ന്യൂഡൽഹി: നിരക്കുകളിൽ വ്യത്യാസംവരുത്താതെ റിസർവ് ബാങ്കിന്റെ പാദ വാർഷിക വായ്പാനയം  പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനവും സിആർആർ നിരക്ക് നാല് ശതമാനവുമായി തുടരും.

പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറയ്ക്കുന്നതിൽ നിന്ന് ആർ.ബി.ഐ.യെ പിന്നോട്ടുവലിച്ചത്. ചില്ലറവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റിൽ 3.36 ശതമാനമായി ഉയർന്നിരുന്നു. ജൂലായിൽ ഇത് 2.36 ശതമാനമായിരുന്നു. പഴം-പച്ചക്കറി വിലകൾ ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം. ഇന്ധനവില കൂടി ഉയരുന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാങ്കുകൾക്ക് ആർ.ബി.ഐ. വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ഓഗസ്റ്റിൽ കാൽ ശതമാനം കുറച്ച് ആറു ശതമാനത്തിലെത്തിച്ചിരുന്നു. ഏഴു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

ഏപ്രിൽ-ജൂൺ പാദത്തിൽ സാമ്പത്തിക വളർച്ച 5.7 ശതമാനമായി കുറഞ്ഞ സാഹചര്യത്തിൽ, സമ്പദ്ഘടനയിൽ ഉണർവുണ്ടാക്കാൻ നിരക്കുകൾ കുറയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്ന. കേന്ദ്ര സർക്കാരും വ്യവസായ കൂട്ടായ്മകളും നിരക്ക് കുറയ്ക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്.