ന്യൂഡൽഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നിലവിലുള്ള കറൻസികൾ നിരോധിച്ചുകൊണ്ട് നരേന്ദ്ര മോദി നടത്തിയ വിപ്ലവത്തിന്റെ പിന്നിലെ കാരണങ്ങൾ എന്തെല്ലാമാണ്? കള്ളനോട്ടു കള്ളപ്പണവും തടയാൻ വേണ്ടിയാണെന്നാണ് ഗവൺമെന്റ് ഔദ്യോഗികമായി നൽകുന്ന വിശദീകരണം. കള്ളപ്പണ വേട്ടയാണ് മോദിയുടെ നേതൃത്വത്തിൽ നടത്തുന്നതെന്ന പ്രചരണവും ശക്തമാണ്. എന്നാൽ, ഇത് മാത്രമല്ല, മോദിയുടെ ഉദ്ദേശ്യമെന്ന് മറുവാദം പറയുന്നവരും നിരവധിയാണ്. സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് തുല്യമായ നടപടിക്ക് പിന്നിലുള്ള പെട്ടന്നുള്ള തീരുമാനം റിസർവ് ബാങ്കിന് സംഭവിച്ച് ഒരു പിഴവ് മറയ്ക്കാൻ വേണ്ടിയാണെന്നാണ് മറ്റു ചില കോണുകളിൽ നിന്നുള്ള വിലയിരുത്തലുകളും വിമർശനങ്ങളും.

ഈ ആക്ഷേപം ഉയരുന്നതിന് കാരണം ഒരു വർഷം മുമ്പ് ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ട വാർത്തയാണ്. പാക്കിസ്ഥാൻ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ഉപയോഗിക്കുന്ന കള്ളനോട്ട് തടയുക എന്ന ലക്ഷ്യത്തിന പുറമേ റിസർവ് ബാങ്കിന് സംഭവിച്ച് പിഴവ് തിരുത്തൽ കൂടിയാണ് ഇപ്പോഴത്തെ അടിയന്തരമായ നടപടികളുടെ പിന്നിലെന്നാണ വിമർശനം. ആർബിഐയുടെ ഭാഗത്തുനിന്ന് മുൻപ് ഈ വർഷം ഒരു വൻ വീഴ്‌ച്ച സംഭവിച്ചതായാണ് നേരത്തെ ദേശീയ മാദ്ധ്യമങ്ങളിൽ നിന്നും വ്യക്തമായത്. കോടാനുകോടികൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അച്ചടിച്ചു പുറത്തിറക്കിയപ്പോൾ സിൽവർ സെക്യൂരിറ്റി ത്രെഡ് ഇല്ലാതെയാണ് അച്ചടിച്ചത്. ഇക്കാര്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ സമ്മതിച്ച വിവരമാണ് നേരത്തെ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

30000 കോടി രൂപയുടെ ആയിരത്തിന്റെ നോട്ടുകളാണ് അന്ന് കറൻസിയുടെ നടുവിലായുള്ള സിൽവർ ത്രെഡ് ഇല്ലാതെ അടിച്ച് മാർക്കറ്റിൽ എത്തിച്ചത്. ഇത് വലിയ അബദ്ധമായി മാറുകയും ചെയ്തു. ഇതോടെ കള്ളനോട്ടടിക്കാർക്ക് കോളായി മാറി. കോടികളുടെ കള്ളപ്പണം ഇവർ യഥേഷ്ടം ഇന്ത്യൻ മാർക്കറ്റിൽ ഇറക്കി. ഇതോടെ കള്ളനോട്ടുകൾ ഇന്ത്യൻ വിപണിയിൽ പിടിമുറുക്കിയതിന്റെ പരിഹാരമാണ് മോദിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് വിമർശഖർ പറയുന്നത്.

ഇങ്ങനെ അച്ചടിയിൽ പിഴവു വന്ന നോട്ടുകൽ പിൻവലിക്കൽ കൂടി ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നോട്ടു നിരോധനം. പിഴവു പറ്റിയ നോട്ടുകൾ തിരിച്ചു പിടിക്കാൻ വേണ്ടി സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇക്കാര്യം സംഭവിച്ചില്ല. മാർക്കറ്റിൽ പോയ നോട്ടുകൾ തിരിച്ചു പിടിക്കാൻ സാധിക്കാതെ വന്നു. ഈ വീഴ്ച മുതലെടുത്ത് മാർക്കറ്റിലിറങ്ങിയ കള്ളനോട്ടുകൾ തടയാൻ സാധിക്കാതെ വന്നപ്പോഴാണ് ഇപ്പോഴത്തെ തീരുമാനത്തിലേക്ക് വന്നത്. മാർക്കറ്റിൽ വ്യാപകമായുള്ള കള്ളനോട്ടുകളെപ്പറ്റി ഇക്കഴിഞ്ഞ ദീപാവലി സമയത്ത് ആർബിഐ പത്രക്കുറിപ്പും ഇറക്കിയിരുന്നു. ഇതിന് ശേഷമാണ് ഏറെ ആലോചനകൾക്കൊടുവിൽ കള്ളനോട്ടടിക്കാർക്ക് തിരിച്ചടിയായി മോദിയുടെ ഭാഗത്തു നിന്നും കടുത്ത തീരുമാനം ഉണ്ടായതും എന്നാണ് വിലയിരുത്തൽ.

രാജ്യത്തെ മൊത്തം കറൻസി തുകയുടെ 86 ശതമാനംവരും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ. ശേഷിക്കുന്ന തുച്ഛമായ തുക മാത്രമാണ് മറ്റു കറൻസികളിൽ വ്യവഹരിക്കുന്നത്. ഈ സാഹചര്യത്തിൽ മോദിയുടെ നീക്കം കള്ളപ്പണം കറൻസിയായി സൂക്ഷിക്കുകയും ദൈനംദിന കച്ചവടങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നവർക്ക് വൻ തിരിച്ചടിയാകുമെന്നാണ് സാമ്പത്തികവിദഗ്ധരിൽ ഭൂരിഭാഗത്തിന്റെയും വിലയിരുത്തൽ. പക്ഷേ മൂന്നുലക്ഷം കോടിയല്ല മറിച്ച് നാലര ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഇന്ത്യക്കുണ്ടാവുകയെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ പ്രവചനം നടത്തിയതും.

17.8 ലക്ഷം കോടിയുടെ കറൻസിയാണ് രാജ്യത്ത് സർക്കുലേറ്റ് ചെയ്യപ്പെടുന്നതെന്നാണ് കണക്ക്. ഇതിന്റെ 86 ശതമാനം പിൻവലിച്ച് പകരം പുതിയത് നൽകുകയെന്ന വലിയ ഉത്തരവാദിത്തമാണ് സർക്കാർ ഏറ്റെടുത്തത്. അതിനാൽത്തന്നെ ഇത്രയും തുക മാർക്കറ്റിൽ നിന്ന് പിൻവലിച്ച് പകരം പുതിയത് നൽകുമ്പോൾ സമയമെടുക്കുന്നതും സർക്കാരിന് വലിയ ഗുണംചെയ്യും. അമ്പതുദിവസത്തെ പ്രക്രിയയിലൂടെയാണ് പിൻവലിച്ച കറൻസിയുടെ പുനഃസ്ഥാപനം ഉദ്ദേശിക്കുന്നത്. ഇതിൽ എത്രമടങ്ങ് കള്ളപ്പണമാണെന്നതിന്റെ ചിത്രം പൂർണമായും വ്യക്തമാകണമെങ്കിൽ ഡിസംബർ 30 വരെ കാത്തിരിക്കേണ്ടിവരും.

പാക്കിസ്ഥാനിൽ നിന്ന് ബംഗൽദേശ് വഴി ഇന്ത്യയിലേക്ക് കടത്തുമ്പോൾ 2014ൽ പിടികൂടിയത് മാത്രം 1.79 ലക്ഷം രൂപയുടെ വ്യാജനോട്ടുകളായിരുന്നു. കഴിഞ്ഞവർഷം ഇങ്ങനെ പിടിയിലായതാകട്ടെ 2.6 ലക്ഷം രൂപയുടെ വ്യാജനോട്ടുകളും. ഈവർഷം ഓഗസ്റ്റ് വരെ മാത്രം 1.15 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. പിടികൂടിയതിന്റെ എത്രയോ ഇരട്ടി നോട്ടുകൾ പാക്കിസ്ഥാൻ ഇന്ത്യയിലെത്തിക്കുന്നുണ്ട്. റിസർവ് ബാങ്കിന്റെ ഭാഗത്തു നിന്നും വീഴ്‌ച്ച വന്നതോടെ കള്ളനോട്ടുകാർ ശരിക്കും അവസരം മുതലെടുക്കുകയും ചെയ്തു.

അതേസമയം തന്നെ രാജ്യത്തെ ബാങ്കുകൾ നേരിടുന്ന വൻ സാമ്പത്തിക ദുരന്തത്തിൽ നിന്ന് അവരെ രക്ഷിക്കാനായി മോദിയും റിസർവ് ബാങ്കും നടത്തിയ തന്ത്രപരമായ നീക്കമായിരുന്നു ഇതെന്നും അല്ലാതെ കള്ളപ്പണം പിടിക്കലല്ല ഉദ്ദേശ്യമെന്നുമുള്ള വാദവും ഒരു വശത്തു നിന്നും ഉയരുന്നുണ്ട്. 2013ൽ കഴിഞ്ഞ യുപിഎ സർക്കാരിന്റെ അവസാനകാലത്ത് ഇന്ത്യൻ രൂപയുടെ വില അമേരിക്കൻ ഡോളറിനെതിരെ വളരെ വലിയ തോതിൽ ഇടിഞ്ഞിരുന്നു. ഇത് പിടിച്ചുനിർത്താൻ പ്രവാസികളിൽ നിന്ന് വൻ പലിശ നൽകി നിക്ഷേപം സ്വീകരിക്കുക എന്ന മാർഗ്ഗം അവർ സ്വീകരിച്ചിരുന്നു.

18 ശതമാനം പരിശ നൽകി നിക്ഷേപ സമാഹരണ യജ്ഞത്തിലടെ ഫോറിൻ കറൻസി നോൺ റസിഡന്റ് ഡെപ്പോസിറ്റ് സ്വീകരിച്ചുകൊണ്ട് രണ്ടുലക്ഷം കോടി രൂപയാണ് (26 ബില്യൺ ഡോളർ) അന്ന് സമാഹരിച്ചത്. രൂപയുടെ മൂല്യം 70 രൂപവരെ ഇടിഞ്ഞെങ്കിലും ഈ നടപടിയോടെ അതിനെ പിടിച്ചുനിൽക്കാൻ രാജ്യത്തിന് കഴിഞ്ഞു. മൂന്നുവർഷം കാലാവധിക്ക് അന്ന് വാങ്ങിയ പണം ഈവർഷം ഡിസംബർ 31നകം വിദേശ ഇന്ത്യക്കാർ പിൻവലിക്കും. ഇത് ഇന്ത്യ ഈ വരുന്ന അമ്പതു ദിവസങ്ങളിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ഇപ്പോഴത്തെ നീക്കമെനനാണ് മറ്റൊരു വിഭാഗം സാമ്പത്തിക വിഗദ്ധരുടെ വിലയിരുത്തൽ.