കുവൈത്ത് സിറ്റി: പ്രവാസികൾക്ക് റേഷൻകാർഡ്  പുതുക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്ന് പ്രവാസികാര്യമന്ത്രി കെ.സി.ജോസഫ്. പ്രവാസി സംഘടനാ പ്രതിനിധികളുമായി നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻട്രൻസ് പരീക്ഷാകേന്ദ്രം കുവൈത്തിൽ ആരംഭിക്കുന്നതിന് വിദ്യാഭ്യാസമന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലെ നിതാഖാത് കാലയളവിൽ പ്രഖ്യാപിച്ച പുനരധിവാസപദ്ധതി വേണ്ടത്ര ഫലംചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ബാങ്കുമായി ബന്ധപ്പെടുത്തിയ വായ്പാരീതിയായതാകാം കാരണമെന്നാണ് കരുതുന്നത്. പുനരധിവാസപദ്ധതിയിൽ നവീകരണം ആലോചിക്കുന്നുണ്ട്. കേരളത്തിന്റേതുമാത്രമായി എംബസികളിൽ നിയമസഹായ സംവിധാനം ഏർപ്പെടുത്താൻ നിയമം അനുവദിക്കുന്നില്ലെന്നും കെ.സി.ജോസഫ് പറഞ്ഞു.

ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ, ഡിസിഎം സുഭാഷിസ് ഗോൾഡർ, കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗങ്ങളായ വർഗീസ് പുതുക്കുളങ്ങര, ഷറഫുദ്ദീൻ കണ്ണേത്ത് എന്നിവർ പ്രസംഗിച്ചു. പുനരധിവാസം തൊട്ട് പൊലീസ് ക്ലിയറൻസ് സർടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രയാസംവരെ നിരവധി പ്രശ്‌നങ്ങളാണ് മന്ത്രിക്കു മുൻപിൽ സംഘടനാപ്രതിനിധികൾ ഉന്നയിച്ചത്.