വംബർ എട്ടിനാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കുന്നുവെന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. രാത്രി 12 മുതൽ നിയന്ത്രണം വന്നതോടെ, രാജ്യം അക്ഷരാർഥത്തിൽ നിശ്ചലമായി. പകരം വന്ന 2000 രൂപയുടെ നോട്ടുകൾ എവിടെയും ചെലവാക്കാനാവാതെ ജനം പൊറുതിമുട്ടി. നോട്ട് നിയന്ത്രണം ഏറെക്കുറെ പിൻവലിച്ചെങ്കിലും എ.ടി.എമ്മുകളിൽനിന്നും ബാങ്കുകളിൽനിന്നും ലഭിക്കുന്ന 2000 രൂപ നോട്ടുകൾ ഇന്നും സാധാരണക്കാരന് വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്.

കറൻസി പ്രതിസന്ധി പരിഹരിക്കാൻ 1000 രൂപ നോട്ടുകൾ തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാരും റിസർവ് ബാങ്കും.. പുതിയ രൂപത്തിലുള്ള 1000 രൂപ നോട്ടുകളുടെ വിതരണം മാർച്ചിലുണ്ടാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ജനുവരിയിൽത്തന്നെ 1000 രൂപ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു. എന്നാൽ, 500 രൂപ നോട്ടുകളുടെ ഡിമാന്റ് വൻതോതിൽ വർധിച്ചതോടെ, 1000-ന്റെ അച്ചടി വൈകിപ്പിക്കേണ്ടി വരികയായിരുന്നു.

പുതിയ 1000 രൂപ നോട്ടുകൾ എന്നുമുതൽക്ക് വിപണിയിലെത്തുമെന്ന് ഇനിയും സൂചനയില്ല. മാർച്ചിലെത്തുമെന്ന് പറയുന്നുണ്ടെങ്കിലും നോട്ടുകളുടെ ക്ഷാമം നേരിടാതിരിക്കാൻ വേണ്ടമുൻകരുതലെടുത്തശേഷം മാത്രമേ വിതരണം ആരംഭിക്കൂ എന്നാണ് സൂചന. 500-ന്റെയും 1000-ന്റെയും നോട്ടുകൾ പിൻവലിച്ചശേഷം കേന്ദ്രം 2000-ന്റെ നോട്ടുകളാണ് ആദ്യം പുറത്തിറക്കിയത്. ഏറെക്കുറെ ഉപയോഗശൂന്യമായി സാധാരണക്കാരന്റെ പക്കൽ 2000 രൂപ നോട്ടുകൾ പെട്ടതോടെ, സർക്കാർ 500 രംഗത്തിറക്കി.

ജനുവരി 27-ലെ കണക്കനുസരിച്ച് 500-ന്റെയും 2000-ന്റേതുമുൾപ്പെടെ എല്ലാ നോട്ടുകളുമായി വിപണിയിലുള്ളത് 9,92 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ്. എന്നാൽ, വിപണിയിലുള്ള 5000ന്റെയും 2000ന്റെയും നോട്ടുകളുടെ മൂല്യം പുറത്തുവിടാൻ റിസർവ് ബാങ്കധികൃതർ തയ്യാറായിട്ടില്ല. ഫെബ്രുവരി 20 മുതൽക്ക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി 50000 രൂപയായി ഉയർത്തിയതോടെ ബാങ്കിങ്ങിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഏറെക്കുറെ ഇല്ലാതായി.

പുതിയ 1000 രൂപ നോട്ടുകൾ വരുന്നതോടെ നോട്ട് പ്രതിസന്ധി പൂർണമായും ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, 2000 രൂപ നോട്ടുകളുടെ വിതരണവും അനായാസമാകും. പിൻവലിച്ച നോട്ടുകൾ ഏതാണ്ട് പൂർണമായിത്തന്നെ ബാങ്കുകളിൽ തിരിച്ചെത്തിയെങ്കിലും അതിന്റെ യഥാർഥ കണക്കുകൾ ആർബിഐ ഇനിയും പുറത്തുവിട്ടിട്ടില്ല. നോട്ട് പിൻവലിക്കലിന്റെ ഭാരം പൂർണമായി ഇല്ലാതാകുന്നതിന് 1000 രൂപ നോട്ടുകൾ രംഗത്തുവരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.