മലപ്പുറം: വൈലത്തൂരിൽ ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിക്കാൻ ഇടയായത് സഹോദരന്റെ ഭാര്യയുമായുള്ള പ്രതിയുടെ ബന്ധം ചോദ്യം ചെയ്തതിന്. പൊന്മുണ്ടം മച്ചിങ്ങപ്പാറ സ്വദേശി രവിയാണ് (41) കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്തും മീശപ്പടി സ്വദേശിയുമായ രാജേഷ് (42) ആണ് സംഭവത്തിൽ അറസ്റ്റിലായത്.

രവിയുടെ ഗൾഫിലുള്ള ജേഷ്ഠ സഹോദരന്റെ ഭാര്യയുമായുള്ള രാജേഷിന്റെ അടുപ്പം രവി നേരത്തേയും ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയെ തുടർന്ന് രണ്ട് കേസുകൾ മുമ്പ് രജിസ്റ്റർ ചെയ്തതായി കൽപകഞ്ചേരി എസ്.ഐ പി.എസ്.മഞ്ജിത്ത് ലാൽ പറഞ്ഞു.

രാജേഷ് വീട്ടിൽ വരുന്നത് നേരത്തേ പ്രശ്‌നത്തിന് ഇടയാക്കിയിരുന്നു. രവിയുടെയും സഹോദരന്റെയും വീട് അര കിലോമീറ്റർ അകലെയാണ്. എന്നാൽ അടുത്ത് നിരവധി കുടുംബവീടുകളുമുണ്ട്. സംഭവ ദിവസം രാത്രിയിൽ സഹോദരന്റെ വീട് വഴി ഓട്ടോയുമായി പോകുകയായിരുന്നു രവി. ഈ സമയം ബൈക്കുമായെത്തിയ രാജേഷിനെ കണ്ടതോടെ ഇരുവരും തർക്കമുണ്ടായി. സഹോദരന്റെ ഭാര്യയെ കാണാൻ വന്നതാണെന്നറിഞ്ഞതോടെ വാക്കേറ്റം കയ്യാംകളിയിലെത്തി. ഈ സമയം അരയിൽ സൂക്ഷിച്ച കത്തിയെടുത്ത് രാജേഷ് കുത്തുകയായിരുന്നു.

സംഭവ ശേഷം രക്ഷപ്പെട്ട രാജേഷിനെ മണിക്കൂറുകൾക്കകം കൽപകഞ്ചേരി പൊലീസ് പിടികൂടി. പൊന്മുണ്ടം ബൈപ്പാസിലാണ് രവിയെ കുത്തേറ്റ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. മരിച്ച രവി അവിവാഹിതനാണ്. പ്രതി രാജേഷിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.