മെൽബൺ: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പലിശ നിരക്ക് രണ്ടു ശതമാനത്തിലേക്ക് താഴ്‌ത്തിക്കൊണ്ട് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പ്രസ്താവനയിറക്കി. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ രണ്ടു ശതമാനമെന്നതിലേക്ക് പലിശ നിരക്ക് എത്തിയതോടെ മൂന്നു ലക്ഷം ഡോളറിന്റെ മോർട്ട്‌ഗേജുള്ളവർക്ക് റീപേയ്‌മെന്റിൽ ഒരു മാസം 47 ഡോളറിന്റെ ലാഭമാണ് ഉണ്ടാകുക.

ഫെബ്രുവരിൽ 25 പോയിന്റ് താഴ്‌ത്തി 2.25 ശതമാനത്തിൽ പലിശ നിരക്ക് നിജപ്പെടുത്തിയതിൽ പിന്നെ ഇപ്പോഴാണ് നിരക്കിൽ കുറവ് വരുത്തുന്നത്. കഴിഞ്ഞ മാസം രണ്ടു ശതമാനത്തിലേക്ക് നിരക്ക് താഴ്‌ത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും 2.25 ശതമാനത്തിൽ തന്നെ നിലനിർത്തുകയായിരുന്നു. മേയിലെ മണിട്ടറി മീറ്റിംഗിൽ നിരക്ക് വെട്ടിക്കുറയ്ക്കൽ ഉണ്ടാകുമെന്ന് 29 സാമ്പത്തിക വിദഗ്ധരിൽ 25 പേരും പ്രവചിച്ചിരുന്നതാണ്.

പലിശ നിരക്ക് 25 പോയിന്റു കുറയ്ക്കുന്നുവെന്ന പ്രഖ്യാപനം വന്നയുടൻ തന്നെ ഓസ്‌ട്രേലിയൻ ഡോളർ നിരക്ക് 77.8 യുഎസ് സെന്റിലേക്ക് കൂപ്പുകുത്തിയെങ്കിലും പിന്നീട് ഡോളർ ശക്തിപ്രാപിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ 79 യുഎസ് സെന്റ് എന്ന നിലയിലേക്ക് തിരിച്ചെത്തി. രണ്ടു ശതമാനമെന്ന റെക്കോർഡ് താഴ്ന്ന നിലയിലേക്ക് പലിശ നിരക്ക് എത്തിയതോടെ 2016 വരെ ഇനിയൊരു നിരക്ക് വ്യത്യാസം ഉണ്ടാകുകയില്ലെന്നാണ് വിലയിരുത്തുന്നത്. അതേസമയം രണ്ടു ശതമാനം പലിശ നിരക്ക് എന്നത് മൂന്നു ലക്ഷം ഡോളറിന്റെ മോർട്ട് ഗേജ് എടുത്തിട്ടുള്ളവർക്ക് മാസം 47 ഡോളറിന്റെ ലാഭമാണ് ഉണ്ടായിരിക്കുന്നത്.

എന്നാൽ പലിശ നിരക്കിൽ ഇളവു പ്രഖ്യാപിച്ചിരിക്കുന്നത് സിഡ്‌നി പ്രോപ്പർട്ടി മാർക്കറ്റിനെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. നിരക്ക് താഴും തോറും പ്രോപ്പർട്ടി വാങ്ങാൻ  ആൾക്കാർക്ക് കൂടുതൽ സൗകര്യം ചെയ്തുകൊടുക്കുകയാണ് ചെയ്യുന്നത്. ഇത് സിഡ്‌നിയിലേയും മെൽബണിലേയും പ്രോപ്പർട്ടികൾക്ക് വില വർധിപ്പിക്കാനാണ് സാഹചര്യമൊരുക്കുന്നത്. പ്രോപ്പർട്ടി മാർക്കറ്റിൽ ബൂം ഉണ്ടാകുമ്പോൾ അത് രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് കോട്ടം തട്ടുമെന്നും വിലയിരുത്തപ്പെടുന്നു. ഇത് വ്യാപകമായ ആശങ്കയ്ക്ക് ഇടവരുത്തിയിരിക്കുകയാണ്.