കോതമംഗലം: നാട്ടുകാർ തങ്ങളെയും തങ്ങളുടെ മക്കളേയും കള്ളനെന്നു വിളിക്കുന്ന കാലം വിദൂരത്തല്ലെന്നും ഈ വിപത്ത് ഒഴിവാക്കാൻ സർക്കാർ കനിയണമെന്നും റേഷൻ വ്യാപാരികൾ. ഒരു ക്വിന്റൽ പഞ്ചസാര വിറ്റഴിച്ചാൽ കമ്മീഷൻ ഇനത്തിൽ 15 രൂപയും അരിക്ക് 85 രൂപയുമാണ് കിട്ടുന്നത്. അരിക്കു കിട്ടുന്ന 85 രൂപയിൽ ഉടൻ ലഭിക്കുന്നത് 25 രൂപ മാത്രം. ബാക്കി 60 രൂപ എന്ന് ലഭിക്കുമെന്ന് കണ്ടറിയണമെന്നതാണ് നിലവിലെ സ്ഥിതി. മണ്ണെണ്ണക്ക് ലിറ്ററിന് 20 പൈസയാണ് കമ്മീഷൻ ലഭിക്കുക. ഈ നിരക്കുകൾ വച്ച് കണക്കുകൂട്ടുമ്പോൾ റേഷൻ കടകൾ നടത്തിക്കൊണ്ടുപോകാൻ വേറെ പണം കണ്ടെത്തണം.

ഇങ്ങനെയിരിക്കെ, വിൽപ്പനയ്ക്കായി നൽകുന്ന സാധനങ്ങളുടെ അളവിൽ പരിധിക്കപ്പുറം കുറവുകൂടിയാവുമ്പോൾ പിടിച്ചുനിൽക്കാൻ 'അഡ്ജസ്റ്റുമെന്റു'കളല്ലാതെ മറ്റു വഴികളില്ലെന്നാണ് റേഷൻ വ്യാപാരികളുടെ വാദം. ജില്ലാ സമ്മേളനം സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് മുൻ എം എൽ എ ജോണി നെല്ലൂർ നേതൃത്വം നൽകുന്ന ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പരിദേവനത്തിന്റെ കെട്ടഴിച്ചത്. റേഷൻ കടകളിൽ നിന്നും കാർഡ് ഉടമകൾക്ക് ലഭിക്കുന്നസാധനങ്ങൾ കൃത്യമായ തൂക്കമുണ്ടാവാറില്ലെന്നത് പകൽപോലെ സത്യമാണെന്നും ഇക്കാര്യത്തിൽ ഇതുവരെ തങ്ങൾ പിടിച്ചുനിൽക്കുന്നത് തങ്ങളുടെ കഷ്ടപ്പാടുകളറിയുന്ന രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും കാരുണ്യം കൊണ്ടു മാത്രമാണെന്നും സംഘടനാനേതാക്കൾ വ്യക്തമാക്കി. എവിടെയുമെന്നപോലെ തങ്ങൾക്കിടയിലും ചില പുഴുക്കുത്തുകളുണ്ടെന്നും അത്തരക്കാരെ മാറ്റി നിർത്തിയുള്ള വസ്തുതകളാണ് ഇവിടെ പങ്കുവയ്ക്കുന്നതെന്നും ഇവർ പറഞ്ഞു.

അരിയായാലും പഞ്ചസാരയായാലും ഒരു ക്വിന്റൽചാക്ക് റേഷൻ കടയിലെത്തുമ്പോൾ കയറ്റിറക്കും വാഹനക്കൂലിയുമായി 45 രൂപയോളം മുടക്കുവരും. മുറി വാടകയും വൈദ്യുതി ബില്ലുമുൾപ്പെടെ നല്ലൊരു തുക മറ്റു വഴിക്കും ചെലവാകും. ഇതിന് പുറമേ ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ കെട്ടിയേൽപ്പിക്കുന്ന രീതി നിലനിൽക്കുന്നതിനാൽ ചിലപ്പോൾ റേഷൻ വ്യാപാരിക്ക് നഷ്ടം പതിന്മടങ്ങാവാറുമുണ്ട്. ഇതേക്കുറിച്ച് അധികൃതരോട് പരാതി പറഞ്ഞാൽ പിന്നെ പ്രതികാര നടപടി ഉറപ്പാണ്. ഇതുകൂടാതെ ഉദ്യോഗസ്ഥരെ സന്തോഷിപ്പിച്ചു നിർത്താനും വഴി കണ്ടെത്തണം. ഈ നിലയിൽ ഏതെങ്കിലും സാഹചര്യത്തിൽ റേഷൻകടകൾ മക്കളെ ഏൽപ്പിച്ചാൽ അവരുടെമേലും കള്ളനും കരിഞ്ചന്തക്കാരനുമെന്ന' ബഹുമതി' നാട്ടുകാർ കൽപ്പിച്ചുനൽകുമെന്ന കാര്യത്തിൽ തർക്കമില്ല. മക്കളെ സ്‌നേഹിക്കുന്ന മാതാപിതാക്കളാരും ഇനിയുള്ള കാലത്ത് ഇത്തരം നീക്കത്തിന് തയ്യാറാവില്ലെന്നും ഈ ദുസ്ഥിതിയിൽനിന്നും തങ്ങൾക്കു മോചനമേകാൻ ഭരണകർത്താക്കൾ മനസുവയ്ക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

ഭക്ഷ്യവകുപ്പ് റേഷൻ സാധനങ്ങൾ വാങ്ങുന്നതിൽ വൻ ക്രമക്കേടുകൾ നടത്തുന്നുണ്ട് . ഗുണമേന്മയിൽ മെച്ചപ്പെട്ട നിലവാരം നിലനിർത്താൻ വകുപ്പിലെ ഉന്നതർ തയ്യാറാവുന്നില്ല. വർഷങ്ങൾക്ക് മുമ്പ് നിറപറയുടെ അരി വിതരണത്തിനായി നൽകി. ചോറിനു കയ്പാണെന്ന് ചൂണ്ടിക്കാട്ടി കാർഡ് ഉടമകൾ പരാതിയുമായെത്തി. ഇതോടെ ഈ അരി വിതരണം ചെയ്യില്ലെന്ന് തങ്ങൾ അധികൃതരെ അറിയിച്ചെന്നും ഗുണ്ടാനേതാക്കുടെ ഫോൺ വഴിയുള്ള വധഭീഷണിയായിരുന്നു ഇതിനു മറുപടിയായി ലഭിച്ചതെന്നും ഇക്കൂട്ടർ വെളിപ്പെടുത്തി.സംഘടന രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ട് അരനൂറ്റാണ്ടോളമെത്തി. ഇതിനിടയിൽ പലവട്ടം ഇതേ ആവശ്യമുന്നയിച്ച് പ്രക്ഷോഭ-സമര പരിപാടികൾ നടന്നു. ഇതേത്തുടർന്നാണ് ഇപ്പോഴത്തെ കമ്മീഷൻ വ്യവസ്ഥ അംഗീകരിച്ചുകിട്ടിയത്. നിലവിലെ വ്യവസ്ഥകൾ പ്രകാരം റേഷൻ വ്യാപാരിക്ക് അധികനാൾ റേഷൻകടകൾ അടച്ചിട്ട് സമരപരിപാടികളുമായി മുന്നോട്ടുപോകാനാവില്ല.സർക്കാരുമായി ഒപ്പുവച്ചിട്ടുള്ള കരാർ പ്രകാരം റേഷൻ കടകൾ നിശ്ചിതസമയത്ത് തുറന്നു പ്രവർത്തിപ്പിക്കാൻ ലൈസൻസികൾ ബാധ്യസ്ഥരാണ്. ഇല്ലാത്ത പക്ഷം ഇതിനുള്ള പിഴയും ശിക്ഷണനടപടിയും പിന്നാലെയുണ്ടാവും.

പണമുണ്ടാക്കാൻ മറ്റു തൊഴിലുകളുണ്ടെങ്കിലെ ലൈസൻസികൾക്ക് ഇപ്പോൾ റേഷൻകടകൾ നടത്തിക്കൊണ്ടുപോകാൻകഴിയു. സർക്കാരുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനമേഖലയെന്ന നിലയ്ക്കുള്ള അംഗീകാരം കണക്കിലെടുത്തുമാത്രമാണ് ഇപ്പോൾ ഭൂരിപക്ഷം ലൈസൻസികളും റേഷൻകടകൾ നിലനിർത്തിപോരുന്നത്. കേന്ദ്രഗവൺമെന്റിന്റെ ഭക്ഷ്യസുരക്ഷാ പദ്ധിയോട് റേഷൻ വ്യാപാരികൾക്ക് അനുകൂലമനോഭാവമാണുള്ളത്. ഇതിന്റെ ഭാഗമായുള്ള ഡോർ ഡെലിവറി സംവിധാനം ഏറെ സഹായകരമാണ്. ഇത് നടപ്പിലാക്കുമ്പോൾ തങ്ങൾക്ക് അർഹമായ പരിഗണന നൽകാൻ ഗവൺമെന്റ് തയ്യാറാവണം.ഒന്നുകിൽ ഞങ്ങളെ ജീവനക്കാരായി അംഗീകരിക്കണം. അല്ലെങ്കിൽ അർഹമായ വേതനം നൽകണം. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി വകുപ്പുമന്ത്രിയുൾപ്പെടെയുള്ളവർക്ക് വിശദമായ നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.

പതിമൂവായിരത്തോളം അംഗങ്ങളുള്ള റേഷൻ വ്യാപാരമേഖലയിലെ പ്രമുഖസംഘടനയാണ് ഇതെന്നും വിവിധ രാഷ്ട്രീയ കക്ഷികളിലുള്ളവരാണ് സംഘടനയുടെ അമരത്ത് പ്രവർത്തിക്കുന്നതെന്നും അതിനാൽ ഇരു മുന്നണിയുമായും സംഘടനക്ക് ഒരുനയം മാത്രമേയുള്ളുവെന്നും ഇവർ അവകാശപ്പെട്ടു. നവകേരള യാത്രയുമായി ബന്ധപ്പെട്ട് പിണറായി വിജയനും ജനരക്ഷായാത്രയുടെ തടക്കത്തിൽ വി എം സുധീരനും സംഘടനാ നേതൃത്വവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾ നേരിടുന്ന പ്രശ്‌നങ്ങൾ ആരാഞ്ഞിരുന്നു. ഇത് ശുഭലക്ഷണമാണ്, സന്തോഷവുമുണ്ട്. വരും നാളുകളിലെങ്കിലും കള്ളന്മാരെന്ന ദുഷ്‌പേര് മാറുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങളെത്തണം. മറ്റൊന്നും ഞങ്ങൾക്ക് വേണ്ടാ. തങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ പണ്ടുമുതലേ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ പരിഹരിക്കുകയാണ് സംഘടനാരംഗത്തെ പ്രശ്‌നങ്ങൾ പങ്കുവച്ചതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിനായി മാദ്ധ്യമങ്ങൾ സഹകരിക്കണമെന്നുമുള്ള അഭ്യർത്ഥനയോടെയാണ് സംഘടനാനേതാക്കൾ വാർത്ത സമ്മേളനം അവസാനിപ്പിച്ചത്.