പെരുമ്പാവൂർ: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ശ്രീശ്രീ രവിശങ്കറിന് ഉജ്ജ്വല സ്വീകരണം. രാവിലെ 11.30നാണ് അദ്ദേഹം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കണമെന്നു ജീവനകലയുടെ ആചാര്യൻ ശ്രീശ്രീ രവിശങ്കർ. പെരുമ്പാവൂരിൽ ആർട് ഓഫ് ലിവിങ് സംഘടിപ്പിച്ച മെഗാ ഹാപ്പിനസ് പ്രോഗ്രാമിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജീവിതം ഒരു ആഘോഷമാണ്. എപ്പോഴും സന്തോഷമായിരിക്കണം. വസുധൈവ കുടുംബകം എന്ന തത്വമാണു നമ്മെ നയിക്കേണ്ടത്. എല്ലാ സമയത്തും മുഖത്തു പുഞ്ചിരി ഉണ്ടായിരിക്കണമെന്നും അതാണ് യഥാർഥ ജീവനകലയെന്നും അദ്ദേഹം പറഞ്ഞു. കുന്നത്തുനാട് എസ്എൻഡിപി യൂണിയൻ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിലേക്കെത്തിയ ആചാര്യനെ ആർട് ഓഫ് ലിവിങ് പ്രവർത്തകർ ഹർഷാരവത്തോടെയും പ്രാർത്ഥനകളോടെയുമാണു സ്വീകരിച്ചത്. മെഗാ ഹാപ്പിനസ് മാത്രമായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ പൊതുപരിപാടി.

ഇന്നു രാവിലെ ഏഴിനു കാലടി ആർട് ഓഫ് ലിവിങ് ആശ്രമത്തിൽ നടക്കുന്ന രുദ്രാഭിഷേകത്തിൽ മുഖ്യകാർമികത്വം വഹിക്കുന്ന അദ്ദേഹം തുടർന്ന് 9.30നു കൊച്ചിയിൽ ഹോട്ടൽ താജ് ഗേറ്റ്‌വേയിൽ സിഐഐ സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് മീറ്റിൽ പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് ആർട് ഓഫ് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ യുണിസെഫും കേരള സർക്കാരിന്റെ സുബോധം പദ്ധതിയും ചേർന്നു സംഘടിപ്പിക്കുന്ന ഫെയ്ത്ത് ഇൻ ആക്ഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ആറിനു ജനം ടിവിയുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്ന ശ്രീശ്രീ രവിശങ്കർ രാത്രി പത്തോടെ ബംഗളൂരുവിലേക്കു മടങ്ങും.