കൊച്ചി: റെവൺ ബാക്ക് സെക്യൂരിറ്റീസ് ഉടമ തിരുവനന്തപുരം സ്വദേശി രവീന്ദന്ദ്രന് ഔഡി, ബി.എം.ഡബ്ല്യു. കമ്പനികളുടെ ഡീലർഷിപ് വാഗ്ദാനം ചെയ്ത് അതേ സ്ഥാപനത്തിലെ ജീവനക്കാർ തട്ടിയെടുത്തത് 1.39 കോടി രൂപ. ഇതിൽ ഒരു പ്രതി പിടിയിലായതോടെ തട്ടിപ്പിന്റെ ചുരുൾ അഴിഞ്ഞു. ഏലപ്പാറ കൊച്ചുകരിന്തിരി കുഞ്ഞന്റയ്യത്ത് വീട്ടിൽ ജൂബി മാത്യു(39)വാണു സെൻട്രൽ പൊലീസിന്റെ പിടിയിലായത്. കാക്കനാട് ഇടച്ചിറയിലുള്ള ആഡംബര ഫ്ളാറ്റിൽനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ബി.എം.ഡബ്ല്യുവിന്റെ കൊച്ചിയിലെ ഡീലർഷിപ് മറ്റൊരാൾക്ക് അനുവദിച്ചതറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ തട്ടിപ്പിനിരയായ വിവരം വ്യവസായി അറിഞ്ഞത്. ഇതോടെയാണ് രവീന്ദ്രൻ പൊലീസിൽ പരാതി നൽകിയത്. വിശ്വസ്തരെന്ന് രവീന്ദ്രൻ കരുതിയവരുടെ തട്ടിപ്പ് പുറത്തായത് അങ്ങനെയായിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഭാര്യമാരുടെ കൂടെ പിന്തുണയും സഹായവും ഇവർക്കുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

കടവന്ത്രയിലെ റെവൺ ബാക്ക് സെക്യൂരിറ്റീസിൽ മാനേജരായിരുന്ന ജൂബിയും ജനറൽ മാനേജരായിരുന്ന തിരുവനന്തപുരം ശാസ്തമംഗലം ആശ്രമം ലൈനിൽ അശ്വതി വീട്ടിൽ പ്രകാശ് നായരുമായി ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഒന്നാം പ്രതിയായ പ്രകാശ് നായരെ പൊലീസ് അന്വേഷിച്ചുവരികയാണ്. റെവൺ ബാക്ക് സെക്യൂരിറ്റീസ് ഉടമയുടെ വിശ്വസ്തരായ ജൂബിയെയും പ്രകാശിനെയും അദ്ദേഹം ഡീലർഷിപ് കാര്യങ്ങളുടെ പൂർണ ചുമതലയേൽപ്പിക്കുകയായിരുന്നു. സ്ഥാപനത്തിൽ ഇരുവർക്കും വാഹനമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് പുറമേ അരലക്ഷത്തിന് മുകളിൽ ശമ്പളവും നൽകിയിരുന്നു.

നഗരത്തിൽ ഔഡി, ബി.എം.ഡബ്ല്യു. കമ്പനികളുടെ ഡീലർഷിപ് അനുവദിച്ചു കിട്ടുന്നതിനുള്ള നടപടികൾക്കാണെന്നു പറഞ്ഞ് പ്രതികൾ കമ്പനി അക്കൗണ്ടിൽനിന്ന് ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഡൽഹി, കൊൽക്കത്ത, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പത്തോളം അക്കൗണ്ടുകളിലേക്ക് പല തവണകളിലായി 1.39 കോടി രൂപ വ്യവസായിയെക്കൊണ്ട് നിക്ഷേപിപ്പിച്ചു. തുടർന്ന് പ്രതികൾ രണ്ടു പേരുടെയും ഇവരുടെ ഭാര്യമാരുടെയും അക്കൗണ്ട് മുഖാന്തിരം പണം പിൻവലിച്ചെടുത്ത് സ്വന്തം ആവശ്യങ്ങൾക്കുപയോഗിച്ച് ആർഭാടജീവിതം നയിച്ചുവരികയായിരുന്നു.

ഔഡി, ബി.എം.ഡബ്ല്യു. കമ്പനികളിൽനിന്നെന്ന വ്യാജേന ഇമെയിലുകൾ തയാറാക്കി പരാതിക്കാരന്റെ സ്ഥാപനത്തിന്റെ മെയിൽ ഐ.ഡിയിലേക്ക് അയച്ചും എസ്.എംഎസുകൾ തയാറാക്കി ഡൽഹിയിലുള്ള സുഹൃത്തിന് അയച്ചുകൊടുത്ത് അതു തിരികെ വ്യവസായിക്കു തിരിച്ചയപ്പിച്ച് വിശ്വസിപ്പിച്ചുമാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. ഡീലർഷിപ്പിനായി വ്യവസായി വാങ്ങിയ സ്ഥലത്ത് ഔഡി കമ്പനിയുടെ ഡീലർ ഡെവലപ്പ്‌മെന്റ് മാനേജർ അഭിഷേക് അറോറ എന്ന വ്യാജേന പരിശോധന നടത്തിയ പ്രതികളുടെ സുഹൃത്ത് പ്രദീപ് പാണ്ഡെയും തട്ടിപ്പിനു കൂട്ടുനിന്ന ഇവരുടെ ഭാര്യമാരും പ്രതികളാണ്. ഇവർക്കു വേണ്ടിയും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

മധ്യപ്രദേശിലും ഡൽഹിയിലും കൊൽക്കത്തയിലും വിശദമായ അന്വേഷണം നടത്തുമെന്നും കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.