മുംബൈ: റിപ്പോ നിരക്കിൽ കാൽശതമാനത്തിന്റെ കുറവു വരുത്തി റിസർവ് ബാങ്കിന്റെ വായ്പ നയം പ്രഖ്യാപിച്ചു. 6.25 ശതമാനമാണു പുതുക്കിയ റിപ്പോ നിരക്ക്.

നേരത്തെ റിപ്പോ നിരക്ക് 6.50 ശതമാനമായിരുന്നു. ബാങ്കുകൾ കരുതൽ ധനമായി ആർ. ബി.ഐയിൽ സൂക്ഷിക്കേണ്ട പണത്തിന്റെ നിരക്കായ കരുതൽ ധനാനുപാതത്തിൽ മാറ്റമില്ല. ഇത് നിലവിലെ നാലു ശതമാനത്തിൽ തന്നെ തുടരും.

റിപ്പോ നിരക്ക് കാൽ ശതമാനം കുറഞ്ഞ സാഹചര്യത്തിൽ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ബാങ്കുകൾ കുറച്ചേക്കും. പണത്തിന്റെ ലഭ്യത വർധിപ്പിക്കുന്നതിനും മൊത്തം വളർച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നതിനും പുതിയ നയം ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 2017ൽ നാണ്യപ്പെരുപ്പ തോത് നാലു ശതമാനമായി നിലനിർത്തുകയാണ് ആർ.ബി.ഐയുടെ ലക്ഷ്യം.

2010 നവംബറിന് ശേഷം ഏറ്റവും താഴ്ന്ന നിരക്കിലാണ് റിപ്പോ നിരക്ക് എത്തിയിട്ടുള്ളത്. ആർ.ബി.ഐ ഗവർണറെ അധ്യക്ഷനാക്കി കേന്ദ്രസർക്കാർ പുതിയതായി രൂപീകരിച്ച മോണിറ്ററിങ് പോളിസി കമ്മിറ്റി (എംപി.സി) യുടെ ആദ്യ യോഗമാണ് നിരക്കിൽ മാറ്റം വരുത്തിയത്. സെപ്റ്റംബർ ആറിന് ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജൻ പദവി ഒഴിഞ്ഞതിന് പിന്നാലെ പണപ്പെരുപ്പ നിരക്കുകൾ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. എംപി.സിയിലെ ആറംഗങ്ങൾ റിപ്പോ നിരക്ക് കുറക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തതായി ആർ.ബി.ഐ ഗവർണർ ഉർജിത് പട്ടേൽ അറിയിച്ചു.