- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈച്ചയെ പോലും കയറ്റാത്ത സുരക്ഷ; മാധ്യമങ്ങളെ നടപ്പന്തലിൽ തടഞ്ഞ് ആർ പി ഗ്രൂപ്പിന്റെ കരുതൽ എടുക്കൽ; വിവാഹത്തിന് അതിഥികളായെത്തിയ വിഐപികൾക്ക് പോലും മൊബൈൽ ഷൂട്ടിങ് നിഷേധിച്ചു; സ്റ്റാർ ഗസ്റ്റായി കണ്ണന്റെ നടയിൽ എത്തിയത് സാക്ഷാൽ മോഹൻലാൽ; രാവിലെ 7.30ന് മിന്നുകെട്ട്; രവി പിള്ളയുടെ മകന്റെ വിവാഹം കെങ്കേമമായി; പങ്കെടുത്തത് 100ലേറെ പേർ; കോവിഡു കാലത്ത് ആഗ്രഹിച്ച പോലെ മാംഗല്യം
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തിയപ്പോൾ പോലും ഇത്രയേറെ സുരക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ രവി പിള്ളയുടെ മകന്റെ കല്യാണത്തിന് അതിലും വലിയ സുരക്ഷ. മാധ്യമങ്ങളെ പോലും നടപ്പന്തലിലേക്ക് കടത്തിവിട്ടില്ല. ഈച്ച പോലും കടക്കുന്നില്ലെന്ന് ഉറപ്പാക്കി.
കോവിഡു കാലത്തെ ശതകോടീശ്വരന്റെ മകന്റെ കല്യാണത്തിന് പ്രോട്ടോകോൾ ലംഘനമുണ്ടായാൽ അത് പുറത്തെത്താതിരിക്കാനുള്ള കരുതലായിരുന്നു എല്ലാം. ഒന്നും കോടതികൾ അറിയരുതെന്ന നിശ്ചയദാർഢ്യം. മാധ്യമങ്ങളോട് തെക്കേ നടയിൽ പോയി രജിസ്റ്റർ ചെയ്യണമെന്നായിരുന്നു സെക്യൂരിറ്റിക്കാരുടെ നിർദ്ദേശം. സമാനതകളില്ലാത്ത സുരക്ഷ ഒരുക്കി വിവാഹം നടക്കുമ്പോൾ സ്റ്റാർ അതിഥിയായത് സാക്ഷാൽ മോഹൻലാലും. രാവിലെ 7.30നായിരുന്നു കണ്ണന്റെ നടയിലെ മിന്നുകെട്ട്. മോഹൻലാൽ ഭാര്യ സുചിത്രയുമൊത്താണ് വിവാഹത്തിന് എത്തിയത്.
ബംഗളൂരുവിൽ ഐ.ടി കമ്പനി ജീവനക്കാരിയായ അഞ്ജനയെയാണ് ഗണേശ് രവിപിള്ളയുടെ വധു.ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേൽശാന്തി എന്നിവരുടെയും നിർദ്ദേശങ്ങൾക്കും വിശ്വാസപരമായ നിബന്ധനകൾക്കും അനുസൃതമായാണ് വിവാഹവും നടന്നത്. മോഹൻലായിരുന്നു പ്രധാന ആകർഷണം. മാധ്യമങ്ങളെ കയറ്റാത്തതു കൊണ്ടു തന്നെ എത്തിയ വിഐപികൾ ആരെന്നതിൽ വ്യക്തയില്ല. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിലെ കേസുകൾ ഉണ്ടാകാതിരിക്കാനായിരുന്നു മുൻ കരുതലുകൾ. 12 പേരെ മാത്രമാണ് ഒരോ വിവാഹത്തിനും ഗുരുവായൂരിൽ അനുവദിക്കാറുള്ളത്. ദിലീപ്, കാവ്യാമധാവൻ, ഡിജിപി സന്ധ്യ തുടങ്ങിയ പ്രമുഖർ വിവാഹ ശേഷമുള്ള ആഘോഷത്തിനായി ഗുരുവായൂരിൽ ഉണ്ട്. മോഹൻലാൽ മാത്രമാണ് താലികെട്ട് സമയത്ത് ക്ഷേത്ര നടയിൽ എത്തിയത്.
മകന്റെ വിവാഹത്തിന് മുന്നോടിയായി ഡോ. രവി പിള്ള ഗുരുവായൂരപ്പന് സ്വർണ കിരീടം നടയ്ക്കു വച്ചിരുന്നു. ഉന്നത നിലവാരമുള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച 725 ഗ്രാം തൂക്കം വരുന്ന കിരീടം 40 ദിവസംകൊണ്ടാണ് നിർമ്മിക്കുന്നത്. മരതകക്കല്ലിന്റെ തൂക്കം 14.45 കാരറ്റാണ്. ഏഴേമുക്കാൽ ഇഞ്ച് ഉയരവും അഞ്ചേമുക്കാൽ ഇഞ്ച് വ്യാസവുമുള്ള കിരീടം നക്ഷി ഡിസൈനിൽ പൂർണമായും കൈകൊണ്ട് നിർമ്മിച്ചതാണ്. ഓരോ ശിൽപ്പവും അല്ലെങ്കിൽ കലാസൃഷ്ടിയും വ്യത്യസ്മായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതോടെയാണ് രവി പിള്ളയുടെ മകന്റെ കല്യാണം ചർച്ചകളിൽ നിറഞ്ഞത്.
ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേൽശാന്തി എന്നിവരുടെയും നിർദ്ദേശങ്ങൾക്കും വിശ്വാസപരമായ നിബന്ധനകൾക്കും അനുസൃതമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണു കിരീടം പണിതത്.തിരുപ്പതി ബാലാജി ക്ഷേത്രം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾക്ക് കിരീടം ഉൾപ്പെടെയുള്ള ആടയാഭരണങ്ങൾ പണിത് പ്രശസ്തനായ പാകുന്നം രാമൻകുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഈ സമ്മാനം കണ്ണന് സമർപ്പിച്ചാണ് വിവാഹത്തിലേക്ക് കടന്നത്. വിവാഹത്തിന് വൻ ഒരുക്കങ്ങൾ നടത്തി. ഇതെല്ലാം കോവിഡ് ലംഘനമാകുമെന്ന റിപ്പോർട്ടുമെത്തി. ഇതോടെയാണ് സുരക്ഷ ശക്തമാക്കി ആരേയും അകത്തു കടത്താതെ വിവാഹം നടത്തിയത്.
2015ൽ രവി പിള്ളയുടെ മകളുടെ വിവാഹം വലിയ ആഡംബരത്തോടെയാണ് നടന്നത്. എറണാകുളം സ്വദേശി വിനോദ് നെടുങ്ങാടിയുടേയും ഡോ ലത നായരുടേയും മകൻ ഡോ ആദിത്യ വിഷ്ണുവുമാണ് മകൾ ആരതിയെ വിവാഹം കഴിച്ചത്. തിരുപ്പതി ക്ഷേത്ര സന്നിധിയിൽ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. തിരുപ്പതിയിൽ വച്ച് നടന്ന വിവാഹം വളരെ ലളിതമായിരുന്നെങ്കിൽ കേരളത്തിൽ വച്ച് നടത്തിയ വിവാഹ പാർട്ടി ആഡംബരമായിരുന്നു. 50 കോടിയിലധികം രൂപയാണ് വിവാഹത്തിന് വേണ്ടി മാത്രം ചെലവിട്ടതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇവരുടെ വിവാഹ നിശ്ചയവും അതിന്റെ വീഡിയോയുമൊക്കെ ഇതിനോടകം തന്നെ വൈറലായിരുന്നു. കൊല്ലം ആശ്രമം മൈതാനത്ത് വച്ചായിരുന്നു വിവാഹം പാർട്ടി നടന്നത്. കോവിഡു കാലത്ത് ഇത് നടക്കില്ല. അതുകൊണ്ടാണ് ഗുരുവായൂർ നടയിലേക്ക് വിവാഹം എത്തിയത്.