- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടുനിരോധനം രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തെ ബാധിക്കുമെന്ന ഡോ. മന്മോഹൻ സിംഗിന്റെ വാക്കുകൾ ശരിവച്ച് ഊർജിത് പട്ടേലും; സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാകുമെന്ന റിസർവ് ബാങ്കിന്റെ വിലയിരുത്തൽ വരാനിരിക്കുന്ന പ്രതിസന്ധിയിലേക്കുള്ള ചൂണ്ടുവിരൽ; 'മോദിയുടെ ചരിത്രപരമായ മണ്ടത്തരം' രാജ്യത്തെ സാരമായി ബാധിക്കുമെന്ന് തീർച്ചയായി
മുംബൈ: നരേന്ദ്ര മോദി നടത്തിയതു ചരിത്രപരമായ മണ്ടത്തരമെന്നു സഭയിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പരാമർശിച്ചത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കറൻസി പിൻവലിക്കൽ പ്രഖ്യാപിച്ച മോദിയുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നില്ലെന്നു പറഞ്ഞ മന്മോഹൻ രാജ്യത്ത് കറൻസി നിരോധനം എങ്ങനെ ദോഷകരമായി ബാധിച്ചുവെന്ന് അക്കമിട്ടു നിരത്തുകയും ചെയ്തിരുന്നു. സാമ്പത്തിക വിദഗ്ധനായ മന്മോഹൻ പറഞ്ഞ കാര്യങ്ങൾ ശരിയാകുന്നുവെന്നു തെളിയിക്കും വിധത്തിലാണ് ഇന്നു റിസർവ് ബാങ്കിന്റെ വായ്പാനയം പ്രഖ്യാപിച്ചത്. പലിശ നിരക്കിലൊന്നും മാറ്റം വരുത്താതെയാണു പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്. റിസർവ് ബാങ്ക് ബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന റിപ്പോ നിരക്ക് 6.25 ശതമാനത്തിലും ബാങ്കുകളിൽനിന്ന് റിസർവ് ബാങ്ക് പണം സ്വീകരിക്കുമ്പോൾ നൽകുന്ന റിവേഴ്‌സ് റിപ്പോ നിരക്ക് 5.75ആയും തുടരും. നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയത്തിൽ ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള നയ അവലോകന സമിതി പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷകൾ തെറ്റിച്ചാണു പ
മുംബൈ: നരേന്ദ്ര മോദി നടത്തിയതു ചരിത്രപരമായ മണ്ടത്തരമെന്നു സഭയിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പരാമർശിച്ചത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കറൻസി പിൻവലിക്കൽ പ്രഖ്യാപിച്ച മോദിയുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നില്ലെന്നു പറഞ്ഞ മന്മോഹൻ രാജ്യത്ത് കറൻസി നിരോധനം എങ്ങനെ ദോഷകരമായി ബാധിച്ചുവെന്ന് അക്കമിട്ടു നിരത്തുകയും ചെയ്തിരുന്നു.
സാമ്പത്തിക വിദഗ്ധനായ മന്മോഹൻ പറഞ്ഞ കാര്യങ്ങൾ ശരിയാകുന്നുവെന്നു തെളിയിക്കും വിധത്തിലാണ് ഇന്നു റിസർവ് ബാങ്കിന്റെ വായ്പാനയം പ്രഖ്യാപിച്ചത്. പലിശ നിരക്കിലൊന്നും മാറ്റം വരുത്താതെയാണു പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്. റിസർവ് ബാങ്ക് ബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന റിപ്പോ നിരക്ക് 6.25 ശതമാനത്തിലും ബാങ്കുകളിൽനിന്ന് റിസർവ് ബാങ്ക് പണം സ്വീകരിക്കുമ്പോൾ നൽകുന്ന റിവേഴ്‌സ് റിപ്പോ നിരക്ക് 5.75ആയും തുടരും.
നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയത്തിൽ ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള നയ അവലോകന സമിതി പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷകൾ തെറ്റിച്ചാണു പുതിയ നയം വന്നത്. പണപ്പെരുപ്പം സുരക്ഷിതമായ നിലയിൽ നിൽക്കുന്നതും വായ്പാ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല ഘടകമായിരുന്നു.എന്നിട്ടും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ തവണ .50 ശതമാനം പലിശ കുറച്ചിരുന്നു.
പുതിയ വായ്പ നയം പുറത്തുവന്നതോടെ ഓഹരി വിപണിയിൽ കനത്ത ഇടിവാണുണ്ടായിരിക്കുന്നത്. ആഭ്യന്തര ഉൽപ്പാദനം കുറയുമെന്നു മന്മോഹൻ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഊർജിത് പട്ടേലിന്റെ വാക്കുകളിലും അതു വ്യക്തമാണ്. 2017ൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നേരിയ കുറവുണ്ടാകുമെന്നാണു റിസർവ് ബാങ്ക് പറയുന്നത്. 7.6 ശതമാനം പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക വളർച്ച 7.1 ശതമാനമായി കുറയാനാണ് സാധ്യതയെന്ന് ഊർജിത് പട്ടേൽ പറഞ്ഞു.
മുൻ റിസർവ്വ് ബാങ്ക് ഗവർണറും ഇന്ത്യൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിതാവും ലോകം ആദരിക്കുന്ന സാമ്പത്തിക വിദഗ്ധനുമായ മന്മോഹൻ സഭയിൽ സംസാരിച്ചത് ഏവരും കാതുകൂർപ്പിച്ചാണു കേട്ടിരുന്നത്. 'അമ്പതുദിവസം കാത്തിരുന്ന് തുടർ നടപടികൾ സ്വീകരിക്കുന്നത് പാവപ്പെട്ടവർക്ക് വലിയ വിഷമമുണ്ടാക്കുമെന്ന് സർക്കാർ മനസ്സിലാക്കണം. നോട്ടുപ്രതിസന്ധി രാജ്യത്തിന്റെ കാർഷിക മേഖലയെ ഏറ്റവുമധികം ദോഷകരമായി ബാധിക്കും. എല്ലാ ദിവസവും സാമ്പത്തിക പരിഷ്‌കരണങ്ങൾ നടത്താൻ പാടില്ല. വിഷയം കൈകാര്യം ചെയ്യുന്നതിൽ റിസർവ് ബാങ്കിന് വീഴ്ചപറ്റിയെന്നത് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടേയും പിടിപ്പു കേടാണ്.
കറൻസി നിരോധനം മൂലം രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം രണ്ടുശതമാനം കുറയും. നോട്ടുപിൻവലിക്കൽ ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നാണ് അവകാശവാദം. പക്ഷേ, ഇത്രയും ദീർഘകാലം ആരും ജീവിച്ചിരിക്കാറില്ലെന്നത് ഓർക്കണം'-മന്മോഹന്റെ സഭയിലെ വാക്കുകൾ ഗൗരവത്തോടെയാണു ഏവരും സ്വീകരിച്ചത്. ഇത്തരം സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്തുമ്പോൾ റിസർവ് ബാങ്കിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന തരത്തിൽ നടപടികൾ ഉണ്ടാകരുതായിരുന്നു എന്നും മന്മോഹൻ ഓർമിപ്പിച്ചിരുന്നു.
കേന്ദ്രസർക്കാരിന്റെ കടുത്ത നടപടി വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയത്. രാജ്യമെങ്ങും പണത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങളുടെ കാഴ്ച റിസർവ് ബാങ്കിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് എത്തിച്ചേർന്നിരുന്നു. കോടതി പോലും കേന്ദ്രനടപടിയിൽ ആശങ്ക അറിയിക്കുന്ന അവസ്ഥ എത്തിയിരുന്നു. ഇതിനു പിന്നാലെ റിസർവ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചതും പ്രതീക്ഷകൾക്കു വിരുദ്ധമായിട്ടാണ്. അതുകൊണ്ടുതന്നെ വായ്പനയത്തിനു തൊട്ടുപിന്നാലെ ഓഹരിവിപണിയിൽ തിരിച്ചടിയാണു നേരിട്ടിരിക്കുന്നത്. ഓഹരി സൂചികകൾ നഷ്ടത്തിലാണിപ്പോൾ. പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ സെൻസെക്‌സ് 140ഉം നിഫ്റ്റി 38 പോയിന്റും ഇടിഞ്ഞു.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ചതോടെ ബാങ്കുകളിൽ വൻതോതിലാണു നിക്ഷേപം കുമിഞ്ഞുകൂടിയത്. ഈ സാഹചര്യത്തിൽ പലിശനിരക്കുകൾ കുറച്ചുകൊണ്ടു വായ്പഡിമാൻഡ് ഉയർത്താൻ റിസർവ് ബാങ്ക് ശ്രമിക്കുമെന്ന വിദഗ്ധരുടെ വിലയിരുത്തലുകളാണു തെറ്റിയത്. അടുത്ത വായ്പ അവലോകനയോഗം ജനുവരിയിലാണു നടക്കുന്നത്.
അതിനിടെ, അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളിൽ പ്രചാരത്തിലുള്ളത് പൂർണ്ണമായും ബാങ്കുകളിൽ തിരിച്ചെത്തുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായി കേന്ദ്ര റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആദിയ പറഞ്ഞതും കേന്ദ്രസർക്കാരിന്റെ നീക്കം പിഴയ്ക്കുന്നു എന്ന സൂചന നൽകുന്നതാണ്. കള്ളപ്പണം പിടിക്കാനെന്നപേരിൽ നടപ്പാക്കിയ നോട്ടുനിരോധനത്തിൽ സർക്കാരിന്റെ പ്രതീക്ഷ അസ്തമിച്ചു എന്ന തരത്തിലാണ് പ്രസ്താവനയെ സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. പിൻവലിച്ച നോട്ടുകൾ പൂർണ്ണമായും തിരിച്ചെത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും ഇത് ഇടപാടുകൾ പരിശോധിക്കുന്നതിനും കള്ളപ്പണ പൂഴ്തിവെയ്‌പ്പുകാരിൽനിന്ന് നികുതി ഈടാക്കാനും നികുതി വകുപ്പിനെ സഹായിക്കും എന്നുമാണ് ഹാസ്മുഖ് ആദിയ പറഞ്ഞത്. കള്ളപ്പണം പിടിക്കാനെന്ന പേരിൽ നോട്ടുകൾ അസാധുവാക്കിയപ്പോൾ രണ്ടര ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരികെ വരില്ലെന്നായിരുന്നു കണക്കുകൂട്ടൽ. അസാധു നോട്ടുകൾ നൽകി പുതിയ നോട്ടുകൾ വാങ്ങാൻ ഡിസംബർ 30 വരെ സമയ പരിധി അവശേഷിക്കെ 95 ശതമാനത്തോളം നോട്ടുകൾ തിരികെ എത്തി എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെ കള്ളപ്പണം പിടിക്കാനാണ് നോട്ടു നിരോധനം എന്ന പ്രചരണത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്നോട്ടുപോയിരുന്നു. ഇതിനുപിന്നാലെയാണ് റവന്യൂ സെക്രട്ടറിയുടെ പ്രസ്താവന എന്നതും കേന്ദ്രം പ്രതീക്ഷിച്ച വഴിക്കു കാര്യങ്ങൾ വരുന്നില്ല എന്നതിന്റെ സൂചനയാണെന്നു കരുതാം.