- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ശക്തമായതോടെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുത്തു റൂറൽ എസ് പി; പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത് ആന്തരിക അവയവങ്ങൾക്ക് മർദനത്തിൽ ക്ഷതമേറ്റെന്നും ശ്വാസം മുട്ടിച്ചെന്നുമുള്ള സൂചന; കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു; അന്വേഷണ ചുമതല കണ്ണൂർ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി
കോഴിക്കോട്: മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ശക്തിപ്പെടുന്നു. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്പി നേരിട്ടെത്തി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. എസ്പിക്കൊപ്പം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാൻ സാധ്യതയുണ്ടോ എന്ന് സ്ഥലം കൂടി കണ്ട് നേരിട്ടു മനസ്സിലാക്കുകയാണ് ലക്ഷ്യം.
അതിനിടെ രതീഷിന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുക. ഡിവൈഎസ്പി ഷാജ് ജോർജിനാണ് അന്വേണ ചുമതല. രതീഷിന്റെ മരണം കൊലപാതകമെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് അന്വേഷണം ഊർജിതമാക്കിയത്. ഈ സംശയത്തിന് ബലം നൽകുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ട്. ഈ റിപ്പോർട്ട് കിട്ടിയതിന് പിന്നാലെയായിരുന്നു വടകര റൂറൽ എസ്പി രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തെത്തി അർധരാത്രി പരിശോധന നടത്തിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സംശയങ്ങൾ ദൂരീകരിക്കാനാണ് എസ്പി നേരിട്ട് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴി എടുത്തത്. ഇപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു എസ്പിയുടെ പ്രതികരണം. അതേസമയം രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്ത് അന്വേഷണ സംഘത്തിലെ ഒരു വിഭാഗം പരിശോധന നടത്തുന്നുണ്ട്.
മരണത്തിന് മുൻപ് രതീഷിനെ ശ്വാസം മുട്ടിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളിൽ ക്ഷതമുണ്ടെന്നും കണ്ടെത്തി. മൂക്കിന് അടുത്തായി കണ്ടെത്തിയ മുറിവിൽ അടക്കം ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് മൽപ്പിടിത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് സൂചന. പോസ്റ്റ് മോർട്ടം വീഡിയോയിൽ പകർത്തി സൂക്ഷിച്ചിട്ടുണ്ട്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി ആരോപിച്ചിരുന്നു. രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മുമ്പ് പല കൊലക്കേസുകളിലും നടന്നതുപോലെ അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ പ്രതിയെ സിപിഎം കൊലപ്പെടുത്തിയതാണോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഈ ആരോപണത്തിന് ബലമേകുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ. മരണത്തിൽ ദുരൂഹത വെളിപ്പെട്ടതോടെ വടകര റൂറൽ എസ്പി ഡോ. ശ്രീനിവാസന്റെ നേതൃത്വത്തിൽ സംഭവസ്ഥലം വീണ്ടും പരിശോധനക്ക് വിധേയമാക്കി. രതീഷ് തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട വളയം ചെക്യാട് അരൂണ്ടയിൽ പൊലീസ് വിദഗ്ധപരിശോധന നടത്തി.
അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി സ്ഥലത്തെത്തി പ്രദേശവാസികളുടെ മൊഴിയെടുത്തു. വിരലടയാള വിദഗ്ദ്ധർ, ഫൊറൻസിക് സംഘം, ഡോഗ് സ്ക്വാഡ് എന്നിവർ ശനിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഞായറാഴ്ചയും വിദഗ്ദ്ധർ പരിശോധന തുടരുമെന്ന് റൂറൽ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ചെക്യാട് അരൂണ്ട കുളിപ്പാറയിൽ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൻ കൊമ്പിലാണ് രതീഷിനെ (36) തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. കണ്ണൂർ പുല്ലൂക്കര കൊച്ചിയങ്ങാടി കൂലോത്ത് സ്വദേശിയായ രതീഷ് സജീവ സിപിഎം പ്രവർത്തകനാണ്.
ശനിയാഴ്ച രാവിലെ ഒന്നര മണിക്കൂറോളമെടുത്താണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. നാദാപുരം ഡിവൈ.എസ്പി. പി.എ. ശിവദാസ്, വളയം സിഐ. പി.ആർ. മനോജ് എന്നിവരുടെ നേതൃത്വം നൽകി. പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രി 10 മണിയോടെ പുല്ലൂക്കര കൊച്ചിയങ്ങാടിക്കടുത്തുള്ള കൂലോത്ത് വീട്ടിലെത്തിച്ച മൃതദേഹം സിപിഎം, എൽ.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
മറുനാടന് മലയാളി ബ്യൂറോ