വിൻഡ്ഹുക്ക്: ക്രിക്കറ്റ് മൈതാനത്തുനിന്ന് ഒരു ദുരന്തം കൂടി. മത്സരത്തിനിടെ പക്ഷാഘാതം സംഭവിച്ച നമീബിയൻ ക്രിക്കറ്റ് താരം റെയ്മണ്ട് വാൻ ഷൂറിയാണ് ക്രിക്കറ്റ് ലോകത്തിന്റെ പ്രാർത്ഥനകൾ വിഫലമാക്കി ജീവിതത്തിന്റെ ക്രീസിനോടു വിട പറഞ്ഞത്.

ബാറ്റ് ചെയ്യുന്നതിനിടെയാണ് ഈ ഇരുപത്തിയഞ്ചുകാരനു പക്ഷാഘാതം സംഭവിച്ചത്. നമീബീയൻ ദേശീയ ക്രിക്കറ്റ് താരം കൂടിയാണ് റെയ്മണ്ട് വാൻ ഷൂറി.

കഴിഞ്ഞ അഞ്ച് ദിവസമായി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. ഞായറാഴ്ച ഫ്രീ സ്റ്റേറ്റിനെതിരായ ഏകദിന മത്സരത്തിൽ നമീബിയയ്ക്കുവേണ്ടി ബാറ്റ് ചെയ്യുന്നതിനിടെയാണ് റെയ്മണ്ട് കുഴഞ്ഞുവീണത്.

15 പന്തിൽ 16 റൺസെടുത്തിരുന്ന റെയ്മണ്ട് ക്രീസിലുണ്ടായിരുന്ന സഹതാരം നിക്കോളാസ് ഷോൾട്‌സിനോട് തലചുറ്റുന്നതായി പറഞ്ഞിരുന്നു. തുടർന്ന് ഷോൾട്‌സ് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. വെള്ളം കുടിച്ച ഉടനെ ഷോൾട്‌സിന്റെ കൈകളിലേക്ക് റെയ്മണ്ട് കുഴഞ്ഞുവീഴുകയായിരുന്നു. കനത്ത ചൂടുമൂലമുള്ള അസ്വസ്ഥതയോ നിർജ്ജലീകരണമോ ആകാം കാരണമെന്ന് കരുതി റെയ്മണ്ടിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിലെത്തിയശേഷം നടത്തിയ പരിശോധനയിലാണ് തലച്ചോറിൽ ചെറിയ വീക്കമുള്ളതായി കണ്ടത്.

നമീബിയയുടെ അണ്ടർ 15 ടീം നായകനായിട്ടുള്ള റെയ്മണ്ട് നമീബിയയ്ക്കുവേണ്ടി കളിക്കുന്ന പ്രായം കുറഞ്ഞ താരങ്ങളിലൊരാളാണ്. ഞായറാഴ്ച നടന്ന മത്സരത്തിൽ നമീബിയ അഞ്ചു വിക്കറ്റിന് ജയിച്ചിരുന്നു.