റിസർവ് ബാങ്കിന്റെ വിവിധ പ്രസ്സുകളിൽ അച്ചടിക്കുന്ന പുതിയ കറൻസി നോട്ടുകൾ രാജ്യമെമ്പാടും വിതരണം ചെയ്യുന്നതിനായി സർക്കാർ വ്യോമസേനയുടെ സഹായം തേടുന്നു. 21 ദിവസംകൊണ്ട് വിതരണം ചെയ്യേണ്ട കറൻസി ആറുദിവസംകൊണ്ട് എല്ലായിടത്തും എത്തിക്കുന്നതിനാണ് സർക്കാറിന്റെ ശ്രമം. അടുത്തയാഴ്ചയോടെ രാജ്യത്തെ കറൻസി ക്ഷാമം ഒരുപരിധിവരെ പരിഹരിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

എന്നാൽ, പ്രശ്‌നങ്ങളെല്ലാം തീർന്ന് രാജ്യത്തെ പണമിടപാട് പഴയരീതിയിലാകാൻ ജനുവരി 15വരെയെങ്കിലുമാകുമെന്ന് റിസർവ് ബാങ്ക് അധികൃതർ പറയുന്നു. വലിയ നോട്ടുകൾ അസാധുവാക്കിയതുകൊണ്ട് രാജ്യത്തിന് ലഭിക്കുന്ന അധിക സാമ്പത്തിക ലാഭം അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിരോധമേഖലയ്ക്കും ബാങ്കുകളുടെ മൂലധനം വർധിപ്പിക്കുന്നതിനുമായി ഉപയോഗിക്കാനും സർക്കാർ പദ്ധതിയിടുന്നു.

വിപണിയിലുള്ള മുഴുവൻ പണവും തിരിച്ചെത്തിയില്ലെങ്കിലും റിസർവ് ബാങ്കിന് വലിയ ആദായമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1978-ൽ ഇതിന് മുമ്പ് കറൻസി അസാധുവാക്കിയപ്പോൾ 20 ശതമാനത്തോളം നോട്ടുകൾ തിരിച്ചുവന്നിരുന്നില്ലെന്ന് അധികൃതർ പറയുന്നു. ഇക്കുറിയും അതുപോലെ സംഭവിച്ചേക്കാം. പക്ഷേ, എത്രത്തോളം നോട്ടുകൾ തിരിച്ചെത്തിയില്ലെങ്കിലും റിസർവ് ബാങ്കിന് മറ്റുബാങ്കുകൾക്ക് വലിയ തുക ലാഭവിഹിതമായി നൽകാനായേക്കും.

പുതിയതായി അച്ചടിച്ച 500 രൂപ നോട്ടുകൾ വിപണിയിലെത്തുന്നതോടെ പ്രതിസന്ധിക്ക് അയവുവരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, പിൻവലിച്ചത്രയും 500 രൂപ നോട്ടുകൾ തിരികെ വിപണിയിലെത്തിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. സാധാരണ നിലയ്ക്കുള്ള ഗതാഗത ക്രമീകരണങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ കറൻസി എത്താൻ വൈകുമെന്ന് ഉറപ്പുള്ളതിനാലാണ് വ്യോമസേനയുടേതടക്കം വിമാനങ്ങളും ഹെലിക്കോപ്ടറുകളും ഇതിനായി ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്.