മുംബയ്: പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ പുതിയ സാമ്പത്തിക വർഷത്തെ ആദ്യ വായ്പാനയത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ കടമെടുക്കുമ്പോൾ നൽകേണ്ട പലിശയായ റിപ്പോ നിരക്ക് 7.5 ശതമാനമായി തുടരും.

വാണിജ്യ ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് കടമെടുക്കുന്‌പോൾ നൽകുന്ന പലിശയായ റിവേഴ്‌സ് റിപ്പോ 6.50 ശതമാനമായും വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിർബന്ധമായും സൂക്ഷിക്കേണ്ട തുകയായ കരുതൽ ധനാനുപാതം നാലു ശതമാനമായും നിലനിർത്തി.

ക്രൂഡ് ഓയിൽ വില തിരിച്ചു കയറിയേക്കുമെന്ന സൂചനകളാണ് പലിശ നിരക്കുകൾ നിലനിറുത്താൻ റിസർവ് ബാങ്കിനെ നിർബന്ധിതരാക്കിയത്. ക്രൂഡ് വില കൂടിയാൽ സ്വാഭാവികമായും നാണയപ്പെരുപ്പം ഉയരും. ഈ സാഹചര്യത്തിൽ പലിശ കൂട്ടുന്നത് തിരിച്ചടിയാകുമെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു.

റിപ്പോ നിരക്കില് കഴിഞ്ഞ മാസം കുറവ് വരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഉടന് മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം ഉത്തരേന്ത്യയിൽ പെയ്ത കാലം തെറ്റിയ മഴ വന് കൃഷിനാശമുണ്ടാക്കിയ സാഹചര്യത്തിൽ ഭക്ഷ്യ വിലക്കയറ്റമുണ്ടാകാനുള്ള സാഹചര്യം മുന്നിൽ കണ്ടാവും റിസർവ് ബാങ്കിന്റെ തീരുമാനം.

ജനുവരിയോടെ നാണയപ്പെരുപ്പം 6 ശതമാനത്തിനു താഴെ എത്തണമെന്നാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. യെമനിലെ ആഭ്യന്തര പ്രതിസന്ധി ക്രൂഡ് ഓയിൽ വില വർദ്ധനക്ക് കാരണമാകുമോ എന്ന ആശങ്ക ആഗോള വിപണിയിൽ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. അങ്ങനെ വന്നാൽ നാണയപ്പെരുപ്പം വീണ്ടും ഉയരും.

മൂന്നു മാസത്തിനിടെ രണ്ടുതവണ ആർബിഐ റിപ്പോ നിരക്കുകളിൽ 0.50 ശതമാനം ഇളവ് നൽകിയിരുന്നു. എന്നാൽ വാണിജ്യ ബാങ്കുകളിൽനിന്നും നിരക്കിളവിന് ആനുപാതികമായ നടപടിയുണ്ടായില്ല. ചുരുക്കം ചില ബാങ്കുകൾമാത്രമാണ്പലിശ നിരക്കുകളിൽചെറിയ ഇളവ് വരുത്തിയത്.

ചെറിയൊരു ഇടവേള നൽകി, ജൂണിലെ വായ്പ നയ പ്രഖ്യാപനത്തിൽ നിരക്കുകളിൽ കുറവ് വരുത്താൻ ആർബിഐ തയാറായേക്കുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന.