മെൽബൺ: സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയായിരുന്ന രാജ്യത്തെ കൈപിടിച്ചുയർത്താൻ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പലിശ നിരക്ക് പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് അടുത്തകാലത്തെങ്ങും ഇനിയൊരു നിരക്ക് വെട്ടിച്ചുരുക്കലില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. പലിശ നിരക്ക് രണ്ടു ശതമാനത്തിൽ തന്നെ നിലനിർത്തിക്കൊണ്ടുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. എന്നാൽ സമ്പദ് ഘടന മെച്ചപ്പെട്ടില്ലെങ്കിൽ ഇനിയും നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന് മണിട്ടറി ബോർഡ് സൂചിപ്പിച്ചിരുന്നു.


അതേസമയം രാജ്യത്ത് ജോബ് മാർക്കറ്റിൽ അടുത്ത കാലത്ത് ഉണർവ് ഉണ്ടായിട്ടുണ്ടെന്ന് റിസർവ് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. ജോബ് മാർക്കറ്റിനൊപ്പം തന്നെ ഹൗസിങ് മാർക്കറ്റും സജീവമായി. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് മൂലം പ്രോപ്പർട്ടി മാർക്കറ്റ് സജീവമായി തന്നെയാണ് നിലനിൽക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയൊരു പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിന് സാഹചര്യമില്ലെന്ന് ആർബിഎ സൂചിപ്പിച്ചു.

നിലവിൽ രാജ്യത്തെ തൊഴിലില്ലായ്മ മാർക്കറ്റ് ആറു ശതമാനത്തിനും 6.25 ശതമാനത്തിനും മധ്യേയാണ് നിലകൊള്ളുന്നത്. വരും വർഷങ്ങളിൽ ഇത് താഴേയ്ക്ക് പോകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓഗസ്റ്റ് മുതൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനത്തിൽ താഴെയാണ്. ലേബർ ഡിമാൻഡും ജോബ് വേക്കൻസികളും വർധിച്ച സാഹചര്യത്തിൽ തൊഴിലില്ലായ്മ നിരക്ക് വർധിക്കാൻ ഇടയില്ലെന്നും അതുകൊണ്ടു തന്നെ സമ്പദ് ഘടനയിൽ വലിയൊരു തിരിച്ചടി ഉടൻ ഉണ്ടാകില്ലെന്നുമാണ് വിലയിരുത്തിയിരിക്കുന്നത്.

ഇതിനൊക്കെ പുറമേ നാണ്യപ്പെരുപ്പവും പ്രവചിച്ചതിനെക്കാൾ താഴെ നിൽക്കുന്നതിനാൽ പലിശ നിരക്കിൽ വെട്ടിച്ചുരുക്കൽ ആവശ്യമില്ലെന്നു തന്നെയാണ് ആർബിഎ മണിട്ടറി ബോർഡ് വിലയിരുത്തുന്നത്.