ലോകം മുഴുവൻ കുഞ്ഞ് റായന് വേണ്ടി പ്രാർത്ഥനയോടെ കൈകൂപ്പുകയാണ്, രക്ഷാപ്രവർത്തകർ അവനോട് കൂടുതൽ അടുത്ത് എത്തുമ്പോൾ. മൊറോക്കോയിലെ വടക്കൻ പ്രവിശ്യയായ ഷെഫ്ചാവോനിലെ ഇഗ്രാൻ ഗ്രാമവും വേദനയോടെ കാത്തിരിക്കുകയാണ് കുഞ്ഞ് റായൻ രക്ഷപ്പെട്ട് അവർക്കടുത്തേക്ക് ഓടിയെത്താൻ വേണ്ടി. 32 മീറ്ററോളം (105 അടി) താഴ്‌ച്ചയുള്ള കുഴൽക്കിണറിലേക്ക് വീണ റായൻ എന്ന അഞ്ചുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആഴങ്ങളിലേക്ക് എത്തുന്ന തന്റെ രക്ഷകനേയും കാത്തിരിക്കുന്ന കുഞ്ഞിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇടറുന്ന നെഞ്ചുകളോടെ, നിറയുന്ന കണ്ണീരോടെയാണ് ലോകം ആ വീഡിയോ കണ്ടത്.

തന്റെ ഗ്രാമത്തിലെ തന്നെ ഉപയോഗശൂന്യമായ ഒരു കുഴൽക്കിണറിനുള്ളിലായിരുന്നു റയാൻ കളിക്കുന്നതിനിടെ കാൽതെറ്റി വീണത്. വിവരമറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ, സ്ഥലത്തുനിന്നും അല്പം മാറി 31 മീറ്റർ ആഴത്തിൽ വരെ കുഴിയെടുത്തുകഴിഞ്ഞു. അഞ്ച് ബുൾഡോസറുകൾ ഉൾപ്പടെ സർവ്വസന്നാഹങ്ങളുമായാണ് രക്ഷാസേന എത്തിയിരിക്കുന്നത്. ഇനി ഭൂമിയുടെ ഉപരിതലത്തിന് സമാന്തരമായി ടണൽ രൂപീകരിച്ച് റയാന്റെ അടുത്ത് എത്തുക എന്നതാണ് ദൗത്യം. ഇന്നലെ മുതൽ തിരശ്ചീനപാത രൂപീകരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

അതേസമയം, മറുഭാഗത്ത്, ഒരു കയർ ഉപയോഗിച്ച് കുട്ടിക്ക് ആവശ്യമായ ഓക്സിജൻ, ഭക്ഷണം, വെള്ളം എന്നിവ കൃത്യമായി നൽകുന്നുണ്ട്. എന്നാൽ, അത് തീരെ വിസ്തൃതി കുറഞ്ഞ കുഴി ആയതിനാൽ അതുവഴി ആർക്കും ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്താൻ കഴിയില്ല. ദൈവത്തിന്റെ കൃപാകടാക്ഷത്താൽ കുട്ടി പൂർണ്ണ ആരോഗ്യത്തോടെ പുറത്തെത്തുമെന്നാണ് പ്രതീക്ഷ എന്ന് കണ്ണീരോടെ കാത്തുനിൽക്കുന്ന കുഞ്ഞ് റയാന്റെ അമ്മ പറയുന്നു. രക്ഷാപ്രവർത്തനങ്ങളിൽ പ്രതേക പരിശീലനം നേടിയിട്ടുള്ള ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ളവർ അവിടെ എത്തിയിട്ടുണ്ട്. കുഴിയിൽ നിന്നു റയാനെ പുറത്തെടുത്താൻ ഉടൻ അവർ കാര്യങ്ങൾ ഏറ്റെടുക്കും. മാത്രമല്ല, എന്തെങ്കിലു അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ തന്നെ കുട്ടിക്ക് മികച്ച വൈദ്യസഹായം ലഭിക്കുവാൻ ഒരു ഹെലികോപ്റ്ററും അവിടെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

സാധ്യമായതെന്തും ചെയ്ത് കുഞ്ഞ് റയാനെ രക്ഷിക്കാൻ മൊറോക്കൻ സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അതേസമയം മൊറോക്കൻ ജനതമുഴുവൻ മനസ്സുരുകി പ്രാർത്ഥിക്കുകയാണ്. അതിനിടയിലാണ് ലോകത്തെ മുഴുവൻ സ്പർശിച്ച റയാന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതോടെ ലോകം മുഴുവൻ സമൂഹമാധ്യമങ്ങളി സേവ് റയൻ എന്ന ഹാഷ്ടാഗിനു കീഴെ റയാന് പ്രാർത്ഥനകളുമായി എത്താൻ തുടങ്ങി.

ഇനി ഏതായാലും 20 അടി മാത്രം ദൂരമാണ് കുട്ടിയുടെ അടുത്തെത്താൻ ബാക്കിയുള്ളതെന്ന് മൊറോക്കൻ അധികൃതർ പറയുന്നു. ഒരൊറ്റ രാത്രികൊണ്ട് ഈ ദൂരം പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. അതിനിടെ തിരശ്ചീനമായ ഭൂഗർഭ ടണൽ രൂപീകരിക്കുന്ന ശ്രമങ്ങൾക്കിടയിൽ മണ്ണിന്റെ ബലക്കുറവ് ഒരു പ്രശ്നമായി എത്തിയിരുന്നു എങ്കിലും,. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പാക്കിയിട്ടു തന്നെയാണ് തിരശ്ചീന പാതയുടെ നിർമ്മാണം ആരംഭിച്ചത്.