ആലപ്പുഴ : ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാൻ കേരള സർക്കാരിന് കേന്ദ്രത്തിന്റെ അന്ത്യശാസനം. പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ അമാന്തം കാട്ടിയതോടെയാണ് അന്ത്യശാസനവുമായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം രംഗത്തെത്തിയത്.

നേരത്തെ ഓഗസ്റ്റ് മാസത്തിൽ പദ്ധതി നടപ്പിലാക്കാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ അവസാനമായി കേന്ദ്രം നൽകിയ ഒക്ടോബർ മാസത്തിലും പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്നാണ് സൂചന. പദ്ധതി വൈകിയതോടെ നിലവിൽ നൽകിവരുന്ന കേന്ദ്രവിഹിതത്തിൽനിന്നും മുപ്പതിനായിരം ടൺ അരി വെട്ടികുറയ്ക്കുകയും ചെയ്തു. ഇതോടെ കേരളത്തിൽ അന്നം മുട്ടുന്നത് 1.57 കോടി ജനങ്ങളുടെതാണ്.

കേരളത്തിൽ മുൻഗണനാപട്ടിക തയ്യാറാക്കുന്നതിലുള്ള കാലതാമസമാണ് പദ്ധതിക്ക് തടസമാകുന്നത്. അഞ്ചു വകുപ്പുകൾ ചേർന്ന് തയ്യാറാക്കേണ്ട പട്ടികയ്ക്ക് ഇതുവരെയും മുന്നൊരുക്കങ്ങൾ നടന്നിട്ടില്ല. ഭക്ഷ്യം, റവന്യു, ഗതാഗതം, തദ്ദേശം,ആരോഗ്യം എന്നീ വകുപ്പുകളുടെ മേധാവികൾ അടങ്ങുന്ന റാങ്കിങ് സമിതിക്കാണ് പട്ടിക തയ്യാറാക്കലിന്റെ ചുമതല. ബി പി എൽ പട്ടിക തയ്യാറായെങ്കിൽമാത്രമെ പദ്ധതി പൂർണ്ണമായും നടപ്പിലാക്കാൻ കഴിയുകയുള്ളുവെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഒക്ടോബറിലും പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്ന് വ്യക്തമായി.

അതേസമയം കേന്ദ്രം വെട്ടികുറച്ച അരി പുറത്ത് നിന്നും വാങ്ങി ജനങ്ങളിലെത്തിക്കാൻ 1200 കോടി രൂപ സർക്കാർ അധികമായി കണ്ടെത്തേണ്ട ഗതികേടാണുള്ളത്. കനത്ത സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് അധികപണം കണ്ടെത്തുക വിഷമകരം തന്നെ.നേരത്തെ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം പദ്ധതി നടപ്പിലാക്കാൻ ഓഗസ്റ്റ് വരെ സമയം അനുവദിച്ചിരുന്നു.എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും പദ്ധതി നടപ്പിലാക്കാൻ കഴിയാതിരുന്നതാണ് റേഷൻ വിഹിതം നഷ്ടപ്പെടാനിടയാക്കിയത്. സംസ്ഥാനത്ത് ഇപ്പോൾ മുപ്പത് ശതമാനം പേർക്ക് ഭക്ഷിക്കാനുള്ള അരി മാത്രമാണ് ഉൽപാദിപ്പിക്കപ്പെടുന്നത്.

ബാക്കി ഇതര സംസ്ഥാനങ്ങളിൽനിന്നും അധികവില നൽകിയാണ് വാങ്ങുന്നത്. പ്രധാനമായും പഞ്ചാബ്, തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് അരി എത്തുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം വിഹിതം വെട്ടികുറച്ചത്. ഇതോടെ പ്രതിസന്ധി നേരിടാൻ മുൻഗണനാ പട്ടികയിലുള്ള ബി പി എല്ലുക്കാർക്ക് ഇരുപത്തിയഞ്ച് കിലോ അരിയെന്നത് പതിനേഴായി കുറച്ചു. ഗോതമ്പിന്റെ അളവിലും മാറ്റം വരുത്തിയിട്ടുണ്ട്. പത്ത് കിലോയെന്നത് അഞ്ചായി ചുരുങ്ങിയിട്ടുണ്ട്. എ പി എൽ വിഭാഗം കാർഡുടമകൾക്കും വിഹിതത്തിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്.

ദേശീയ ആസൂത്രണ സമിതിയുടെ കണക്കിൽ കേരളത്തിൽ ഒന്നരകോടി ജനങ്ങൾക്കുമാത്രമാണ് റേഷൻ വിഹിതത്തിന് അർഹത. ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നതതോടെ അന്യ സംസ്ഥാന അരിലോബികൾ കേരളത്തിൽ ചുവടുറപ്പിക്കാനുള്ള കളമൊരുങ്ങുകയാണ്. നിലവിൽ വിവിധ ബ്രാൻഡുകളിൽ ലഭിക്കുന്ന അരികൾക്ക് മുപ്പത്തിയേഴ് രൂപയോളം വില നൽകേണ്ടിവരുന്നുണ്ട്. കാർഷിക മേഖലയിലെ പ്രതിസന്ധിയും കർഷക പ്രതിഷേധവും ശക്തമാകുമ്പോൾ കനത്ത വിലകയറ്റമായിരിക്കും ജനങ്ങൾ നേരിടേണ്ടി വരിക.