പുരോഗതിക്കായി സമർപ്പിക്കുമെന്ന് വെളിപ്പെടുത്തി പ്രമുഖ വ്യവസായി രത്തൻ ടാറ്റ. അസം സംസ്ഥാനത്തിനു വേണ്ടി തന്റെ അവസാന വർഷങ്ങൾ സമർപ്പിക്കാനാണ് ആഗ്രഹമെന്നു രത്തൻ ടാറ്റ പറയുന്നു.

അസമിൽ 7 അത്യാധുനിക കാൻസർ ആശുപത്രികളുടെ ഉദ്ഘാടനവും ഏഴ് ആശുപത്രികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ന് അസമിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. കാൻസറിനു മികച്ച രീതിയിലുള്ള ആരോഗ്യസേവനങ്ങൾ നേരത്തേ സംസ്ഥാനത്തു ലഭ്യമായിരുന്നില്ല. പണക്കാരുടെ രോഗമല്ല കാൻസർ. ഇന്ത്യയിലെ ചെറിയ സംസ്ഥാനമാണെങ്കിലും ലോകനിലവാരമുള്ള കാൻസർ ചികിത്സാസൗകര്യം ലഭ്യമാണെന്ന് ഇന്ന് അസമിനു പറയാനാകും. അസമിനെ സ്വയവും മറ്റുള്ളവരാലും അംഗീകാരം കിട്ടുന്ന സംസ്ഥാനമാക്കി മാറ്റുന്നതിനു ജീവിതത്തിന്റെ അവസാന വർഷങ്ങൾ സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.' രത്തൻ ടാറ്റ വ്യക്തമാക്കി.

'ഇന്ന് ഏഴ് കാൻസർ ആശുപത്രികൾ അസമിൽ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. ഒരിക്കൽ, ഏഴ് വർഷം കൊണ്ട് ഒരു ആശുപത്രി തുറക്കുന്നു എന്നതുപോലും ആഘോഷിക്കപ്പെടുന്ന കാര്യമായിരുന്നു. കാലം എല്ലാറ്റിനെയും മാറ്റി. ഏതാനും മാസങ്ങൾക്കകം മൂന്ന് കാൻസർ ആശുപത്രികൾ കൂടി നിങ്ങളുടെ സേവനത്തിനു ലഭ്യമാകും' പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അസമിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും വലിയ കാൻസർ ചികിത്സാലയം സാധ്യമാക്കിയതിനു കേന്ദ്ര സർക്കാരിനും രത്തൻ ടാറ്റയ്ക്കും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ നന്ദി രേഖപ്പെടുത്തി.

അസം സർക്കാർ, ടാറ്റ ട്രസ്റ്റ്‌സ് എന്നിവയുടെ സംയുക്ത സംരംഭമായ അസം കാൻസർ കെയർ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം 17 കാൻസർ കെയർ ആശുപത്രികൾ നിർമ്മിക്കാനാണു ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിലെ 10 ആശുപത്രികളിൽ ഏഴെണ്ണം പൂർത്തിയായി. മൂന്നെണ്ണം അവസാന ഘട്ടത്തിലെത്തി. രണ്ടാം ഘട്ടത്തിലെ 7 ആശുപത്രികളുടെയും നിർമ്മാണം പുരോഗമിക്കുന്നു.