തിരുവനന്തപുരം : കിറ്റിലേയും അരിയിലേയും രാഷ്ട്രീയ ചർച്ച തുടരും. അരികൊടുത്ത് വോട്ട് നേടാനുള്ള ഇടതു നീക്കം മനസ്സിലാക്കിയാണ് യുഡിഎഫ് ഈ വിഷയത്തിൽ ഇടെപട്ടത്. വെള്ള, നീല റേഷൻ കാർഡുകാർക്ക് സ്പെഷൽ അരി നൽകുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞിരുന്നു. വിഷുക്കിറ്റ് വിതരണം നീട്ടുകയും ചെയ്തു. ഈ മാസം അവസാനത്തോടെ കിറ്റ് വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ, ഏപ്രിൽ 1 മുതൽ വിഷുക്കിറ്റ് വിതരണം ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ പരാതിയെത്തുടർന്നാണ് നടപടി.

ഏപ്രിൽ 6നു മുൻപ് പരമാവധി പേർക്കു കിറ്റ് എത്തിക്കാനായിരുന്നു സർക്കാർ ശ്രമം. വെള്ള, നീല കാർഡുകൾക്ക് ഈ മാസം 31നു മുൻപ് 10 കിലോ അരി 15 രൂപ നിരക്കിൽ നൽകാനുള്ള നടപടിയാണ് കമ്മിഷൻ തടഞ്ഞത്. തീരുമാനത്തെ നിയമപരമായി നേരിടാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

വിഷുവിനുള്ള ഭക്ഷ്യക്കിറ്റും മെയ്‌ മാസത്തെ സാമൂഹിക ക്ഷേമപെൻഷനും വോട്ടെടുപ്പിനു തൊട്ടു മുൻപ് വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കമ്മിഷനു പരാതി നൽകിയിരുന്നു. രണ്ടും ഏപ്രിൽ ആറ് കഴിഞ്ഞു വിതരണം ചെയ്താൽ മതിയെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. വോട്ടെടുപ്പിനു തൊട്ടുമുൻപ് ഭക്ഷ്യക്കിറ്റുകളെല്ലം ഒന്നിച്ച് വിതരണം ചെയ്ത് ജനങ്ങളെ മയക്കാമെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്നും പ്രതിപക്ഷം ചോദിച്ചിരുന്നു. ഇതോടെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്ത് എത്തി. ഇതിന് പിന്നാലെ കോടതിയെ സമീപിക്കാനും തീരുമാനിച്ചു.

തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള ആഴ്ചകളിൽ റേഷൻ സംവിധാനം വഴി സംസ്ഥാനത്തുടനീളം വിതരണം ചെയ്യാൻ സർക്കാർ ലക്ഷ്യമിട്ടതു 10 കോടി കിലോഗ്രാമിലേറെ അരിയായിരുന്നു. വിതരണ നടപടികൾ തിരഞ്ഞെടുപ്പ് അടുക്കും വരെ വൈകിച്ചാണ് ഈ ഇടപെടലിന് ശ്രമിച്ചത്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പു കമ്മിഷനിലേക്കു പ്രതിപക്ഷം പരാതിയുമായെത്തിയതും.

27 ലക്ഷത്തോളം സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന 5 കോടി കിലോഗ്രാമിലേറെ അരിയാണ് ഇതിൽ പകുതി. മുൻഗണനേതര വിഭാഗത്തിലെ (നീല, വെള്ള) 50 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്കു വിതരണം ചെയ്യാൻ ഉദ്ദേശിച്ച, കിലോയ്ക്ക് 15 രൂപ നിരക്കിലുള്ള 10 കിലോഗ്രാം സ്‌പെഷൽ അരിയാണു ബാക്കിയുള്ളത്. ഈ മാസം നൽകുന്ന 10 കിലോഗ്രാം അരിയുടെ കണക്കെടുത്താൽ മാത്രം 5 കോടി കിലോഗ്രാമിലേറെ വരും.

കോവിഡ് സാഹചര്യത്തിൽ സ്‌കൂൾ തുറക്കാത്തതു മൂലം പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി മുടങ്ങിയിരുന്നു. കേന്ദ്ര വിഹിതം കൂടി ഉൾപ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ അംഗങ്ങളായ കുട്ടികൾക്ക് അരിയും 8 ഇനം സാധനങ്ങളും ഉൾപ്പെട്ട ഭക്ഷ്യക്കിറ്റുകൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിതരണം ചെയ്തു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലെ വിഹിതമാണ് ഈ കിറ്റിൽ ഉണ്ടായിരുന്നത്.

ഈ അധ്യയനവർഷത്തിൽ സെപ്റ്റംബർ മുതൽ മാർച്ച് വരെ ബാക്കിയുള്ള മാസങ്ങളിലേക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു ഫെബ്രുവരി പകുതിയോടെയാണു സർക്കാർ ഉത്തരവിറങ്ങിയത്. എന്നാൽ ഇത് നടന്നില്ല. സപ്ലൈകോയിലെ പ്രശ്‌നങ്ങളായിരുന്നു ഇതിന് കാരണം. ഇതോടെ അരി മാത്രം സ്‌കൂളുകൾ വഴി വിതരണം ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ ഈ മാസം മാത്രം 5 മുതൽ 25 കിലോഗ്രാം വരെ അരി സ്‌കൂളിൽ നിന്ന് ഓരോ വിദ്യാർത്ഥിയുടെയും വീട്ടിലേക്ക് എത്തിക്കാൻ തീരുമാനിച്ചു.

ലോക്ഡൗൺ കാലത്തു നീല, വെള്ള കാർഡ് ഉടമകൾക്കു 10 കിലോഗ്രാം സ്‌പെഷൽ അരി 15 രൂപയ്ക്കു നൽകാൻ തീരുമാനിച്ചിരുന്നു. കിലോയ്ക്ക് 22.50 രൂപയ്ക്കു കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന അരിയാണു സബ്‌സിഡിയോടെ നൽകുന്നത്. എന്നാൽ, ഫണ്ട് കുറവെന്നു പറഞ്ഞ് നവംബറിൽ വിതരണം നിർത്തി. ഒടുവിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സ്‌പെഷൽ അരി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം സർക്കാർ ഫെബ്രുവരി ആദ്യവാരം നടത്തി.

ഇതിനായി 42,040 ടൺ അരി ഇ ലേലത്തിൽ എഫ്‌സിഐയിൽ നിന്നു വാങ്ങാൻ തീരുമാനിച്ചു. പണം അനുവദിക്കാൻ വൈകിയതോടെ അരി വാങ്ങാൻ വൈകുകയും ഈ മാസത്തെ റേഷൻ വിഹിതത്തിന്റെ അറിയിപ്പിൽ ഉൾപ്പെടുത്താൻ കഴിയാതെ വരികയും ചെയ്തു. ഈ അരിയാണ് ഇപ്പോൾ കൊടുക്കാൻ ശ്രമിക്കുന്നത്.