- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്; രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്; ബെംഗളൂരു പരപ്പന അഗ്രഹാര ജയിൽ അധികൃതരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. രവി പൂജാരി റിമാൻഡിൽ കഴിയുന്ന ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് കൊച്ചിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
വെടിവയ്പ് കേസിൽ രവി പൂജാരിയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാൻ ബെംഗളൂരു സെഷൻസ് കോടതി ക്രൈംബ്രാഞ്ചിന് അനുമതി നൽകിയിരുന്നു.
അഞ്ചു ദിവസം ജയിൽ അധികൃതരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് അനുമതി. പ്രതിയെ കൊച്ചി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനാണു ബെംഗളൂരു കോടതിയെ സമീപിച്ചതെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയിൽ വച്ചാണ് രവി പൂജാരി അറസ്റ്റിലായത്. 2019 ഡിസംബർ 15നാണ് കൊച്ചി കടവന്ത്രയിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ ഒരു സംഘം വെടിവെച്ചത്. അധോലോക കുറ്റവാളി രവി പൂജാരിയുടെ നിർദ്ദേശ പ്രകാരമാണ് കൃത്യം ചെയ്തതെന്ന് തെളിയിക്കാൻ ചില കുറിപ്പും സ്ഥലത്ത് ഉപേക്ഷിച്ചായിരുന്നു സംഘം മടങ്ങിയത്.
വെടിവയ്‌പ്പിന് ഒരുമാസം മുമ്പ് നടി ലീനയെ ഫോണിൽ വിളിച്ചു രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാതായപ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പാർലറിന് നേരെ നിറയൊഴിച്ച അക്രമികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.