തിരുവനന്തപുരം: കാരേറ്റ് - കിളിമാനൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ രതീഷിന്റെ മരണത്തിൽ ദുരൂഹതയെന്ന ആരോപണം ശക്തം. വക്കം കായൽ കരയിൽ മരിച്ച നിലയിൽ കാണപ്പെട്ട രതീഷിന്റെ(34)ത് ആത്മഹത്യയല്ലെന്ന് വീട്ടുകാർ ഉറപ്പിച്ചു പറയുന്നു. അതുകൊണ്ട് തന്നെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. സംഭവത്തിൽ ഫോൺവിളികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭാര്യയേയും മകളേയും വിവാഹ സ്ഥലത്താക്കി സുഹൃത്തുക്കൾക്കൊപ്പം നട്ടുച്ചനേരത്ത് ആഘോഷിക്കാൻ പോയ രതീഷ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഫോൺ വിളികൾക്കിടെ സംഭവിച്ച കാര്യങ്ങൾ നിർണായകമാകുന്നത്. എന്നാൽ, രതീഷിന്റെ മൊബൈൽ ഇതുവരെ കണ്ടെത്താത്തതാണ് ഈ വഴിക്കുള്ള അന്വേഷണത്തിന് തടസം. മൊബൈലിലേക്ക് അവസാനം വന്ന ബന്ധുക്കളുടേതല്ലാത്ത കോളുകൾ ആരുടേതാണ് എന്ന സംശയത്തിനുള്ള ഉത്തരത്തിനും മൊബൈൽ കണ്ടെത്തേണ്ടതുണ്ട്. േ

അയൽവാസിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് ബൈക്കിൽ ഭാര്യ സുജയ്ക്കും മകൾ എട്ടുവയസുകാരി ദേവപ്രിയയ്ക്കുമൊപ്പം രതീഷ് മണനാക്കിലെ ഓഡിറ്റോറിയത്തിലെത്തിയത്. പഠനകാലത്ത് സഹപാഠികളായിരുന്ന ചിലർ ചേർന്ന് രൂപീകരിച്ച വാട്ട്‌സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച പാർട്ടിക്ക് പോകാനായി ബൈക്കിന്റെ താക്കോൽ ബന്ധുവായ യുവാവിനെ ഏൽപ്പിച്ചശേഷമാണ് വിവാഹച്ചടങ്ങ് കഴിഞ്ഞയുടൻ രതീഷ് ഭാര്യയോടും മകളോടും യാത്ര പറഞ്ഞിറങ്ങിയത്.

വിവാഹ സ്ഥലത്തുനിന്ന് പോയ രതീഷ് മണിക്കൂറുകൾക്ക് ശേഷം വൈകുന്നേരം അഞ്ചരയോടെ സുജയെ ഫോണിൽ വിളിച്ചു. തന്റെ മാല വീട്ടിലെ മേശയിലുണ്ടോയെന്ന് ഉറപ്പാക്കാനായിരുന്നു അത്. മേശയിൽ മാലയുണ്ടെന്ന് ഉറപ്പാക്കിയ സുജ അക്കാര്യം രതീഷിനെ അറിയിച്ചതിനൊപ്പം വരാറായില്ലേയെന്നും അന്വേഷിച്ചു. ഉടനെത്തുമെന്ന് ഉറപ്പ് പറഞ്ഞ രതീഷിനെ രണ്ട് മണിക്കൂർ പിന്നിട്ടിട്ടും കാണാതായപ്പോൾ സുജ ഫോണിലേക്ക് വിളിച്ചു. ഫോൺ അറ്റന്റ് ചെയ്ത രതീഷ് സംസാരിച്ച് തുടങ്ങുംമുമ്പേ ഫോൺ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൈക്കലാക്കി. നീ എന്തിന് പേടിക്കണം. ഞങ്ങൾ അങ്ങുകൊണ്ടാക്കുമെന്നായിരുന്നു സുഹൃത്തിന്റെ മറുപടി.

മദ്യസൽക്കാരങ്ങളിലോ പാർട്ടികളിലോ പങ്കെടുക്കുക പതിവില്ലാത്തതിനാൽ രതീഷിനെ കാണാത്തത് സുജയെ അസ്വസ്ഥയാക്കി. രതീഷിന്റെ ഫോണിലേക്ക് സുജ വീണ്ടും വിളിച്ചു. മണനാക്കിൽ റെയിൽവേ ഗേറ്റിലെത്തിയെന്നായിരുന്നു മറുപടി. മണനാക്കിലെവിടാ റെയിൽവേ ഗേറ്റ് എന്ന മറുചോദ്യം ഉയരുംമുമ്പേ നിലയ്ക്കാമുക്കിലെന്ന് ആരോ തിരുത്തി. ഏറെ നേരം കഴിഞ്ഞിട്ടും രതീഷിനെ കാണാത്തതിനാൽ ബന്ധുവും ഫോൺ ചെയ്തു നോക്കി. ചേട്ടാ ഞാനിതായെത്തി എന്നാവർത്തിച്ച രതീഷിനെ പിന്നീടാർക്കും ജീവനോടെ കാണാനായില്ല. രാത്രി വൈകിയിട്ടും രതീഷ് വീട്ടിലെത്താതായപ്പോൾ ബന്ധുക്കൾ സുഹൃത്തുക്കളിൽ ചിലരുടെ നമ്പരുകൾ തപ്പിയെടുത്ത് അവരെ ബന്ധപ്പെട്ടു. രതീഷിനൊപ്പം അവസാനമായി യാത്രചെയ്ത സുഹൃത്ത് അരമണിക്കൂർ മുമ്പ് രതീഷ് തന്റെ കാറിൽ നിന്ന് കടയ്ക്കാവൂർ ചാവടിമുക്കിൽ ഇറങ്ങിയെന്നും താനിപ്പോൾ കൊല്ലമ്പുഴയിലെത്തിയെന്നുമാണ് പ്രതികരിച്ചത്.

ഈവിവരം ലഭിച്ചയുടൻ മൂന്ന് ബൈക്കുകളിലായി ബന്ധുക്കൾ ചാവടി മുക്കിലേക്ക് പാഞ്ഞു. ഇവിടെയെങ്ങും രതീഷിനെ കണ്ടെത്താനായില്ല. കാറോടിച്ച സുഹൃത്തിനെ വീട്ടുകാർ വീണ്ടും ബന്ധപ്പെട്ടപ്പോൾ ചാവടിമുക്കിന് സമീപം വച്ച് ആയാന്റെവിള ക്ഷേത്രത്തിലെ ഘോഷയാത്ര കടന്നുപോകുമ്പോൾ റോഡ് ബ്‌ളോക്കായി കിടന്ന സ്ഥലത്ത് രതീഷ് ഇറങ്ങിയെന്ന് പറഞ്ഞു. തെരച്ചിൽ നിഷ്ഫലമായതോടെ ഇക്കഴിഞ്ഞ അഞ്ചിന് രാവിലെ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകി. രതീഷിന്റെ സഹോദരി ജിഷയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് വക്കം പൊന്നുംതുരുത്ത് കായൽ പ്രദേശത്ത് രാത്രി 9.30 ഓടെ മൃതദേഹം കാണപ്പെട്ട വിവരം പൊലീസ് വീട്ടുകാരെ അറിയിച്ചത്.

മുണ്ടൊഴികെ വസ്ത്രങ്ങളെല്ലാം ശേഷിച്ച മൃതദേഹം നാവ് പുറത്തേക്ക് നീട്ടി കടിച്ച് പിടിച്ച നിലയിലായിരുന്നു. പോക്കറ്റിലുണ്ടായിരുന്ന പഴ്‌സിൽ രാവിലെയുണ്ടായിരുന്ന മുന്നൂറ് രൂപയിൽ 260 രൂപ ശേഷിച്ചിരുന്നു. വിവാഹ മോതിരവും നഷ്ടപ്പെട്ടിരുന്നില്ല. മൃതദേഹത്തിന് പുറമേ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും കേവലം മുങ്ങിമരണമായി കരുതാൻ പറ്റുന്ന നിലയിലായിരുന്നില്ല . മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്.

നെടുമങ്ങാട് സ്വദേശിനിയും ബന്ധുവുമായ സുജയെ പ്രേമിച്ച് വിവാഹം ചെയ്ത രതീഷ് ഇടയ്ക്ക് ഗൾഫിൽ പോയെങ്കിലും രണ്ടുവർഷം മുമ്പ് മടങ്ങിവന്നു. തുടർന്ന് ബസിൽ കണ്ടക്ടറായി ജോലിക്ക് കയറുകയായിരുന്നു. മാതാപിതാക്കളായ രവീന്ദ്രനും ശാരദയമ്മയ്ക്കുമൊപ്പമായിരുന്നു രതീഷും കുടുംബവും കഴിഞ്ഞിരുന്നത്. നാട്ടിൽ ആരുമായും വഴക്കോ ശത്രുതയോ ഇല്ലാതിരുന്ന രതീഷിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളുമില്ലെന്നാണ് വീട്ടുകാരുടെ വെളിപ്പെടുത്തൽ.

കാറിൽ നിന്ന് കടയ്ക്കാവൂരിൽ ഇറങ്ങിയ രതീഷ് റെയിൽവേ ഗേറ്റ് ക്രോസ് ചെയ്ത് ഫോൺ ചെയ്തുകൊണ്ടുപോകുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കിലോമീറ്ററുകൾ അകലെയുള്ള കായൽതീരത്ത് രതീഷെത്തിയതും മരണപ്പെട്ടതും എങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. രതീഷിന്റെ ഫോണും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കടയ്ക്കാവൂരിലുള്ള ഒരു യുവതിയാണ് രതീഷിനെ അവസാനമായി വിളിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. രതീഷിന്റെ മരണവുമായി ഫോൺകോളുകൾക്കുള്ള ബന്ധവും പൊലീസ് അന്വേഷണ പരിധിയിലാണ്.