കിളിമാനൂർ: ക്രിസ്മസ്-പുതുവൽസ ബമ്പറിൽ ഭാഗ്യ ദേവത അനുഗ്രഹിച്ചത് തിരുവനന്തപുരത്ത് കിളിമാനൂരിനടുത്തുള്ള നഗരൂരിലെ കോൺഗ്രസ് നേതാവ് ബി.രത്നാകരൻപിള്ളയെ. ആറു കോടിയാണ് ബംബറിലൂടെ രത്‌നാകരൻ പിള്ളയ്ക്ക് അടിച്ചത്. നികുതി പോയി മൂന്നരക്കോടി കൈയിൽ കിട്ടും.

കേരള സർക്കാരിന്റെ സുവർണ ജൂബിലി ക്രിസ്മസ്-പുതുവത്സര ബമ്പറാണ് നഗരൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗംകൂടിയായ കീഴ്പേരൂർ രാജേഷ് ഭവനിൽ ബി.രത്നാകരൻ പിള്ളയ്ക്കു ലഭിച്ചത്. എൽ.ഇ. 261550 എന്ന നമ്പരിലെ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് എസ്.ബി.ഐ.യുടെ പോങ്ങനാട് ശാഖയിൽ ഏൽപ്പിച്ചു.

വെഞ്ഞാറമൂട് പുല്ലമ്പാറ ജറാർ ലക്കി സെന്ററിൽനിന്നു വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രത്നാകരൻപിള്ള രണ്ടുതവണ കീഴ്പേരൂർ വാർഡിന്റെ പ്രതിനിധിയായിരുന്നു. ഇരുപത് ദിവസം മുൻപ് തുമ്പോട് കൃഷ്ണൻകുന്നിനു സമീപത്തുെവച്ചാണ് ടിക്കറ്റെടുത്തത്്. മുച്ചക്ര സൈക്കിളിൽ കൊണ്ടുവന്ന വിതരണക്കാരനിൽനിന്നാണ് ടിക്കറ്റെടുത്തത്. മുൻപ് പലതവണ ടിക്കറ്റെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നത്.

സമ്മാനത്തുക ഉപയോഗിച്ച് കുറച്ചു കടമുള്ളതു വീട്ടണം. താൻ താമസിക്കുന്ന രണ്ടാം വാർഡിലെ ഭൂമിയില്ലാത്തവർക്ക് മൂന്ന് സെന്റ് സ്ഥലം വാങ്ങി നൽകണമെന്ന ആഗ്രഹമുള്ളതായും അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തനത്തിനിടയിൽ നിർദ്ധനരായ ധാരാളം പേരെ സഹായിച്ചിട്ടുണ്ട്. അതിനിയും തുടരും. ഭാഗ്യം കടാക്ഷിച്ചെങ്കിലും ഇനിയും പൊതുപ്രവർത്തനരംഗത്തു തുടരുമെന്ന് രത്നാകരൻ പിള്ള പറഞ്ഞു.

ബേബിയാണ് രത്നാകരൻ പിള്ളയുടെ ഭാര്യ. ഷിബു, രാജേഷ്, രാജീവ്, രാജി, രജീഷ് എന്നിവരാണു മക്കൾ. ഇളയ മകന്റെ വിവാഹം നടക്കാനുണ്ട്. പ്രതീക്ഷിക്കാതെ വന്ന ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. കൃഷ്ണൻകുന്നിൽ കൃഷ്ണ സോമിൽ എന്ന പേരിൽ ഒരു തടിമില്ല് നടത്തിയാണ് ഇദ്ദേഹം ഉപജീവനം നടത്തുന്നത്.