- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് വിതരണം ചെയ്ത സൗജന്യ ഭക്ഷ്യ കിറ്റുകളുടെ കുടിശ്ശിക റേഷൻ വ്യാപാരികൾക്ക് ഇനിയും നൽകിയില്ല; കുടിശികയുള്ള 11 കിറ്റുകളുടെ കമ്മിഷൻ മൂന്ന് ഘട്ടങ്ങളായി നൽകും; സർക്കാറിന്റെ സമാശ്വാസ നീക്കം ഓണക്കിറ്റ് നൽകാനുള്ള നടപടികൾ പുരോഗമിക്കവേ വ്യാപാരികളുടെ എതിർപ്പ് മറികടക്കാൻ
തിരുവനന്തപുരം: കോവിഡ് കാലത്തു സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതിനു റേഷൻ വ്യാപാരികൾക്കുള്ള നൽകാനുള്ള കമ്മീഷൻ കുടിശ്ശിക ഇനിയും നൽകാതെ സംസ്ഥാന സർക്കാർ. കാലം കുറേ കഴിഞ്ഞിട്ടും പണം ഇല്ലെന്ന കാരണം പറഞ്ഞാണ് ഇതുവരെ കുടിശ്ശിക നൽകാതിരുന്നത്. ഇപ്പോൾ വീണ്ടും ഓണക്കിറ്റ് നൽകാൻ സർക്കാർ ശ്രമിക്കവേ കുടിശ്ശിക ഭാഗികമായി നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
കുടിശികയുള്ള 11 കിറ്റുകളുടെ കമ്മിഷൻ 3 ഘട്ടങ്ങളായി നൽകാനാണു സർക്കാർ തലത്തിൽ ധാരണയായിരിക്കുന്നത്. ആദ്യഘട്ടത്തിലെ തുക നൽകാൻ മാത്രം 8 കോടിയിലേറെ രൂപ വേണ്ടി വരുമെന്നാണു സൂചന. മുഖ്യമന്ത്രിയും ധന, ഭക്ഷ്യ മന്ത്രിമാരുമായി ഈയാഴ്ച നടക്കുന്ന ചർച്ചയ്ക്കു ശേഷം അന്തിമ തീരുമാനമാകും. ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് ആകെ 13 തവണയായി 11 കോടി കിറ്റുകളാണു റേഷൻ കടകൾ വഴി നൽകിയത്.
ഒന്നാം സർക്കാരിന്റെ കാലത്ത് 10 തവണ കിറ്റ് നൽകി. 2020ൽ ആദ്യം നൽകിയ കിറ്റിന് 7 രൂപ കണക്കാക്കിയും തുടർന്ന് ഓണക്കിറ്റിന് 5 രൂപ വച്ചും വ്യാപാരികൾക്കു കമ്മിഷൻ നൽകി. 2021 മേയിൽ കിറ്റ് വിതരണത്തിനായി കമ്മിഷൻ ഉൾപ്പെടെ നൽകാൻ തുക അനുവദിച്ച് ഉത്തരവ് ഇറക്കിയെങ്കിലും പിന്നീട് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ, പണമില്ലെന്നു പറഞ്ഞു കമ്മിഷൻ നൽകിയില്ല.
അതിനിടെ റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിലേക്കുള്ള വിഹിതമായി റേഷൻ കാർഡ് ഉടമകളിൽ നിന്നു പ്രതിമാസം ഒരു രൂപ ഒരു വർഷത്തേക്കു പിരിക്കാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. ആകെ ഉള്ള 92 ലക്ഷം കാർഡ് ഉടമകളിൽ 6 ലക്ഷത്തോളം വരുന്ന നിർധനരായ അന്ത്യോദയ അന്നയോജന (എഎവൈ) കാർഡ് ഉടമകൾ ഒഴികെ ബാക്കിയുള്ളവരിൽനിന്നാകും തുക പിരിക്കുക.
മറുനാടന് മലയാളി ബ്യൂറോ