- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മാസം മുമ്പ് മരിച്ചയാൾ വന്നു; റേഷനും വാങ്ങിപ്പോയി; കട മുതലാളി മാത്രമേ കണ്ടുള്ളൂ; വണ്ടന്മേട്ടിൽ മരിച്ചയാളുടെ റേഷൻ മറിച്ചു വിറ്റ റേഷൻ വ്യാപാരിയെ സംരക്ഷിച്ച് അധികൃതർ: പരാതിയുമായി സാമൂഹിക പ്രവർത്തകൻ അജോ കുറ്റിക്കൻ
ഇടുക്കി: ഒരു മാസം മുൻപ് മരിച്ചയാൾ റേഷൻ വാങ്ങാൻ വേണ്ടി മാത്രം പരലോകത്ത് നിന്ന് വണ്ടന്മേട്ടിലെ കടയിൽ വന്നു. പച്ചരിയും കുത്തരിയും മൂന്നു കവർ ആട്ടയും മണ്ണെണ്ണയുമൊക്കെ വാങ്ങി വന്ന വണ്ടിക്ക് തന്നെ മടങ്ങിപ്പോയി. കേട്ടു ഞെട്ടണ്ട. സിവിൽ സപ്ലൈസ് വകുപ്പ് എന്തൊക്കെ ആധുനിക സംവിധാനങ്ങൾ കൊണ്ടു വന്നാലും അതൊന്നും തട്ടിപ്പു നടത്തുന്നതിന് റേഷൻ വ്യാപാരികൾക്ക് തടസമാകുന്നില്ല എന്ന് തെളിയിക്കുന്നതാണ് സംഭവം. അണക്കര നെറ്റിത്തൊഴു ആനക്കണ്ടം പുതുപ്പറമ്പിൽ ബേബി മാത്യുവാണ് മരിച്ച് രണ്ടു മാസം കഴിഞ്ഞപ്പോൾ റേഷൻ കടയിലെ രേഖകൾ പ്രകാരം റേഷൻ വാങ്ങിക്കൊണ്ടു പോയിരിക്കുന്നത്.
1630070509ാം നമ്പർ എ.എ.വൈ റേഷൻ കാർഡിൽ ബേബി മാത്യുവും മാതാവ് മറിയാമ്മ മാത്യുവുമാണ് ഉൾപ്പെട്ടിരുന്നത്. മറിയാമ്മ രണ്ടു വർഷത്തിനു മുമ്പും ഭിന്നശേഷിക്കാരനായ ബേബി മാത്യു കഴിഞ്ഞ ജൂൺ 24 നും മരിച്ചു. ബേബി മാത്യു സ്ഥിരമായി റേഷൻ വാങ്ങിയിരുന്നത് വണ്ടന്മേട് റേഷനിങ് ഫർക്കയിലെ എ.ആർ.ഡി 217-ാം നമ്പർ കടയിൽ നിന്നുമായിരുന്നു. ജൂൺ 24 ന് മരണപ്പെട്ട ബേബി മാത്യു ജൂലൈ 28 ന് കടയിലെത്തി റേഷൻ വാങ്ങിയതായിട്ടാണ് രേഖ.
കോവിഡ് കാരണം ബയോമെട്രിക് ഒഴിവാക്കി വ്യാജരേഖ ചമച്ച് മാനുവലായി സാധനങ്ങൾ കട ഉടമ തട്ടിയെടുക്കുകയും കരിഞ്ചന്തയിൽ മറിച്ച് വില്പന നടത്തുകയുമായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകനും ആർവൈഎഫ് നേതാവുമായ അജോ കുറ്റിക്കൻ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം അധികാര കേന്ദ്രങ്ങളിൽ പരാതിയും നൽകിയിട്ടുണ്ട്.
ബേബിമാത്യു മരിച്ച വിവരം അടുത്ത ദിവസം തന്നെ സഹോദരൻ രാജു മാത്യു റേഷൻ കടയിൽ അറിയിച്ചിരുന്നു. തട്ടിപ്പ് നടന്നതായി സംശയം വന്നതോടെ വിവരം വണ്ടന്മേട് റേഷനിങ് ഇൻസ്പെക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ ഈ ഉദ്യോഗസ്ഥൻ തട്ടിപ്പ് നടത്തിയ റേഷൻ വ്യാപാരിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് അജോ നൽകിയ പരാതിയിൽ പറയുന്നു. 217ാം നമ്പർ റേഷൻ കടയിൽ വ്യാപക ക്രമക്കേടുകളാണ് നടന്നു വരുന്നത്.
2009-10 കാലയളവിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ റേഷൻ കട ലീസ് വ്യവസ്ഥയിൽ നടത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യുകയും നാലു കിലോ മീറ്റർ അകലെ കൊച്ചറ പാലാക്കണ്ടത്ത് പ്രവർത്തിക്കുന്ന എ.ആർ.ഡി 74 ാം നമ്പർ കടയിൽ അറ്റാച്ച് ചെയ്യുകയും ചെയ്തു.
സസ്പെൻഡ് ചെയ്യപ്പെട്ട സമയത്ത് കടയിലെ സെയിസ്മാനായിരുന്ന വെങ്കിടിക്ക് നിയമ പ്രകാരം തുടരാൻ കഴിയാത്തതിനാൽ ഇയാളുടെ ഭാര്യയെ 217 ാം നമ്പർ കടയിലെ സെയിസ്ഗേളാക്കുകയും വെങ്കിടി വണ്ടന്മേടിന് സമീപം കുപ്പക്കല്ലിലെ എ.ആർ.ഡി 208 ാം നമ്പർ റേഷൻ റേഷൻ കട ലീസിന് എടുത്ത് നടത്തുകയും ചെയ്തു. രണ്ടു കടകളും കേന്ദ്രീകരിച്ച് തട്ടിപ്പ് നടന്നതായി അജോയുടെ പരാതിയിൽ പറയുന്നു.
217ാം നമ്പർ കട സസ്പെൻഡ് ചെയ്തപ്പോൾ ഈ കടയുടെ 50 മീറ്റർ മാത്രം ദൂരെ 67 ാം നമ്പർ റേഷൻ കട പ്രവർത്തിക്കുന്നുണ്ടെങ്കിലും നാലു കിലോമീറ്റർ മാറി കൊച്ചറ പാലാക്കണ്ടത്ത് പ്രവർത്തിക്കുന്ന വെങ്കിടിയുടെ ഇഷ്ടക്കാരന്റെ കടയിൽ അറ്റാച്ച് ചെയ്യിക്കുകയായിരുന്നു. അന്നത്തെ സപ്ലൈ ഓഫീസറുടെ പ്രത്യേക താല്പര്യമെടുത്തായിരുന്നു ഈ നടപടി. മരണപ്പെട്ട ആളുടെ 1630070509ാം നമ്പർ എ.എ.വൈ റേഷൻ കാർഡിൽ നിന്നും റേഷൻ സാധനങ്ങൾ തട്ടിയതാണ് ഒടുവിലെ സംഭവം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്