കൊച്ചി: വിവാദ രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടിയിൽ കടുത്ത എതിർപ്പുമായി ഇടുക്കിയിൽ സിപിഎം നേതൃത്വം കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെ റവന്യൂ വകുപ്പിന്റെ നടപടിയെ പിന്തുണച്ച് സിപിഎം സിപിഐ സംസ്ഥാന നേതൃത്വങ്ങൾ. വിഷയത്തിൽ സിപിഐ - സിപിഎം പോര് കടുക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത്. രവീന്ദ്രൻ പട്ടയം റദ്ദാക്കാൻ സർക്കാർ എടുത്ത നടപടി സിപിഎമ്മിന്റെ തീരുമാനം തന്നെയാണെന്ന് കോടിയേരി അറിയിച്ചു. പട്ടയം റദ്ദാക്കിയ നടപടി 2019 ൽ എടുത്ത തീരുമാനത്തിന് ഭാഗമാണെന്നും ഇടുക്കി ജില്ലയിലെ സിപിഎമ്മിലും സിപിഐയിലുമുണ്ടായ ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

സിപിഎം - സിപിഐ പോര് എന്ന നിലയിലേക്ക് പട്ടയം റദ്ദാക്കൻ നടപടിയെത്തിയ സാഹചര്യത്തിലാണ് കോടിയേരി തന്നെ നിലപാട് വ്യക്തമാക്കിയെത്തിയത്. രവീന്ദ്രൻ പട്ടയത്തെ കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്റെ നിയമസാധുത പരിശോധിക്കുകയായിരുന്നു ലക്ഷ്യം. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ല. പട്ടയം നഷ്ടപ്പെട്ടവർ വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. നിയമപരമായി പരിശോധനകൾ നടത്തിയശേഷം വീണ്ടും പട്ടയം നൽകും. ഇതിന്റെ പേരിൽ ആരെയും ഒഴിപ്പിക്കാൻ സർക്കാർ തീരുമാനമില്ല. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ എന്നത് ഇപ്പോൾ പറയാനാവില്ലെന്നും കോടിയേരി അറിയിച്ചു.

റവന്യൂവകുപ്പിന്റെ നടപടിയെ പിന്തുണച്ച് സിപിഐ സംസ്ഥാന നേതൃത്വവും രംഗത്തെത്തി. എം എം മണി ഉൾപ്പെട്ട ക്യാബിനറ്റിന്റെതാണ് തീരുമാനമെന്ന് സിപിഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. നടപടി ക്രമങ്ങൾ ഇപ്പോൾ പൂർത്തിയാക്കിയെന്ന് മാത്രമെയുള്ളു. പട്ടയം റദ്ദാക്കിയത് മുന്നണി തീരുമാനപ്രകാരമാനെന്നും സിപിഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

നേരത്തെ 530 പട്ടയങ്ങൾ റദ്ദാനുള്ള റവന്യു വകുപ്പ് നടപടിക്ക് എതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം എം മണി രംഗത്തെത്തിയിരുന്നു. പട്ടയങ്ങൾ രവീന്ദ്രൻ സ്വന്തം ഇഷ്ടപ്രകാരം വിതരണം ചെയ്തതല്ലെന്നും ഇടതു സർക്കാർ നാട്ടുകാർക്ക് നൽകിയതാണെന്നുമാണ് എംഎം മണി പ്രതികരിച്ചത്. സർക്കാർ ഉത്തരവിന്റെ സാധുത തന്നെ പരിശോധിക്കപ്പെടണം. പട്ടയം കിട്ടിയവർ ഈ ഉത്തരവിനെതിരെ കോടതിയിൽപ്പോകും. പട്ടയ ഭൂമിയിലെ പാർട്ടി ഓഫീസിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

 'പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണിത്. ഇ കെ നായനാർ സർക്കാർ നിയമപരമായി പട്ടയങ്ങൾ വിതരണം ചെയ്തതാണ്. റവന്യൂമന്ത്രിയായിരുന്ന ഇസ്മായിൽ നേരിട്ടെത്തി പട്ടയമേള നടത്തിയാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. എ കെ മണി എംഎൽഎ അധ്യക്ഷനായ സമിതി പാസ്സാക്കിയത് അനുസരിച്ചാണ് പട്ടയം നൽകിയത്.

പട്ടയം റദ്ദാക്കിയതിൽ നിയമവശങ്ങൾ അടക്കം പരിശോധിക്കേണ്ടതുണ്ട്. പട്ടയം കിട്ടുന്നതിന് മുമ്പു തന്നെ സിപിഎമ്മിന്റെ പാർട്ടി ഓഫീസ് പ്രവർത്തിച്ചിരുന്നതാണ്. പഴയ ഓഫീസ് മാറിയെന്ന് മാത്രം. പുതുതായി പണിതു. അവിടെ വന്നൊന്നും ചെയ്യാൻ ആരെയും അനുവദിക്കുന്ന പ്രശ്‌നമില്ല' മണി പറഞ്ഞു.

അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അന്ന് ജില്ലാ കലക്ടറാണ് ചുമതലപ്പെടുത്തിയത്. മേള നടത്തി കൊടുത്ത പട്ടയം റദ്ദാക്കാനുള്ള കാരണം എന്താണെന്ന് റവന്യൂ മന്ത്രിയോടും റവന്യൂ വകുപ്പിനോടും ചോദിക്കണം. ആളുകൾ എതിർപ്പുമായി തെരുവിലേക്കിറങ്ങും. വേറെ കാര്യമൊന്നുമില്ല. ആളുകൾ എന്താണെന്ന് വച്ചാൽ ചെയ്‌തോട്ടെ. ഈ ഉത്തരവ് ആരെങ്കിലും കോടതിയിൽ ചോദ്യം ചെയ്യുമല്ലോ എന്നും എംഎം മണി ചോദിച്ചു.

'പട്ടയം കിട്ടിയപ്പോൾ സിപിഎം ഓഫീസ് ഉണ്ടാക്കിയതല്ല, അതിന് മുമ്പും പാർട്ടിക്ക് അവിടെ ഓഫീസുണ്ട്. പതിറ്റാണ്ടുകളായി ഓഫീസ് പ്രവർത്തിക്കുന്നു. പാർട്ടി ഓഫീസിന്മേൽ തൊടാൻ ഒരു പുല്ലനേയും അനുവദിക്കില്ല. അതൊന്നും വലിയ കേസല്ല. അവിടെയൊന്നും ആരും തൊടാൻ വരില്ല. റദ്ദാക്കിയെന്ന് പറഞ്ഞ് അതെല്ലാം പിടിച്ചെടുക്കുമെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല. അതിന്റെ നിയമവശങ്ങൾ നോക്കട്ടെ'യെന്നും എംഎം മണി പറഞ്ഞു.

എം എം മണിക്ക് മറുപടിയുമായി റവന്യു മന്ത്രി കെ രാജൻ തന്നെ രംഗത്തെത്തി. രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിൽ തെറ്റായ വ്യാഖ്യാനം വേണ്ടെന്ന് മന്ത്രി പറഞ്ഞു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പ്രതികരണം വേണ്ടെന്നും പട്ടയം റദ്ദാക്കുന്നതിൽ വിശദമായ പ്രതികരണം ഇന്ന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം രവീന്ദ്രൻ പട്ടയം റദ്ദാക്കലിൽ കടുത്ത വിമർശനവുമായി അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മയിൽ രംഗത്തെത്തി. പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നാണ് ഇസ്മയിൽ പറയുന്നത്. ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും, വിഎസിന്റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നുവെന്നും മുൻ മന്ത്രി പറയുന്നു. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണെന്നും കെ ഇ ഇസ്മയിൽ പറഞ്ഞു.

അനധികൃതമായവ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ റദ്ദാക്കണം, അനധികൃത പട്ടയങ്ങൾ പരിശോധിക്കേണ്ടതാണ് എന്ന് പറഞ്ഞ കെ ഇ ഇസ്മയിൽ പക്ഷേ പട്ടയങ്ങളിൽ കൂടുതലും രണ്ടു സെന്റിൽ താഴെയുള്ളവർക്കാണ് നൽകിയതെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണെന്നും മുൻ മന്ത്രി പറയുന്നു. ഈ സ്ഥലം ഏറെകാലമായി അവർ കൈവശം വെച്ച സ്ഥലമാണെന്നാണ് വിശദീകരണം.

പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്, ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ ഞാനും മുൻപ് അങ്ങനെ പറഞ്ഞിട്ടുണ്ട്. കെ ഇ ഇസ്മയിൽ നിലപാട് വ്യക്തമാക്കി.

വിഎസിന്റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നുവെന്നാണ് മുൻ റവന്യു മന്ത്രിയുടെ നിലപാട്. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയതാണ്. ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ലെന്നാണ് ഇസ്മയിൽ പറയുന്നത്. ചർച്ച ചെയ്യേണ്ട ആവശ്യവുമില്ലെന്നാണ് നിലപാട്.

ഒഴിപ്പിക്കേണ്ടത് കയ്യേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണെന്നും പാവപ്പെട്ടവരെ അല്ലെന്നുമാണ് ഇസ്മയിലിന്റെ നിലപാട്. പാവപ്പെട്ടവരെ ഒഴിപ്പിക്കില്ലെന്നും അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും മുൻ മന്ത്രി പറഞ്ഞു.

ആ ഗവൺമെന്റ് പോയി, കളക്ടർ പോയി, രവീന്ദ്രൻ റിട്ടയർ ചെയ്തു. ആ സംവിധാനം തന്നെ മാറിമാറി വരികയാണ്. അപ്പോൾ പിന്നെ ആ നടപടികളെ ന്യായീകരിക്കാനോ, അന്ന് നടന്ന വസ്തുതകൾ എന്താണെന്ന് പിന്നീട് ഡിപ്പാർട്ട്മെന്റിനെ സമയാസമയം ബോധ്യപ്പെടുത്താനോ ബാധ്യതയുള്ള ഉദ്യോഗസ്ഥന്മാർ ഇല്ലായിരുന്നു. അതുകൊണ്ടാണ് ഇത് അനധികൃതമായ അവസ്ഥയിലാണെന്ന് പ്രചരണം വരുന്നത്. അതകൊണ്ട് തന്നെ ഇക്കാര്യം സർക്കാർ പരിശോധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

സത്യം ഏറെ കാലം മൂടി വെക്കാനാകില്ലെന്നാണ് ഇസ്മയിലിന്റെ ഓർമ്മപ്പെടുത്തൽ. വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ ഉത്തരവ് വന്നതിനു പിന്നാലെ സിപിഎം - സിപിഐ പോര് രൂക്ഷമാവുകയാണ് ഇതിനിടെയാണ് മുൻ റവന്യു മന്ത്രിയുടെ പ്രതികരണം വരുന്നത്.

ഇതിനിടെ സിപിഐക്കെതിരെ ഗുരുതര ആരോപണവുമായി അന്നത്തെ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രനും രംഗത്തെത്തിയിരുന്നു. പട്ടയം റദ്ദാക്കുന്നത് സി പിഎം ഓഫീസ് ഒഴിപ്പിക്കാൻ ആണെന്നായിരുന്നു എം ഐ രവീന്ദ്രൻ പ്രതികരിച്ചത്.