കാമിൽ ബുൽക്കെ മുതൽ എ.കെ. രാമാനുജൻ വരെയുള്ളവർ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, 'രാമായണ'ത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രസ്വഭാവങ്ങൾ രണ്ടാണ്. ഒന്ന്, നൂറുകണക്കിനു രാമകഥകൾ ഇന്ത്യയിലും ഇതരദേശങ്ങളിലും സഹസ്രാബ്ദങ്ങളായി പ്രചാരത്തിലുണ്ട്. അഥവാ ഏറ്റവും ജനപ്രീതിയും പാഠാന്തരങ്ങളുമുള്ള ഇന്ത്യൻ കഥാപാരമ്പര്യത്തിന്റെ പേരാണ് രാമായണം. രണ്ട്, എ.ഡി. പതിനഞ്ചാം നൂറ്റാണ്ടിനു ശേഷമുണ്ടായ ആധുനികഭാഷകളിലെ രാമായണങ്ങൾ 'രാമകഥ'കളല്ല, 'രാമഭക്തിസാഹിത്യ'മാണ്. ഈ സ്വഭാവങ്ങൾ രണ്ടും തമ്മിൽ രൂപംകൊണ്ട ചരിത്രപരവും സാമൂഹികവുമായ ഏറ്റവും വലിയ വ്യത്യാസമാകട്ടെ, രാമന്റെ ദൈവപദവി സംബന്ധിച്ചുള്ളതുമാണ്. സമാന്തരമായി സംഭവിക്കുന്ന ഒന്നാണ് രാവണന്റെ പിശാചവൽക്കരണവും -അസുരൻ, രാക്ഷസൻ എന്നിങ്ങനെ.

ആധുനിക കാലത്തെ രാമായണപാഠങ്ങളിൽ നിലനിൽക്കുന്ന രാമ-രാവണ ബിംബദ്വന്ദ്വം, സുര-അസുര വംശവൈരുധ്യത്തെ മാത്രമല്ല, മതം, ജാതി, വർണം, വർഗം, ദേശം, ഗോത്രം തുടങ്ങിയ സാമൂഹ്യതലങ്ങളിലും നന്മ-തന്മ, ആധ്യാത്മികത-ഭൗതികത, ധർമം-അധർമം, നീതി-അനീതി തുടങ്ങിയ മൂല്യമണ്ഡലങ്ങളിലും രൂപംകൊണ്ട വിപരീത ദ്വന്ദ്വങ്ങളുടെ മുഴുവൻ വൈരുധ്യങ്ങളെയും മൂർത്തവൽക്കരിക്കുന്നവയാണ്.

മഹാത്മാഗാന്ധിയുടെ നിരീക്ഷണങ്ങൾ മുതൽ ഈ കുറിപ്പെഴുതുന്ന ദിവസത്തെ (22.11.15) ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിൽ യോഗി അശ്വിനിയെന്ന ആശ്രമമേധാവി എഴുതിയ 'സുര-അസുര സമന്വയ'മെന്ന പംക്തിവരെയുള്ളവ ഈ ആധുനിക പൊതുബോധത്തിന്റെ ജനപ്രിയവെളിപാടുകളാണ്. ആനന്ദ് നീലകണ്ഠന്റെ നോവൽ ഈ പൊതുബോധത്തിനെതിരെ എഴുതപ്പെട്ട രാമായണത്തിന്റെ തന്നെ പ്രതിപാഠമാണ്. (അതേസമയം, ആനന്ദ് സഹകരിക്കുന്ന 'സിയാ കെ റാം' എന്ന സ്റ്റാർപ്ലസ് പരമ്പരയും പരമ്പരാഗത രാമായണപാഠംതന്നെയാണ് പുനഃസൃഷ്ടിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട് - 2015 നവം. 25ന്റെ The Hindu ദിനപത്രത്തിൽ അനുരാധാരാമൻ എഴുതിയ ലേഖനം കാണുക.)

'Asura : Tale of the Vanquished' എന്ന ആനന്ദിന്റെ നോവലിന് എൻ. ശ്രീകുമാർ നടത്തിയ അസാധാരണമാംവിധം കലാമികവുള്ള വിവർത്തനമാണ് 'രാവണൻ: പരാജിതരുടെ ഗാഥ'. 2012 ലാണ് ആനന്ദിന്റെ നോവൽപ്രസിദ്ധീകരിച്ചത്. ഒരാഴ്ചക്കുള്ളിൽ ബെസ്റ്റ് സെല്ലറായി മാറി, അസുരൻ. രാവണന്റെ അതിദീർഘമായ ആസന്ന മരണചിന്തകളാവിഷ്‌ക്കരിക്കുന്ന വിസ്തൃതമായ ബോധാരാ നോവൽ. വാൽമീകി രാമായണത്തെ പരക്കെ പിന്തുടരുമ്പോഴും രാവണന്റെ സ്വത്വസംഘർഷങ്ങൾ നാടകീയമാക്കാൻ കഴിയുന്ന പുരാണപാഠങ്ങൾ പലതും ആനന്ദ് സ്വാംശീകരിക്കുന്നു. സീത രാവണന്റെ പുത്രിയാണെന്ന പാഠാന്തരമുൾപ്പെടെ. രാമനുമായുള്ള യുദ്ധത്തിന്റെ അവസാനം പടക്കളത്തിൽ മുറിവേറ്റുവീണ രാവണന്റെ അവസാന മണിക്കൂറുകളിലെ ഓർമകളും സ്മൃതികളുമായാണ് നോവലിന്റെ ആഖ്യാനം. ഒപ്പം, രാവണന്റെ ഭൃത്യനും ദൂതനുമായ ഭദ്രന്റെ ആത്മഭാഷണങ്ങളും.

ആർ.കെ. നാരായനും സൽമാൻ റുഷ്ദിയും അരുന്ധതി റോയിയും പ്രതിനിധാനം ചെയ്യുന്ന ഇന്ത്യൻ ഇംഗ്ലീഷ് നോവലിന്റെ മൂന്നു ഘട്ടങ്ങളുടെയും സ്വരമല്ല ആനന്ദിന്റെ രചനക്കുള്ളത്. ചേതൻ ഭഗത് ഉൾപ്പെടെയുള്ള ജനപ്രിയ സാമൂഹ്യനോവലിസ്റ്റുകളുടെ നിരയിലുമല്ല ആനന്ദ്. വിക്രം സേത്തിന്റെയും ശശിതരൂരിന്റെയും ബൃഹദ്‌രചനകളോടാണ് ആഖ്യാനതലത്തിൽ ആനന്ദിന്റെ കൃതിക്കു സമാനതകളുള്ളത് എന്നു തോന്നാം. എങ്കിലും അവയെക്കാളധികം ഈ നോവൽ ബന്ധപ്പെട്ടിരിക്കുന്നത് അമീഷ് ത്രിപാഠി ഉൾപ്പെടെയുള്ളവർ സൃഷ്ടിച്ച ഇന്ത്യൻ മിഥോളജിയുടെ ആധുനികാനന്തര സാഹിതീയ പുനരാഖ്യാനങ്ങളോടും ഏക്താകപൂറിനെപ്പോലുള്ളവരുടെ ടെലിവിഷൻ പുരാണങ്ങളോടുമാണ്. അതേസമയംതന്നെ ഈ പറഞ്ഞ എല്ലാ വിഭാഗം രചനകളിൽനിന്നും 'രാവണൻ' വേറിട്ടുനിൽക്കുന്നത് നാളിതുവരെ എഴുതപ്പെട്ട രാമായണപാഠങ്ങളോട് പുലർത്തുന്ന ചരിത്രപരവും വീക്ഷണപരവും മൂല്യപരവും ആഖ്യാനപരവുമായ വ്യതിരിക്തത കൊണ്ടാണ്.


മുഖ്യമായും മൂന്നുതലങ്ങളിൽ വിശദീകരിക്കാൻ കഴിയും 'രാവണ'ന്റെ ഈ ഭിന്നരാഷ്ട്രീയത്തെ. ഒന്ന്, മിഥോളജിയിലും മതാത്മകതയിലും നിലനിൽക്കുന്ന രാമ-രാവണ പുരാണത്തെ അടിമുടി മാനുഷികീകരിക്കുന്നു, ഈ നോവൽ. രണ്ട്, ദേവ-അസുര വീരഗാഥകളെ വംശ, ഗോത്രയുദ്ധങ്ങളുടെ ചരിത്രപരതയിലേക്ക് ഈ കൃതി പരാവർത്തനം ചെയ്യുന്നു. മൂന്ന്, രാവണൻ ബ്രാഹ്മണ്യത്തിനും വേദാധികാരത്തിനും അതുവഴി ഇന്ത്യൻ വർണ, ജാതി വ്യവസ്ഥകൾക്കെതിരെ നടത്തുന്ന വിപ്ലവകരമായ ചെറുത്തുനിൽപ്പുകളുടെ ഇതിഹാസമായി മാറുന്നു, ഈ നോവൽ.

അത്യന്തം നാടകീയവും വൈകാരികവുമാണ്, 'രാവണ'ന്റെ ആഖ്യാനകല. നിക്കോസ് കസാൻദ് സാക്കീസിന്റെ 'The Last Tempatation of Christ'ൽ കുരിശുമരണത്തിനു മുൻപുള്ള മൂന്നുമണിക്കൂറിൽ ക്രിസ്തുവിന്റെ ആത്മാവ് നടത്തുന്ന ഭൂതകാലസഞ്ചാരം ആഖ്യാനത്തിന്റെ രക്തഭൂപടം നിവർത്തുന്നതിനു സമാനമാണ് 'രാവണ'ന്റെയും കഥനകല. കബന്ധങ്ങൾക്കും ജീവച്ഛവങ്ങൾക്കുമിടയിൽ കുറുനരിയും കഴുകന്മാരും പെരുച്ചാഴികളും വിരുന്നുണ്ണുന്ന രാത്രിയിൽ ആസന്നമായ മരണത്തിന്റെ നിഴലിൽ രാവണന്റെ ഓർമകളും ചിന്തകളും സങ്കടങ്ങളും നിരാശകളും ദുഃഖങ്ങളും വെറികളും കൊതികളും കെറുവുകളും നടത്തുന്ന ലോകാന്തരസഞ്ചാരമാണ് ഈ നോവലിന്റെ സിംഹഭാഗവും. ഇടയ്ക്ക്, കഥയെയും ആഖ്യാനത്തെയും ചരിത്രത്തെയും പൂരിപ്പിക്കുന്ന ഭദ്രന്റെ ദൃക്‌സാക്ഷിത്വവും പ്രതിപക്ഷസ്വരവും.

ദേവ-അസുര വംശങ്ങളുടെയും യുദ്ധങ്ങളുടെയും അതീത ഭൂതകാലത്തേക്കല്ല ആനന്ദിന്റെ ഭാവന സഞ്ചരിക്കുന്നത്. ആര്യാധിനിവേശത്തിന്റെയും ആര്യ-ദ്രാവിഡ സംഘർഷത്തിന്റെയും ചരിത്രഭൂപടത്തിലാണ് നോവലിന്റെ നില. മധ്യേഷ്യയിൽ നിന്നെത്തി ഭാരതഖണ്ഡത്തിൽ നേടിയ ബൗദ്ധികവും സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യങ്ങളുടെ ചരിത്രസന്ധിയിൽ നിന്നാണ് സുരവംശം ഭാരതദേശത്തെ ആദിമനിവാസികളായ അസുരന്മാർക്കെതിരെയുള്ള കടന്നാക്രമണത്തിനു തുടക്കമിടുന്നത്. മുസിരിസ് കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ധർമനിഷ്ഠനും നീതിമാനുമായ മഹാബലിയെന്ന അസുരചക്രവർത്തി ദേവ•ാർക്കുമേൽ നേടിയ ഐതിഹാസിക വിജയത്തിന്റെ കാലാന്തരാവർത്തനമായിരുന്നു രാവണന്റേത്. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം പട്ടിണികിടന്നും നാടുതെണ്ടിയും മാത്രമല്ല, രാജ്യംഭരിച്ച അർധസഹോദരൻ കുബേരനാൽ തടവിലാക്കപ്പെട്ടും വലഞ്ഞ ബാല്യകൗമാരങ്ങളായിരുന്നു രാവണന്റേത്. കാലപരിക്രമണത്തിൽ കുബേരനെ തുരത്തി രാവണൻ ലങ്കയുടെ ചക്രവർത്തിയായി.

രാവണന്റെ രാജ്യത്ത് ജാതിയോ മതമോ വർണമോ വിവേചനമോ ഉണ്ടായിരുന്നില്ല. അയാൾതന്നെയും ദൈവവിശ്വാസിയോ കർമവാദിയോ പുനർജന്മ ഭീരുവോ ആയിരുന്നില്ല. വേദങ്ങളും ബ്രാഹ്മണങ്ങളുമായി ജനതയെ വർണ, ജാതിവ്യവസ്ഥയ്ക്കുള്ളിൽ തളച്ചിട്ട് അടിമകളാക്കിയ ബ്രാഹ്മണർ ദേവവംശത്തിന്റെ സൃഷ്ടിയായിരുന്നു. സ്വന്തം പിതാവ് ബ്രാഹ്മണനായിരുന്നിട്ടും രാവണനും സഹോദരങ്ങളും എക്കാലത്തും ശൂദ്രജാതികളായിരുന്നു. എങ്കിലും രാവണൻ അസുരവംശത്തിന്റെ കൊടിക്കൂറ പാറിച്ച കാലത്തുതന്നെ വിഭീഷണൻവഴി ബ്രാഹ്മണരും ബ്രാഹ്മണ്യവും ലങ്കയിൽ നുഴഞ്ഞുകയറി. തന്റെ കാമാതുരതകളിലും വീരസാഹസങ്ങളിലും പടയോട്ടങ്ങളിലും വിജയപരാജയങ്ങളിലും വെറും മനുഷ്യന്റെ തിമിർപ്പോടെ രാവണൻ ജീവിച്ചു.

ബലാൽക്കാരങ്ങളും ഹിംസകളും ബ്രാഹ്മണനിന്ദയും അയാൾക്കു ഹരമായി. സ്വന്തം അച്ഛനമ്മമാരെയും സഹോദരിയെയും അയാൾ കൊട്ടാരത്തിൽ നിന്നാട്ടിപ്പായിച്ചു. സഹോദരങ്ങളെ ക്രൂരപീഡനത്തിനിരയാക്കി. സഹോദരീഭർത്താവിനെപ്പോലും നിഷ്ഠൂരമായി വധിച്ചു. വേദവതിയെന്ന ദേവകന്യകയെ ബലാത്സംഗം ചെയ്തു. മണ്ഡോദരിയിലുണ്ടായ പെൺകുഞ്ഞ് ലങ്കയുടെ നാശത്തിനിടയാക്കുമെന്ന പ്രവചനം അയാൾ ചെവിക്കൊണ്ടതേയില്ല. കാർത്തവീര്യാർജ്ജുനൻ, യമൻ, ബാലി, വിദ്യുജ്ജിഹ്വൻ, വരുണൻ, രാമൻ.... രാവണന്റെ യുദ്ധങ്ങൾക്കതിരുണ്ടായിരുന്നില്ല. ലങ്കയിൽ മാനുഷികമായ എല്ലാ ജീവിതാനുഭവങ്ങളിലും മതിമറന്നു പങ്കുചേർന്ന വർഷങ്ങൾ. സീതാസ്വയംവരം, സീതാപഹരണം, ഹനുമാന്റെ ലങ്കാദഹനം-ഓരോന്നും രാവണന്റെ ജീവിതത്തെ തലകീഴ്മറിച്ചു. ഒടുവിൽ രാമലക്ഷ്മണന്മാരുടെയും വാനരസേനയുടെയും വരവായി. ആദ്യം മാരീചൻ. പിന്നെ മാല്യവാൻ, രുദ്രകൻ, വജ്രദംഷ്ട്രൻ, പ്രഹസ്തൻ, പിന്നെ സഹോദരൻ കുംഭകർണനും മക്കളായ മേഘനാദനും അതികായനും....ഓരോരുത്തരായി രാവണനെ വിട്ടുപോയി. മണ്ഡോദരിയെ അംഗദനും കൂട്ടരും ബലാൽ പ്രാപിച്ചു. അവൾ ആത്മഹത്യചെയ്തു. കാലം രാവണനായി ഒന്നും ബാക്കിവച്ചിരുന്നില്ല.

ഇരുന്നൂറിലധികം പുറങ്ങളുണ്ട് ഈ നോവലിലെ രാമ-രാവണ യുദ്ധവിവരണം. രാവണന്റെയും ഭദ്രന്റെയും കാഴ്ചയിൽതന്നെ. അഹന്തകളും ആത്മവിശ്വാസങ്ങളും രാവണന്റെ ആയുസ്സുകാത്തില്ല. കണക്കുതീർക്കാൻ ബാക്കിവച്ച കടങ്ങൾ അയാളുടെ ജീവിതത്തിനു വിലപറഞ്ഞു. ശിരഛേദം. രാവണനുശേഷം ലങ്കവിട്ടുപോയ ഭദ്രൻ അയോധ്യയിലെത്തി, സീതയുടെയും രാമന്റെയും ലക്ഷ്മണന്റെയും അപമൃത്യുകൂടി തന്റെ കഥപറച്ചിലിൽ കൂട്ടിച്ചേർക്കുന്നു. പിന്നീട് അയാൾ തന്റെ സ്വദേശമായ പെരിയാറിന്റെ കരയിലെത്തി. അപ്പോഴേക്കും അവിടെ ജാതിഭ്രാന്തിന്റെ തേരോട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു.

രാവണനെക്കുറിച്ചുള്ള ഇത്തരമൊരാഖ്യാനത്തിന്റെ രാഷ്ട്രീയമെന്താണ്? നോവലിലുടനീളം മൂന്നു സൂചനകൾ തുറന്നിടുന്നുണ്ട്, ആനന്ദ് നീലകണ്ഠൻ. ഒന്നാമത്തേത്, ചരിത്രത്തിൽ പരാജിതരുടെ സ്ഥാനം എവിടെയാണ് എന്ന ചോദ്യത്തിൽ നിന്നാണ്. ചരിത്രം എപ്പോഴും വിജയികളുടേതാണ് എന്ന യാഥാർഥ്യം രാവണൻ തിരിച്ചറിയുന്നുണ്ട്. തന്റെ ജീവിതം ഒരു പരാജയമായിരുന്നോ എന്ന് രാവണൻ തന്നോടുതന്നെ ചോദിക്കുന്ന ഒരധ്യായം ഈ നോവലിലുണ്ട് (ലങ്കാലക്ഷ്മി ഓർമിക്കുക). അതിലദ്ദേഹം പറയുന്നു: 'യുദ്ധത്തിലെ വിജയി സകലതും കൈവശപ്പെടുത്തും - പ്രശസ്തി, പണം, അധികാരം എല്ലാം. വിജയിക്കുന്നതാരുതന്നെയായാലും അവനായിരിക്കും സത്യം, അവനായിരിക്കും സത്യമെന്നു വിളിക്കപ്പെടാൻ പോകുന്നത്. വിജയിയെക്കുറിച്ച് വൈതാളികന്മാർ സ്തുതിഗീതങ്ങൾ ചമയ്ക്കും. കാലം പിന്നിടുന്നതനുസരിച്ച് പുരാവൃത്തങ്ങൾ പെരുകും. വിജയം കൊയ്ത വ്യക്തി സദ്ഗുണങ്ങളുടെ ഉത്കൃഷ്ടമാതൃകയും ഉത്തമപുരുഷനുമാകും. എല്ലാ മനുഷ്യരെയും മാതിരി അദ്ദേഹവും ജീവിതത്തിൽ പല സത്കർമങ്ങളും ദുഷ്പ്രവൃത്തികളും ചെയ്‌തെന്നിരിക്കും.

പക്ഷേ, ലോകപ്രകൃതമനുസരിച്ച് വിജയിയുടെ സത്പ്രവൃത്തികളൊക്കെയും വലിച്ചുനീട്ടിയും അതിശയോക്തി കലർത്തിയും പെരുപ്പിച്ചു പറയും; ദുഷ്പ്രവൃത്തികളാവട്ടെ ഓർമയിൽനിന്നു മായ്ച്ചുകളയും. ഇനി വിജയി ചെയ്തുകൂട്ടിയ പ്രവൃത്തികളെ, സമൂഹത്തിൽ നിലവിലുള്ള ധാർമികനിയമങ്ങളനുസരിച്ച് ന്യായീകരിക്കാൻ പറ്റുന്നില്ലെങ്കിലോ, അദ്ദേഹം ദേവപദവിയിലേക്കുയർത്തി ശ്രേഷ്ഠനാക്കപ്പെടും. കാരണം, ഈശ്വരനെ ചോദ്യംചെയ്യാൻ ആർക്കു സാധിക്കും? ഇതേരീതിയിൽ എന്റെ രാജ്യം നിരവധി ഭഗവാന്മാരെ സൃഷ്ടിച്ചിട്ടുണ്ട്. ഏതെങ്കിലുമൊക്കെ മാർഗത്തിലൂടെ വിജയം നേടിയ ഓരോ വ്യക്തിയും ദേവനോ അവതാരമോ ആയി മാറിയിട്ടുണ്ട്.' 'പരാജിതരുടെ ഗാഥ'യായി ഈ നോവൽ ഭാവനചെയ്യപ്പെടുന്നതിന്റെ പ്രത്യക്ഷരാഷ്ട്രീയം ഇതാണ്.

മറ്റൊരു സൂചന ഭദ്രൻ നൽകുന്നതാണ്. അത്, ചരിത്രത്തിൽനിന്ന് വർത്തമാനകാലത്തേക്കു സഞ്ചരിക്കുന്ന, അധികാരത്തിന്റെ രാഷ്ട്രീയവിമർശനമാണ്. തത്വങ്ങളെ വ്യഭിചരിത്രം ചരിത്രത്തെ ശീർഷാസനത്തിൽ നിർത്തിയും ഭൂരിപക്ഷ മൃഗീയതയെ മുൻനിർത്തിയും ഭരണാധികാരികൾ വച്ചുനടത്തുന്ന സർവാധിപത്യങ്ങളെക്കുറിച്ചുള്ള സൂചന. 'കാലം കുറെ പിന്നിട്ടതോടെ രാമൻ ഭഗവാനും രാവണൻ രാക്ഷസനുമായി. കാരണം, പുരോഹിതന്മാരുടെ കൈകളിൽ ഒരാൾ അനായാസം സ്വാധീനിക്കപ്പെടാവുന്നവനും മറ്റേയാൾ മർക്കടമുഷ്ടിയും മുട്ടാളനും തന്നിഷ്ടക്കാരനും കീഴ്‌വഴക്കങ്ങളനുസരിക്കാത്തവനുമായിരുന്നു. സകലരെയും ചൂഷണം ചെയ്തുകൊണ്ട് മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കാനും സ്വന്തം ലക്ഷ്യങ്ങൾക്കുവേണ്ടി പുണ്യഗ്രന്ഥങ്ങളെ ഉപയോഗിക്കാനും ആഗ്രഹിക്കുന്നവർക്ക് ലോകത്തിലെ രാവണൻ അപകടകാരികളാണ്. ഇത്തരം അടിച്ചമർത്തൽ നടത്തുന്ന സ്വേച്ഛാചാരികൾ തങ്ങളുടെ ജീവിതരീതിക്ക് ന്യായീകരണം കണ്ടെത്താനുള്ള മാതൃകയാക്കി ഉപയോഗിക്കുന്നത് ലോകത്തിലെ രാമന്മാരെയാണ്. പക്ഷേ, കാലം ചെല്ലുന്നതോടെ രാമന്മാരും ലക്ഷ്മണന്മാരും പോലും അപകടകാരികളാവുന്നു. കാരണം, അവരിൽ അന്തർലീനമായ മനുഷ്യത്വം പ്രതിഷേധിക്കാൻ തുടങ്ങുകയായി.

ഒരു കൊച്ചുബാലകന്റെ ശിരസ്സറുക്കവേ രാമന്റെ കൈകൾ വിറച്ചപ്പോൾ ഇവൻ പില്ക്കാലത്ത് അപായകാരിയാവാനിടയുണ്ടെന്ന് ദുഷ്ടരായ മിത്രഗണം തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ശത്രുക്കളെ ഇതിനു മുൻപുതന്നെ അവർ അധിക്ഷേപിച്ചിട്ടുണ്ടായിരുന്നതിനാൽ ഏകപരിഹാരം അദ്ദേഹത്തെ ദൈവമാക്കുക എന്നതാണ്. രാവണന്മാരെ അവർ ശരിക്കും ക്ലേശിപ്പിച്ചിട്ടുണ്ട്; രാമന്മാരെ ഒരുവേള വശംവദരാക്കാൻ കഴിഞ്ഞേക്കും. പക്ഷേ, വിഭീഷണന്മാർ, കുബേരന്മാർ, വരുണൻ എന്നിവരെപ്പോലുള്ളവരുടെ കാര്യത്തിലാണ് അവർക്ക് യഥാർഥ സന്തോഷം. ധർമിഷ്ഠനും കാർക്കശ്യമുള്ളവനുമായ രാമനെപ്പോലെയോ അഹംഭാവിയും യുദ്ധോത്സുകനുമായ രാവണനെപ്പോലെയോ ഉള്ളവർക്കല്ല ലോകം പിന്തുടർച്ചാവകാശമായി ലഭിക്കുന്നത്. മറിച്ച്, മതഭ്രാന്തന്മാരെ ലേലംവിളിച്ചു വിലയ്‌ക്കെടുക്കുന്നവർ, മതത്തിന്റെയും മതഗ്രന്ഥങ്ങളുടെയും പേരിൽ കൊല്ലാനും അംഗവിഹീനരാക്കാനും യുദ്ധം ചെയ്യാനും മനുഷ്യത്വരഹിതമായ ഏതൊരു കർമം ചെയ്യാനും സാധിക്കുന്നവർ - അങ്ങനെയുള്ളവർക്കാണതു ലഭിക്കുക'. ഈ നോവലിലെ ഇത്തരം ഭാഗങ്ങൾക്ക് ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളുമായുള്ള സാമ്യം തികച്ചും യാദൃച്ഛികം മാത്രമാണോ?

രാമനും അയാളുടെ വംശവും പ്രതിനിധാനം ചെയ്യുന്ന ജാതി, വർണ വ്യവസ്ഥയുടെ രാഷ്ട്രീയത്തെ (കർമസിദ്ധാന്തത്തെ) ചരിത്രവൽക്കരിക്കുന്ന പ്രക്രിയയ്ക്ക് വിഭീഷണനിലൂടെ നൽകുന്ന വ്യവസ്ഥാപനമാണ് മൂന്നാമത്തെ സൂചന. യുദ്ധാനന്തരം അസുരവംശത്തിന്റെ പരാജയവും ദേവന്മാരുടെ ആധിപത്യവും യാഥാർഥ്യമായപ്പോൾ രാവണന്റെ അറുത്തെടുത്ത ശിരസുമായി വിജയഘോഷയാത്ര നടത്തിയ സുരസൈന്യത്തെ സാക്ഷിനിർത്തി രാമന്റെ പ്രതിനിധിയായി വിഭീഷണൻ ലങ്കയുടെ രാജധാനിയിൽ പ്രസംഗിച്ചു. 'ദൈവത്തിന്റെ, ഈശ്വരന്റെ മുഖത്തുനിന്നും ഉദ്ഭവിച്ച ബ്രാഹ്മണരാണ് ഏറ്റവും ശ്രേഷ്ഠമായ ജാതി. അവർ വിദ്യ പകർന്നുകൊടുക്കുന്നവരും, ഭൂമിയിൽ ദൈവത്തിന്റെ പ്രതിപുരുഷന്മാരുമായിരിക്കും. എല്ലാവരും അവരെ അനുസരിക്കാൻ ബാധ്യതയുള്ളവരാണ്. ദൈവത്തിന്റെ കൈയിൽനിന്നും ജനിക്കാൻ മഹാഭാഗ്യമുണ്ടായവരാണ് ക്ഷത്രിയർ. അവർ ബ്രാഹ്മണരുടെ ഉപദേശങ്ങൾക്കനുസരിച്ച് സമൂഹത്തെ ഭരിക്കും. ദൈവത്തിന്റെ തുടകളിൽനിന്നും ജനിച്ചവരാണ് വൈശ്യന്മാർ എന്ന വ്യാപാരികൾ. കച്ചവടവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യാൻ നിയുക്തരായ ഇവർക്ക് മറ്റു രണ്ടു ജാതികളുടെയും താഴേയാണ് സ്ഥാനം. കൈത്തൊഴിലുകാർ, ചെറുകിട ഭൂവുടമകൾ, സാധാരണ പട്ടാളക്കാർ എന്നിവരടങ്ങുന്ന ശൂദ്രന്മാർ പിറന്നത് ഭഗവാന്റെ പാദങ്ങളിൽനിന്നാണ്. ഇവർ മറ്റു മൂന്നു ജാതിയിൽപ്പെട്ടവരെയും സേവിക്കണം. ശൂദ്രനോ പറയനോ ആയി ജനിച്ചത് നിങ്ങളുടെ കർമം ചെയ്യാനാണ്. കർമം ചെയ്ത് നിങ്ങളുടെ പ്രഭുവിനെ വിശ്വസ്തതയോടെ സേവിക്കുക; നിങ്ങളുടെ മേൽജാതിയിലുള്ളവർ അനുഭവിച്ചാസ്വദിക്കുന്ന സമ്പത്തിലും ആദരവിലും അസൂയപ്പെടരുത്; അത്യാശ പുലർത്തുകയും വേണ്ട. അളവറ്റ ഈശ്വരകൃപയും മഹത്ത്വവും കൊണ്ട് ദൈവം നിങ്ങളിൽ കരുണ കാണിക്കാനും അടുത്ത ജന്മത്തിൽ മേൽജാതിയിൽ ജനിക്കാനും ഇടവരുത്തണമെങ്കിൽ നിങ്ങൾ വിനയമുള്ളവനും വിധേയത്വമുള്ളവനുമായിരിക്കണം. എല്ലാ മനുഷ്യരെയും തുല്യമായി കാണുകയെന്ന തെറ്റ് ഞങ്ങൾ ചെയ്തു. പക്ഷേ, ഇനി കാര്യങ്ങൾ വ്യത്യസ്തമായിരിക്കും. ഈ അബദ്ധം തുടർന്നുകൊണ്ടുപോകാൻ ഞങ്ങൾക്കാവില്ല. വർണവ്യവസ്ഥയിലെ ആദ്യ മൂന്നു ജാതികൾക്കു മാത്രമേ ഇനിമുതൽ വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരിക്കുകയുള്ളൂ. അതുതന്നെ അവരുടെ തൊഴിലിന് നിർബന്ധമായും ആവശ്യമുള്ളതെന്താണോ അതു പഠിക്കുക എന്നതിൽ കർശനമായും ഒതുങ്ങും. സ്വന്തം കർമഫലങ്ങളെക്കുറിച്ച് വേവലാതിപ്പെടാതെ അർപ്പണബോധത്തോടും ആത്മാർഥതയോടും കൂടി അവരവരുടെ യജമാന്മാരെ സേവിക്കുന്നതിലാണ് മറ്റുള്ളവരുടെ മോക്ഷം കുടികൊള്ളുന്നത്. ഇതാണ് വിഷ്ണുഭഗവാൻ വിധിച്ചിട്ടുള്ള നിയമം'.

യഥാർഥത്തിൽ ഈ വാദങ്ങളൊന്നടങ്കം നോവലിന്റെ പൊതുനിലപാടിനോടിടഞ്ഞുനിൽക്കുന്ന യുക്തികളാണ്. എന്തെന്നാൽ വിഭീഷണൻ പറയുന്നതുപോലെ ദൈവങ്ങളെ വെല്ലുവിളിച്ച ഒരു മനുഷ്യന്റെ ധിക്കാരമായിരുന്നു രാവണന്റെ ജീവിതം. പണ്ട്, ഇന്ദ്രന്റെ നേതൃത്വത്തിൽ ദേവന്മാർ അസുരസാമ്രാജ്യം ചുട്ടുകരിച്ച കഥ ചരിത്രമെന്ന നിലയിൽ രാവണൻ തന്റെ പ്രജകളോടു പറയുന്നുണ്ട്. 'പ്രൗഢിയും പക്വതയും പ്രാപിക്കാൻ ആയിരം വർഷം വേണ്ടിവന്ന മഹത്തായ ഒരു സാമ്രാജ്യം തകർന്നുതരിപ്പണമാവാൻ കേവലം ഏഴു മാസമേ വേണ്ടിവന്നുള്ളൂ.

അസുരസാമ്രാജ്യം ശരിക്കും ദുർബലമാണെന്ന് ഉറച്ച വിശ്വാസം തോന്നിയ ഒരു വേളയിൽ ഇന്ദ്രൻ അതിന്റെ സംരക്ഷണകവചം തകർത്തു. രാഷ്ട്രതന്ത്രവും യുദ്ധവും പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും, പിടിച്ചടക്കിയ ഒരു രാജ്യത്തെ എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിന് ഒരു ഉത്തമ പാഠമാണത്. ഒരു സംസ്‌കൃതി അതിന്റെ അഭിമാനം സ്വരുക്കൂട്ടുന്നത് അത് പടുത്തുയർത്തിയ നഗരങ്ങൾ, അത് സൃഷ്ടിച്ച ഗ്രന്ഥങ്ങൾ, അത് പരിപോഷിപ്പിച്ച കലാകാരന്മാരും ശില്പികളും, അതു നിർമ്മിച്ച ക്ഷേത്രങ്ങൾ എന്നിങ്ങനെ പലതിൽനിന്നുമാണ്. സംസ്‌കൃതിയുടെ ജീവനായിട്ടുള്ള ഈ ഹർമ്യങ്ങളും സ്ഥാപനങ്ങളുമുൾപ്പെടെയുള്ള സൗധങ്ങളെ ലക്ഷ്യംവച്ചു ശക്തിമത്തായ പ്രഹരമേല്പിക്കുകയെന്നതാണ് ഒരു ജേതാവിന്റെ പ്രഥമ ദൗത്യം. ഇന്ദ്രൻ ആ കർമം ഭംഗിയായി നിർവഹിച്ചുവെന്നു വേണം പറയാൻ. തന്നെക്കൊണ്ടു സാധ്യമാവുന്നതെല്ലാം അദ്ദേഹം തച്ചുതകർത്തു. ഗ്രന്ഥാലയങ്ങൾ കത്തിച്ചു. കവികളെയും ശില്പികളെയും നിഷ്‌കരുണം വധിച്ചു. ക്ഷേത്രങ്ങൾ ഇടിച്ചുപൊളിച്ചു, സ്ത്രീകളെയും കുട്ടികളെയും ദ്രോഹിച്ചു. വൈകാതെതന്നെ, അസുരന്മാർ അഭിമാനസ്തംഭങ്ങളായും അമൂല്യമായും കരുതിയിരുന്ന സകലതും നശിപ്പിക്കപ്പെട്ടു. അതു മുതൽക്കാണ് ഇന്ദ്രന് പുരന്ദരൻ എന്ന നാമം ലഭിച്ചത്. എന്നുവച്ചാൽ ശത്രുക്കളുടെ പുരങ്ങളെ-നഗരങ്ങളെ-ഭേദിച്ചില്ലാതാക്കിയവൻ. അസുരന്മാർക്ക് പെട്ടെന്നുതന്നെ പാതാളത്തിൽ പോകേണ്ടിവന്നു. ഇടയ്ക്കിടെ ചെറിയ ചില പ്രതിരോധങ്ങളും രഹസ്യപ്പോരാട്ടങ്ങളുമൊക്കെ ഉണ്ടായെങ്കിലും അവയിൽ മിക്കതും ഫലശൂന്യമായി. അസുരസംസ്‌കൃതിയുടെ ചട്ടക്കൂടുകളെ അടിത്തറയാക്കിക്കൊണ്ട് ഇന്ദ്രൻ ഒരു സാമ്രാജ്യം പടുത്തുയർത്തി. ഏകദേശം മുന്നൂറു വർഷം ഇന്ദ്രവംശത്തിന്റെ സമ്പൂർണാധിപത്യത്തിലായിരുന്നു രാജ്യം.' ഇന്ദ്രൻ നശിപ്പിച്ച ആ കാലവും സംസ്‌കാരവും പുനഃസൃഷ്ടിക്കാനാണ് രാവണൻ യത്‌നിച്ചത്.

അതിദീർഘമായ സംഭാഷണങ്ങളും പ്രഭാഷണങ്ങളും വിവരണങ്ങളും മനോനിലകളുടെ വിശകലനവും വർണ്ണനകളും നോവലിലുള്ളപ്പോഴും കാവ്യാത്മകവും ലാവണ്യഭരിതവുമാണ് പൊതുവെ ആനന്ദിന്റെ ഭാഷ. അതുപോലെതന്നെയാണ് താത്വികവിചാരങ്ങളുടെ തലത്തിലേക്കുയരുന്ന ഭാഷയുടെ ബഹുസ്വരകലയും. രാവണന്റെ പത്തുശിരസ്സുകളെ പത്തു മാനുഷികവികാരങ്ങളായന്വയിച്ച് അവയ്ക്കുമേൽ രാവണനും ബ്രഹ്മനും തമ്മിൽ നടത്തുന്ന സംവാദം, പരാജിതരുടെ ചരിത്രഗാഥയെന്ന പേരിൽ പ്രഭാഷണരൂപത്തിൽ മഹാബലിയുടെ ചരിത്രം ആവിഷ്‌ക്കരിക്കുന്ന ഭാഗം, രാവണനുശേഷം ഭദ്രൻ കേരളത്തിൽ പെരിയാറിന്റെ കരയിലുള്ള തന്റെ നാട്ടിലെത്തി. ഭ്രാന്താലയമായി മാറിയ നാടിന്റെ അവസ്ഥ വിവരിച്ചുകൊണ്ടു നടത്തുന്ന സാമൂഹ്യവിശകലനം തുടങ്ങിയവ എടുത്തുപറയാവുന്ന ഭാഗങ്ങളാണ്. ഏതർഥത്തിലും മിത്തുകളെ ചരിത്രമാക്കി പുനരാവിഷ്‌ക്കരിക്കുന്ന നോവലിന്റെ കലയിൽ സംഭവിച്ച മികച്ച രചനകളിലൊന്നായി മാറുന്നു, 'രാവണൻ'.

രാവണൻ : പരാജിതരുടെ ഗാഥ
ആനന്ദ് നീലകണ്ഠൻ
വിവ: എൻ. ശ്രീകുമാർ
മാതൃഭൂമി ബുക്‌സ്, 2015,
വില: 375 രൂപ

നോവലിൽനിന്ന് ഒരു ഭാഗം

ഞാനെന്റെ ജനങ്ങളെ സ്‌നേഹിച്ചു. ശൂന്യതയിൽനിന്നും ഞാനൊരു സാമ്രാജ്യം പടുത്തുയർത്തിയിരുന്നില്ലെങ്കിൽ? പീഡിതരും അടിച്ചമർത്തപ്പെട്ടവരുമായ ആളുകൾക്ക് ആത്മാഭിമാനവും അന്തസ്സും തിരിച്ചു നല്കിയിരുന്നില്ലെങ്കിൽ? ആദർശങ്ങൾക്കു പകരം സ്വാർഥതയിലായിരുന്നു അവയൊക്കെ നയിക്കപ്പെട്ടതെങ്കിലോ? എന്തിനാണ് ഞാനിങ്ങനെയൊക്കെ ആലോചിക്കുന്നത്? സ്വാർഥതയെയും അത്യാർത്തിയെയും മനുഷ്യപുരോഗതിയുടെ രണ്ടു മഹാസ്തംഭങ്ങളായി വാഴ്‌ത്തുകയായിരുന്നില്ലേ ഞാൻ? അങ്ങനെയെങ്കിൽ എന്തിനാണ് എനിക്കു നിന്ദ തോന്നുന്നത്? സ്വന്തം പ്രജകളെ ദുഃഖത്തിലേക്കും ദുരിതത്തിലേക്കും നയിച്ച ഒരാളെപ്പോലെ ആത്മവഞ്ചന തോന്നുന്നതെന്തിനാണ്?

വാതിൽ കിറുകിറുപ്പുണ്ടാക്കി. തിങ്ങിനിറഞ്ഞ നിശ്ശബ്ദതയുടെ ഒരു നിമിഷം കഴിഞ്ഞ്, വാതില്ക്കൽ ചാഞ്ഞുപതിക്കുന്ന വെയിലിൽ എന്റെ രാജ്ഞിയുടെ അവ്യക്തരൂപം പ്രത്യക്ഷമായി. അവൾ സാവധാനം നടന്ന് എന്റെയടുത്തു വന്ന് ഇരുന്നു. അവളുടെ നേർക്കു നോക്കാൻ എനിക്കു ധൈര്യമുണ്ടായില്ല. എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതായി ഞാൻ അറിഞ്ഞു. മിഴിയോരങ്ങളിലൂടെ ഒഴുകാൻ വെമ്പിനില്ക്കുന്ന നീർമണികളെ പുറത്തുചാടിക്കാൻ എന്റെ നേരിയൊരു ചലനത്തിനു സാധിക്കും. അവൾ എന്റെ ചുമലിൽ കൈ വച്ചു. എന്റെ കവിളുകളിലൂടെ അല്പാല്പമായി അശ്രുക്കൾ പ്രവഹിക്കാൻ തുടങ്ങി.

'ഞാൻ സദാ അങ്ങയോടൊത്തുണ്ടാവും. സീതയെ അവളുടെ ഭർത്താവിന്റെയടുത്തേക്കയയ്ക്കണ്ട. അയാൾ അവളോട് എങ്ങനെയായിരിക്കും പെരുമാറുകയെന്ന് നമുക്കറിയില്ല. എന്തുതന്നെ വന്നാലും നാമൊന്നിച്ചുനിന്ന് നേരിടും. അവൾ നമ്മുടെ പുത്രിയാണ്. എനിക്ക് അങ്ങയെ മനസ്സിലാകുന്നുണ്ട് രാവണാ.'

ഞാൻ തലകുലുക്കി. എന്റെ മകൾക്ക് ഞാൻ നല്കുന്ന സംരക്ഷണം വേണ്ടെങ്കിൽ എന്തിനാണ് ഞാൻ അവൾക്കുവേണ്ടി എല്ലാം ത്യജിക്കുന്നത്? അവളുടെ നായാടിനടക്കുന്ന ഭർത്താവിന് അവളെ തിരികെ നല്കണമെന്ന് അതുവരെ ഞാൻ ആലോചിച്ചിട്ടേയുണ്ടായിരുന്നില്ല. പക്ഷേ, മണ്ഡോദരി ഇങ്ങനെയൊരു പ്രശ്‌നം ഉയർത്തിയതോടെ സീതയെ അവളുടെ വിധിക്കായി മടക്കിക്കൊടുത്ത് എന്റെ ജീവിതം തുടരണമെന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. എന്റെ മകളുടെ ജീവിതം രക്ഷിക്കാനെന്ന സ്വാർഥതയ്യാർന്ന കാരണത്താൽ സ്വന്തം ജനങ്ങൾക്കു നാശംവരുത്താൻ ഞാനാരാണ്? ഞാൻ ഒരു ഉത്തമ മനുഷ്യനോ കുറവുകളില്ലാത്ത ഒരു രാജാവോ അല്ലായിരിക്കാം. പക്ഷേ, സ്വന്തം കുഞ്ഞുങ്ങളും അന്തസ്സും നഷ്ടപ്പെട്ട അമ്മമാരുടെ ശാപം എന്നെ എക്കാലവും വേട്ടയാടാൻ ആഗ്രഹിക്കുന്നില്ല. മതി! സീതയെ രാമന് തിരികെ നൽകാൻ ഞാൻ വിഭീക്ഷണനോട് പറയും.

എന്റെ മനോവിചാരങ്ങൾ ഗ്രഹിച്ചിട്ടെന്നപോലെ മണ്ഡോദരി പറഞ്ഞു: 'വേണ്ട, രാവണാ വേണ്ട. ദേവന്മാർ നാരികളെ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് നമുക്കറിയാം. അവൾ നമുക്കിടയിൽ ജീവിച്ചുകഴിഞ്ഞ സ്ഥിതിക്ക് അവരവളെ കളങ്കിതയായേ കാണൂ. ഇതിനകം തന്നെ നമുക്ക് ഒരു കുട്ടിയെ നഷ്ടപ്പെട്ടുകഴിഞ്ഞു.' അവളെന്റെ ചുമലിൽ ശക്തിയായി അമർത്തി. 'ഇനിയൊരു കുട്ടിയെ നഷ്ടപ്പെടുത്തേണ്ട.'

'പ്രഹസ്തൻ സഭാംഗങ്ങളെ അന്വേഷിക്കുന്നു,' ഒരു രക്ഷാഭടൻ വന്നു പറഞ്ഞു. ഭാര്യയെ ഒന്നു നോക്കുകപോലും ചെയ്യാതെ ഞാൻ അവിടെനിന്ന് എഴുന്നേറ്റു. എന്നിട്ട് കൊട്ടത്തളത്തിനടുത്തുചെന്ന് വെള്ളമെടുത്ത് മുഖം കഴുകി. തണുത്ത ജലത്തിൽ എന്റെ കണ്ണുനീരിനെ സ്വതന്ത്രമായി ഒഴുകാൻ ഞാനനുവദിച്ചു. കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു വയോധികൻ എന്നെ മിഴിച്ചു നോക്കുന്നതു കണ്ടു. നരച്ച മുടിയും കുറ്റിത്താടിയുമാണയാൾക്ക്. വീർത്തുവീങ്ങിയ മിഴികൾക്കു ചുറ്റുമുള്ള കറുത്ത വലയങ്ങളും ചുളിവുകളും അയാൾക്ക് ഒരു ഭഗ്നാശന്റെ ഭാവം നല്കി. യൗവനം എവിടെപോയി മറഞ്ഞു? ഈശ്വരന്മാരെയാകെ വെല്ലുവിളിച്ച രാവണൻ എവിടെ? ജീവിതത്തിൽ അളവറ്റ നേട്ടങ്ങൾ ആഗ്രഹിക്കുകയും മറ്റുള്ളവരുടെ വികാരങ്ങളെക്കുറിച്ച് ഗൗനിക്കാതിരിക്കുകയും ചെയ്ത ആ രാജാവ് എവിടെ? ഒന്നൊന്നായി യുദ്ധങ്ങൾ നയിച്ച് നഗരങ്ങൾ തകർത്ത, സ്ത്രീകളെയും പുരുഷന്മാരെയും കൂട്ടക്കൊല ചെയ്ത, ഈ പവിഴദ്വീപുമുതൽ നർമദയുടെ ദക്ഷിണതീരംവരെയുള്ള വൻകരയാകെ വ്യാപിച്ച മഹാസാമ്രാജ്യം പടുത്തുയർത്തിയ തീക്ഷ്ണയൗവനമെവിടെ?

മഹാബലിയെന്ന വിഖ്യാതചക്രവർത്തി നല്കിയതിനെക്കാൾ ആത്മാഭിമാനവും യശസ്സും അസുരന്മാർക്ക് പകർന്നു നല്കിയ മഹാനെവിടെ? പ്രകൃതിയോടും സംഗീതത്തോടും കലകളോടും ജീവിതത്തോടുമുള്ള സ്‌നേഹം എവിടെ പോയിമറഞ്ഞു? രാവണൻ എവിടെയായിരുന്നു?

അതിനുള്ള ഉത്തരം വാതില്ക്കൽ നില്പുണ്ടായിരുന്നു. ശിരസ്സുയർത്തിപ്പിടിച്ച്, സഗർവം പ്രൗഢഗംഭീരഭാവത്തിൽ. പടവെട്ടി പിടിച്ചടക്കാനുള്ള ഉത്സാഹവും ജീവിക്കാൻ കൊതിയുള്ള രാവണൻ, കോടിക്കണക്കിനു സ്വപ്നങ്ങൾ കാണുന്ന യൗവനത്തിന്റെ വശ്യതയുള്ള രാവണൻ, ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളോടും അശാമ്യമായ അഭിനിവേശമുള്ള രാവണൻ. കണ്ണാടിയിലെ പ്രതിബിംബത്തിൽ നഷ്ടപ്പെട്ട രാവണൻ എന്നെ തിരികെ ജീവിതത്തിലേക്കു മാടിവിളിക്കുന്നു. അത് മേഘനാദനായിരുന്നു.