കൊച്ചി: സൈക്കിളിന്റെ പഞ്ചറൊട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ആനന്ദം കണ്ടെത്തിയിരുന്ന നാടൻ പാട്ട് കലാകാരൻ രതീഷ് ചന്ദ്രനെ കുടുക്കിയത് എട്ടാം ക്ലാസുകാരിയുടെ ഇടപെടലാണ്. സംശയം തോന്നി ആ 13കാരി നടത്തിയ ഇടപെടൽ നിർണ്ണായകമായി. പോക്‌സോ കേസിൽ രതീഷ് ചന്ദ്രൻ അകത്തുമായി.

സംഭവത്തെപറ്റി പെൺകുട്ടി പറയുന്നതിങ്ങനെയാണ്;- സൈക്കിൾ പഞ്ചൊറൊട്ടിക്കാനായി ഞങ്ങൾ കുറച്ചു പേരുണ്ടായിരുന്നു. എപ്പോഴും പഞ്ചൊറൊട്ടിച്ചിട്ട് കാറ്റടിക്കാൻ പറയും. കാറ്റടിക്കുന്ന സമയത്ത് മൊബൈൽ എടുത്ത് വയ്ക്കുന്നത് കണ്ടു. ആദ്യം സംശയം തോന്നിയില്ല. എന്നാൽ പിന്നീട് നോക്കിയപ്പോൾ ക്യാമറയുടെ ലൈറ്റ് മിന്നി നിൽക്കുന്നത് കണ്ടു.

ഇതോടെയാണ് ഇയാൾ വീഡിയോ പകർത്തുന്നതാണെന്ന് മനസ്സിലായത്. ഉടൻ തന്നെ ഇതു ചോദ്യം ചെയ്തു. അപ്പോൾ ഇയാൾ മൊബൈൽ എടുത്ത് മാറ്റി. എന്നാൽ ഞാൻ വേഗം മൊബൈൽ ഫോൺ തട്ടിയെടുത്തു. എന്നെ കാലിൽ പിടിച്ചു വലിച്ചു വീഴ്‌ത്താൻ നോക്കിയപ്പോൾ മുഖത്തിട്ട് ചവിട്ടി. ഇതോടെ ഇയാൾ താഴെ വീണു.

തൊട്ടടുത്തു തന്നെ എന്റെ അച്ഛൻ നിൽപ്പുണ്ടായിരുന്നു എന്ന ധൈര്യത്തിൽ മതിൽ ചാടിക്കടന്നു. അച്ഛന്റെ കൈയിൽ ഫോൺ കൊടുത്തു കാര്യം പറഞ്ഞതോടെയാണ് അയാളെ പിടിച്ചു നിർത്തി ചോദ്യം ചെയ്തത്. ഫോൺ പരിശോധിക്കാൻ പിതാവ് ശ്രമിച്ചപ്പോൾ പാസ് വേർഡ് കൊണ്ടു ലോക്ക് ചെയ്തിരിക്കുകയായിരുന്നു.

രതീഷിനോട് ഫോൺ തുറക്കാൻ പറഞ്ഞെങ്കിലും തയ്യാറായില്ല. ഇതോടെ നാട്ടുകാർ എത്തി. അങ്ങനെയാണ് ഇയാൾ ഫോൺ തുറന്ന് കൊടുത്തത്. തുടർന്ന് പരിശോധിച്ചപ്പോൾ പെൺകുട്ടിയുൾപ്പെടെയുള്ളവരുടെ സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങൾ കണ്ടെത്തുന്നത്. ഇതോടെ നെടുമ്പാശ്ശേരി പൊലീസിനെ വിളിച്ചു വരുത്തി ഇയാളെ അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

എന്തു കാര്യത്തിനും പ്രതികരിക്കണം എന്ന പിതാവിന്റെ വാക്കുകളാണ് രതീഷിനെ കുടുക്കാൻ കാരണമായതെന്ന് പെൺകുട്ടി മറുനാടനോട് പറഞ്ഞു. കൂടാതെ സ്‌ക്കൂളുകളിലെ കൗൺസിലിങ്ങുകളും മറ്റും ധൈര്യം തന്നിട്ടുണ്ട് എന്നും പെൺകുട്ടി പറയുന്നു.