തിരുവനന്തപുരം: സ്വർണക്കടത്ത് മുതൽ സ്പിങ്‌ളറും, ആഴക്കടൽ മത്സ്യബന്ധന വിവാദവും വരെ ഒന്നാം പിണറായി സർക്കാരിനെ പൊറുതിമുട്ടിച്ചെങ്കിലും, തിരഞ്ഞെടുപ്പിൽ വിജയശ്രീലാളിതരായതിൽ സൗജന്യ കിറ്റ് വിതരണത്തിന് വലിയ പങ്കുണ്ട് എന്ന കാര്യം നിഷേധിക്കാനാവില്ല. സൗജന്യ കിറ്റ് വിതരണവും, കോവിഡ് വാക്‌സിനേഷനും, ചികിത്സയും എല്ലാം ജനങ്ങൾ രണ്ടുകൈയും നീട്ടി സ്വീകരിച്ചപ്പോൾ, പ്രതിപക്ഷത്തിനാണ് അടിപതറിയത്. അത് പഴങ്കഥ. എന്നാൽ, ഇപ്പോൾ കേൾക്കുന്നത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയ റേഷൻ വ്യാപാരികളുടെ ദുരിത കഥയാണ്.

റേഷൻവ്യാപാരികൾക്ക് ആകെ കിട്ടാനുള്ളത് 50.86 കോടി രൂപ. കോവിഡുകാലത്തും ഓണത്തിനുമായി വിതരണം ചെയ്ത കിറ്റിന്റെ 11 മാസത്തെ കമ്മീഷൻ കുടിശ്ശികയായി. ആദ്യം കിറ്റൊന്നിന് ഏഴുരൂപ നിരക്കിലായിരുന്നു കമ്മിഷൻ നിശ്ചയിച്ചിരുന്നത്. പിന്നീടത് അഞ്ചുരൂപയാക്കി ചുരുക്കി. 2020 ഏപ്രിൽ മുതൽ ആരംഭിച്ച കിറ്റ് വിതരണത്തിൽ ആദ്യത്തെ രണ്ടുമാസത്തെ കമ്മിഷൻ മാത്രമാണ് സംസ്ഥാന സർക്കാർ നൽകിയത്. അഞ്ചുരൂപ നിരക്കിൽ കമ്മിഷൻ കുടിശ്ശിക നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ട് ആറുമാസം പിന്നിട്ടിട്ടും സർക്കാർ നൽകിയില്ല. ഇതിനെതിരേ കോടതിയലക്ഷ്യ കേസ് നൽകിയിരിക്കുകയാണ് ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ.).

കോവിഡുകാലത്ത് പ്രവർത്തിച്ച ചുരുക്കം സ്ഥാപനങ്ങളിലൊന്ന് റേഷൻകടകളായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച റേഷൻവ്യാപാരികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാനോ റേഷൻ വ്യാപാരികളെ മുന്നണിപ്പോരാളികളായി പ്രഖ്യാപിക്കാനോ സർക്കാർ തയ്യാറായിട്ടില്ലെന്നും വിമർശനം ഉയരുന്നുണ്ട്. സംസ്ഥാനത്തെ 14,163 റേഷൻകടകളിലായി 92,48,110 കാർഡുകളാണുള്ളത്. ഇതുപ്രകാരം കമ്മീഷൻ കുടിശ്ശിക ഒരുമാസം തന്നെ 4.62 കോടി രൂപയോളം വരും.

റേഷൻവ്യാപാരികളോട് സർക്കാരിന്റെ നിലപാട് തിരുത്തണം. സ്വന്തം ജീവൻപോലും നോക്കാതെയാണ് കോവിഡുകാലത്ത് സർക്കാരിനൊപ്പം നിന്ന് പ്രവർത്തിച്ചത്. കിറ്റിന് ഏഴുരൂപ കമ്മിഷൻ കുറച്ച് അഞ്ചാക്കിയപ്പോഴും അത് അംഗീകരിച്ചു. കിറ്റ് സൂക്ഷിച്ച് വിതരണംചെയ്യുന്നതിന് വ്യാപാരികൾക്ക് വലിയ ചെലവുണ്ട്. തീരുമാനിച്ച കമ്മിഷൻ ഉടൻ തരാൻ തയ്യാറാകണമെന്ന് എ.കെ.ആർ.ആർ.ഡി.എ ജനറൽ സെക്രട്ടറി ടി.മുഹമ്മദ് അലി ആവശ്യപ്പെട്ടു.