ഹൈദരാബാദ്: ഹൈദരാബാദ് ബഞ്ചറാഹിൽസിലെ ആഡംബര ഹോട്ടലിലെ റേവ് പാർട്ടിക്കിടെ പൊലീസിന്റെ മിന്നൽ റെയ്ഡിൽ ഉന്നതരുടെ മക്കൾ അടക്കം നൂറ്റമ്പതിലേറെ പേർ കസ്റ്റഡിയിൽ. ഹൈദരാബാദ് ബഞ്ചറാഹിൽസിലെ സ്വകാര്യ ഹോട്ടലിലാണ് പൊലീസിന്റെ പ്രത്യേകസംഘം ഞായറാഴ്ച പുലർച്ചെ റെയ്ഡ് നടത്തിയത്. പാർട്ടി നടന്ന ഹോട്ടലിൽനിന്ന് കൊക്കെയ്ൻ അടക്കമുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.

ഉന്നതരുടെ മക്കളും ബന്ധുക്കളും അടക്കം 150-ലേറെ പേരെ ഹോട്ടലിൽനിന്ന് കസ്റ്റഡിയിലെടുത്തതായാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടൻ നാഗബാബുവിന്റെ മകൾ നിഹാരിക, ഗായകനും തെലുങ്ക് ബിഗ്ബോസ് മത്സരവിജയിയുമായ രാഹുൽ സിപ്ലിഗുനി, ആന്ധ്രപ്രദേശ് പി.എസ്.എസി. ചെയർമാനും മുൻ ഡി.ജി.പി.യുമായ ഗൗതം സവാങ്ങിന്റെ മകൾ, ഗുണ്ടൂർ എംപി. ഗല്ല ജയദേവിന്റെ മകൻ തുടങ്ങിയവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് 'ദി ഹിന്ദു'വിന്റെ റിപ്പോർട്ട്.

ഇക്കാര്യം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ടെന്നും 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്തു. ഇവരെ കൂടാതെ സമൂഹത്തിലെ ഉന്നതരായ പലരുടെ മക്കളും ബന്ധുക്കളും പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നും വിവരങ്ങളുണ്ട്. ബഞ്ചറാഹിൽസിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ പബ്ബിൽ നടന്ന പാർട്ടിക്കിടെയാണ് പൊലീസിന്റെ പ്രത്യേകസംഘം റെയ്ഡ് നടത്തിയത്.

ഞായറാഴ്ച പുലർച്ചെ 2.30-ഓടെ പൊലീസ് സംഘം പബ്ബിലെത്തുമ്പോൾ 150-ലേറെ പേർ പാർട്ടിയിലുണ്ടായിരുന്നു. തങ്ങളെ കണ്ടതിന് പിന്നാലെ പലരും ചില പാക്കറ്റുകൾ വലിച്ചെറിഞ്ഞതായാണ് പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. ഇതിനിടെ, പൊലീസ് നടത്തിയ പരിശോധനയിൽ അഞ്ച് പാക്കറ്റ് കൊക്കെയ്ൻ കണ്ടെടുക്കുകയായിരുന്നു. ഇതിനുപുറമേ കഞ്ചാവ്, ചരസ് അടക്കമുള്ള ലഹരിമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് കരുതുന്ന ഒഴിഞ്ഞ ചില പാക്കറ്റുകളും പബ്ബിൽനിന്ന് ലഭിച്ചു.

സംഭവസമയത്ത് പബ്ബിലുണ്ടായിരുന്നവരെയെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹോട്ടലിലെ രണ്ട് മാനേജർമാരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. എത്ര ഉന്നതരാണെങ്കിലും വിശദമായി ചോദ്യംചെയ്യാതെ ഒരാളെപോലും വിട്ടയക്കില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഹോട്ടലിന്റെ ബാർ ലൈസൻസ് ദുരുപയോഗം ചെയ്താണ് പുലർച്ചെവരെ നീളുന്ന റേവ് പാർട്ടി സംഘടിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്നവിവരം. സംഭവവുമായി ബന്ധപ്പെട്ട് ബഞ്ചറാഹിൽസ് പൊലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഹോട്ടലിൽ റേവ് പാർട്ടി നടക്കുന്ന വിവരമറിഞ്ഞിട്ടും നടപടി സ്വീകരിക്കാൻ വിമുഖത കാണിച്ചതിനാണ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തത്. ഇൻസ്പെക്ടറുടെ അറിവോടെയാണ് ഇത്തരം പാർട്ടികൾ നടന്നിരുന്നതെന്നും ഉന്നത ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.