ആലപ്പുഴ : റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. നങ്ങ്യാർകുളങ്ങര 17 -ാം വാർഡിൽ അകംകുടി വാലുപുരയിടത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രത്നമ്മ (65) യെയാണ് കഴിഞ്ഞ ദിവസം രാവിലെ 7.30 ഓടെ ഹരിപ്പാട് ആർ.കെ ജംഗ്ഷന് കിഴക്ക് റയിൽവേ ക്രോസ്സിന് തെക്ക് പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

ഇവരുടെ കിടപ്പുമുറിയിൽ രക്തം തളം കെട്ടിക്കിടന്നിരുന്നു. ഇടതു കൈത്തണ്ടയിൽ മുറിവേറ്റിരുന്നു. മുറിവേല്പിച്ച ബ്ലയിഡും മുറിയിലുണ്ടായിരുന്നു. ഇവർ അർബുദ ബാധിതയായിരുന്നു. കഴിഞ്ഞ 6 മാസമായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു. മരുമകൾ സജിതാ ദാസിനൊപ്പമായിരുന്നു താമസം. മകൻ രഘുനാഥൻ മസ്‌ക്കറ്റിലാണ്.രത്നമ്മയും മരുമകളും തമ്മിൽ നിരന്തരം കലഹിച്ചിരുന്നുവെന്നും ശരിയായ രീതിയിൽ ആഹാരമോ വെള്ളമോ നൽകാറില്ലായിരുന്നുവെന്നും ആഹാരത്തിന് വേണ്ടി രത്നമ്മ നിലവിളിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കളും പരിസരവാസികളും പറഞ്ഞു.

ശുചിയാക്കാത്ത പാത്രങ്ങളിലായിരുന്നു പലപ്പോഴും ആഹാരം നൽകിയിരുന്നത്. കീമോതെറാപ്പി കഴിഞ്ഞ് അവശയായ രത്നമ്മ ഊന്നുവടിയുടെ സഹായത്താലാണ് നടന്നിരുന്നത്.സംഭവത്തിന്റെ തലേ ദിവസം ഇവർ തമ്മിൽ വഴക്കിട്ടിരുന്നുവെന്നും രത്നമ്മയുടെ നിലവിളി കേട്ടുവെന്നും പരിസരവാസികൾ പറയുന്നു.ഇത്രയും അവശയും മുറിവേറ്റ് രക്തം വാർന്ന ഇവർ ഊന്നുവടിയുടെ സഹായമില്ലാതെ എങ്ങിനെ റയിൽപ്പാളത്തിൽ എത്തിയെന്നതിലാണ് ദുരൂഹത, ഇവരുടെ ഊന്നുവടി മുറിക്കുള്ളിൽ തന്നെയുണ്ടായിരുന്നു. പോയവഴിയിലെങ്ങും രക്ത തുള്ളികൾ കാണപ്പെട്ടിരുന്നില്ല എന്നതും സംശയത്തിനിട നൽകുന്നു.

കൂടാതെ വീട്ടിൽ നിന്ന് 500 മീറ്റർ ദൂരത്തുള്ള റയിൽവേ ട്രാക്ക് തറനിരപ്പിൽ നിന്ന് 4 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ഓടയും കടന്നു വേണം റയിൽവേപ്പാളത്തിലേക്ക് കയറേണ്ടത് ,ഇതൊക്കെയാണ് ദുരൂഹത ആരോപിക്കുവാൻ കാരണം. വാർഡ് കൗൺസിലർ രജനി സുഗതന്റെ നേതൃത്വത്തിൽ പല പ്രാവശ്യം അനുരജ്ഞനശ്രമം നടത്തിയിരുന്നതാണ്. ഇവരുടെ മകൻ ഗൾഫിൽ നിന്ന് കൗൺസിലറെ ഫോണിൽ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

കായംകുളം ഡി.വൈ.എസ്‌പി എൻ.രാജേഷ്, എസ്.ഐ.എസ്.എസ് ബൈജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് ലാബുകാരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ജഢം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.സംസ്‌കാരം പിന്നീട്. മക്കൾ:- രഘുനാഥ്, പ്രസന്ന. മരുമക്കൾ:- സുരേഷ്, സജിത.