മെൽബൺ: പ്രവചനത്തിനും അതീതമായി രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ കുറവു വന്നത് സമ്പദ് ഘടനയ്ക്ക് കരുത്തേകുന്നതായി റിപ്പോർട്ടുകൾ. തൊഴിലില്ലായ്മ നിരക്കിൽ ഇടിവു വന്നതോടെ പലിശ നിരക്കിൽ ഇനിയൊരു വെട്ടിച്ചുരുക്കൽ ഇല്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയും വ്യക്തമാക്കി. ക്രിസ്മസിനു മുമ്പ് ചേരുന്ന റിസർവ് ബാങ്ക് മണിട്ടറി യോഗത്തിൽ പലിശ നിരക്ക് പഴയതു തന്നെ നിലനിർത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒക്ടോബറിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനമായി ഇടിയുകയായിരുന്നു. മെയ്‌ മുതലുള്ള കാലയളവിൽ ഏറ്റവും താഴ്ന്ന നിരക്കാണിത്. അതേസമയം തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനമായി താഴും എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചിരുന്നതെങ്കിലും ആറു ശതമാനത്തിൽ താഴെയായി ചുരുങ്ങിയത് സമ്പദ് ഘടനയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഒക്ടോബറിൽ തന്നെ 58,600 പേർ തൊഴിലിൽ പ്രവേശിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇതും പ്രവചനങ്ങൾക്ക് ഏറെ മീതെയായിരുന്നു.

തൊഴിലില്ലായ്മ നിരക്കിൽ ഇടിവു വന്നതും പലിശ നിരക്ക് രണ്ടു ശതമാനത്തിൽ തന്നെ നിലനിർത്തിയതും ഓസ്‌ട്രേലിയൻ ഡോളറിനും കരുത്തുപകർന്നിട്ടുണ്ട്. സമ്പദ് ഘടന ശക്തിപ്രാപിക്കുന്നതിന്റെ ലക്ഷമാണിതെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന ട്രേഡിംഗിൽ ഡോളറിന് 71 യുഎസ് സെന്റായിരുന്നു വില.

തൊഴിൽ വിപണിയിൽ  ഏറെ കരുത്തുപ്രകടമായ മാസമായിരുന്നു ഒക്ടോബർ എന്നാണ് ജെപി മോർഗൻ ചീഫ് ഇക്കണോമിസ്റ്റ് സ്റ്റീഫൻ വാൾട്ടേഴ്‌സ് പറയുന്നത്. ഏറെ പ്രതീക്ഷപകരുന്ന കാര്യമാണിത്. തൊഴിൽ നേടിയ പലരും ഫുൾ ടൈം ജോലിക്കാണ് പ്രവേശിച്ചതെന്നും സ്റ്റീഫൻ വാൾട്ടേഴ്‌സ് വ്യക്തമാക്കുന്നു.  40,000 പേരാണ് ഫുൾ ടൈം ജോലിയിൽ പ്രവേശിച്ചത്. അതേസമയം 18,600 പേർ പാർട്ട് ടൈം ജോലിയും നേടിയെടുത്തു. അതുകൊണ്ടു തന്നെ സമീപഭാവിയിൽ റിസർവ് ബാങ്കിൽ നിന്ന് ഇനിയൊരു പലിശ വെട്ടിക്കുറയ്ക്കൽ ഉണ്ടാകില്ലെന്ന നിഗമനത്തിൽ തന്നെയാണ് സാമ്പത്തിക രംഗത്തെ വിദഗ്ധരും.