കോഴിക്കോട്; കോഴിക്കോട് ജില്ലയിൽ താമരശ്ശേരിക്കടുത്ത് കട്ടിപ്പാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഫ്രഷ്‌കട്ട് എന്ന അറവുമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ ജില്ല കളക്ടർക്ക് പരാതി നൽകി എട്ടാം ക്ലാസ് വിദ്യാർത്ഥിനി. കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ 8ാം ക്ലാസ്സ് വിദ്യാർത്ഥിനിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗവുമായ റെയോണ എം. ആന്റുവാണ് കോഴിക്കോട് ജില്ല കളക്ടർ ആർ സാബശിവറാവുവിന് പരാതി നൽകിയത്. സ്വന്തം വീടിന്റെ മുറ്റത്ത് പോലും ഇറങ്ങാൻ സാധിക്കാതെ ദുർഗന്ധം ശ്വസിച്ച് ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു.

കോടഞ്ചേരി പഞ്ചായത്ത് അതിർത്തിയിലൂടെ ഒഴുകുന്ന ഇരുതുള്ളി പുഴയുടെ മറുകരയിൽ കട്ടിപ്പാറ പഞ്ചായത്തിന്റെയും പൊലൂഷൻ കൺട്രോൾ ബോർഡിന്റെയും അനുമതിയോടെ പ്രവർത്തിക്കുന്ന കോഴി അറവ് മാലിന്യ സംസ്‌കരണ സ്ഥാപനമാണ് ഫ്രഷ്‌കട്ട് ഓർഗാനിക് ലിമിറ്റഡ്. ഈ സ്ഥാപനത്തിന്റെ പ്രവർത്തന ആരംഭംമുതൽ ഉണ്ടാവുന്ന രൂക്ഷമായ ദുർഗന്ധത്തെ സംബന്ധിച്ച് പ്രദേശത്തെ മുന്നൂറോളം വരുന്ന സാധാരണക്കാരായ കുടുംബങ്ങൾ ഒപ്പിട്ട് മുഖ്യമന്ത്രി മുതൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും പരാതി നൽകിയിരുന്നു. അതോടൊപ്പം ഈ കമ്പനി മാനേജ്‌മെന്റും പൊലീസ് അധികാരികളും പ്രദേശത്തെ ജനകീയ സമിതിയും ചേർന്നു വിഷയത്തിന് ശാശ്വത പരിഹാരത്തിനുള്ള ഉടമ്പടി തയ്യാറാക്കിയെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല.

കേരള സർക്കാർ നടത്തിയ 'സാന്ത്വനം' അദാലത്തിൽ പ്രദേശത്തുള്ള രക്ഷിതാക്കൾ നേരിട്ട് പങ്കെടുക്കുകയും സബ്കളക്ടർ ശ്രീധന്യ ഐ.എ.എസ് ന് പരാതി കൈമാറുകയും ചെയ്തിരുന്നു.കൂടാതെ ജില്ല കളക്ടറുടെ ഓഫീസിൽ നേരിട്ട് വരികയും തങ്ങളുടെ അതിജീവന പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അതോടൊപ്പം ഈ സ്ഥാപനം സ്ഥിതി ചെയ്യുന്ന കട്ടിപ്പാറ പഞ്ചായത്തിലേക്ക് നിയമപരമായി ഒരു ജനകീയ ധർണ്ണ സംഘടിപ്പിക്കുകയും വിഷയത്തിനു പരിഹാരം കണ്ടെത്തണമെന്ന് അപേക്ഷ നല്കുകയു ചെയ്തു. പക്ഷേ നാളിതുവരെയായി ഈ ദുർഗന്ധവിഷയത്തിന് യാതൊരുവിധ പരിഹാരവും ഉണ്ടായിട്ടില്ല എന്നും റെയോണ നൽകിയ പരാതിയിൽ പറയുന്നു.

ഈ പ്രദേശത്ത് അധിവസിക്കുന്ന ബഹുഭൂരിപക്ഷം കർഷകരും കർഷക തൊഴിലാളികളും കൂലിപ്പണിക്കാരും ഈ രൂക്ഷമായ ദുർഗന്ധത്തിനു മുന്നിൽ അധികാരികളുടെ ഇടപെടലിനായി യാചിക്കുകയാണ്. സ്വന്തം വീടിന്റെ മുറ്റത്ത് പോലും ഇറങ്ങാൻ സാധിക്കാതെ ദുർഗന്ധം ശ്വസിച്ച് ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നു.

നൂറുകണക്കിന് വിദ്യാർത്ഥികൾ ഈ വിഷയത്തിന്റെ ബലിയാടുകൾ ആണ്. അടച്ചുപൂട്ടലിന്റെ കോവിഡ് മഹാമാരി കാലത്ത് ഞങ്ങളുടെ സ്വന്തം വീടുകളിൽ പോലും ശുദ്ധവായു ലഭിക്കാതെ ജീവിതം തള്ളിനീക്കേണ്ട ഗതികേടിലാണ് ഞങ്ങൾ.കോഴി അറവ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കട്ടെ. പക്ഷേ ദുർഗന്ധം പരത്തി ഒരു നാടിനെ ആകെ ശ്വാസം മുട്ടിക്കുക അല്ലല്ലോ വേണ്ടത്.

ആയതിനാൽ ഈ വിഷയത്തിൽ ജില്ല കളക്ടർ ഇടപെട്ട് ഈ അതിജീവന പ്രശ്‌നം പരിഹരിക്കണമെന്നും കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ 8ാം ക്ലാസ്സ് വിദ്യാർത്ഥിനിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗവുമായ റെയോണ എം. ആന്റു കോഴിക്കോട് ജില്ല കളക്ടർ ആർ സാബശിവറാവുവിന് നൽകിയ പരാതിയിൽ പറയുന്നു.