ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടർന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ സാധ്യത. 200 രൂപയുടെ നോട്ടുകൾ സജീവമക്കാനാണ് റിസർവ്വ് ബാങ്കിന്റെ നീക്കമെന്നാണ് സൂചന. 2000 രൂപ നോട്ടുകളുടെ അച്ചടി പൂർണ്ണമായും ആർബിഐ നിർത്തലാക്കിയിട്ടുണ്ട്. ഇതിനൊപ്പം എടിഎമ്മുകളിൽ 200 രൂപ സജ്ജമാക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെയാണ് 2000 രൂപ നോട്ടുകൾ ഏതു സമയത്ത് വേണമെങ്കിലും പിൻവലിക്കാനുള്ള സാധ്യത സജീവമാകുന്നത്. 2000 രൂപയുടെ കള്ളനോട്ടുകൾ അണിയറയിൽ സജീവമാകുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നാണ് സൂചന. 2000 രൂപ പിൻവലിച്ചാൽ 500 രൂപയുടേതാകും ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസി.

അതിനിടെ പുതിയ 2000, 500, 200, 50 നോട്ടുകൾക്ക് പിന്നാലെ 10 രൂപയുടെ പുതിയ നോട്ടും വിപണിയിൽ ഉടൻ എത്തും. പത്തു രൂപയുടെ 100 കോടി പുതിയ നോട്ടുകൾ ഇതിനകം അച്ചടിച്ചു കഴിഞ്ഞതായി ആർബിഐ വൃത്തങ്ങൾ പറഞ്ഞു. ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള നോട്ടിൽ കൊണാർക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. പുതിയ ഡിസൈൻ കഴിഞ്ഞ മാസമാണ് സർക്കാർ അംഗീകരിച്ചത്. ഇതിനു മുൻപ് 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈൻ മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 500ന്റെയും നോട്ടുകൾ പുറത്തിറക്കിയത്. ഇതെല്ലാം 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതിന് മുന്നോടിയായുള്ള കരുതലുകളാണെന്നാണ് വിലയിരുത്തൽ.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചതിനെ തുടർന്നാണ് 2000 രൂപ നോട്ടുകൾ ആർ ബി ഐ സമ്പദ് വ്യവസ്ഥയിലെത്തിച്ചത്. നോട്ട് നിരോധനത്തിനു ശേഷമാണ് 2000 ത്തിന്റെ നോട്ടുകൾ ആർ ബി ഐ വിപണിയിലെത്തിച്ചത്. എന്നാൽ ജനങ്ങൾക്ക് ആവശ്യമായിരുന്നത് കുറഞ്ഞമൂല്യത്തിലുള്ള നോട്ടുകളായിരുന്നു. ഡിസംബർ എട്ടിലെ കണക്ക് പ്രകാരം 73,0800 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് വിപണിയിലുള്ളത്. എന്നാൽ മാർച്ച് വരെ വിപണിയിലുള്ള മൂല്യം കുറഞ്ഞ നോട്ടുകൾ ഏകദേശം 35,0100 കോടിയുടേതാണ്.

അതേസമയം ആർ ബി ഐ 1696 കോടി 500 ന്റെ നോട്ടുകളും 365.4 കോടി 2000 ത്തിന്റെ നോട്ടുകളുമാണ് ഡിസംബർ എട്ട് വരെ അച്ചടിച്ചത്. ഇത് രണ്ടും കൂടി ഏകദേശം 15,78,700 കോടി മൂല്യം വരും. എന്നാൽ അച്ചടിച്ചിട്ടും ഉയർന്ന മൂല്യമുള്ള 246300 കോടി രൂപയുടെ നോട്ടുകൾ ഇതുവരെ വിപണിയിൽ എത്തിയിട്ടില്ല. ഇതോടെയാണ് 2000 ത്തിന്റെ പിൻവലിച്ചേക്കുമോ എന്ന ചർച്ച സജീവമാക്കിയത്. ഇതിനിടെയാണ് 200 രൂപയുടെ നോട്ടുകൾ എടിഎമ്മിലെത്തിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം എത്തുന്നത്. 200 രൂപ നോട്ടുകൾ വ്യാപകമായി വിപണയിൽ ഉണ്ടെങ്കിലും എടിഎമ്മുകളിൽ ലഭ്യമാക്കിയിരുന്നില്ല.

എടിഎമ്മിൽ പണം നിക്ഷേപിക്കുന്ന ട്രേയുടെ സൈസിൽ വ്യത്യാസം വരുത്തിയാൽ മാത്രമേ 200 നോട്ടുകൾ എടിഎമ്മിൽ വയ്ക്കാനാകൂ. നോട്ടുകളുടെ വലുപ്പത്തിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. ഇതോടൊപ്പം സോഫ്റ്റ് വെയറിലും മാറ്റം വരുത്തണം. ഇതിനാണ് അതിവേഗം നടപടിയെടുക്കാൻ ആർബിഐ ബാങ്കുകളോട് ആവശ്യപ്പെടുന്നത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഏറെ വിമർശനങ്ങൾ ആർബിഐയ്ക്ക് നേരെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ പരാതിരഹിതമായി 2000 രൂപ നോട്ടുകൾ പിൻവലിക്കാനാണ് ആർബിഐയുടെ നീക്കമെന്നാണ് സൂചന. കേന്ദ്രസർക്കാരിന്റെ നിലപാട് കൂടി മനസ്സിലാക്കിയാണ് ഇത്. കള്ള നോട്ടുകളുടെ പ്രചാരണം ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2000 രൂപ നോട്ടുകൾ പിൻവലിക്കുമ്പോൾ ആവശ്യത്തിന് കരുതൽ നോട്ടുകൾ കൈയിലുണ്ടെന്ന് ആർബിഐ ഉറപ്പാക്കും. നോട്ടുകളുടെ ലഭ്യതയിൽ ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. അല്ലാത്ത പക്ഷം നോട്ട് പിൻവലിക്കൽ കേന്ദ്രസർക്കാരിന് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തൽ സജീവമാണ്. അതുകൊണ്ടാണ് 200 രൂപയെ കൂടുതൽ സജീവമാക്കി 2000 രൂപ പിൻവലിക്കാനുള്ള നീക്കം. 2000 രൂപ നോട്ട് അച്ചടി നിർത്തിയതിൽ രാജ്യസഭയിൽ പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രി അരുൺ ജയ്റ്റ്‌ലി മറുപടി നൽകാതെ ഒഴിഞ്ഞുമാറിയിരുന്നു. ഇതും നോട്ട് പിൻവലിക്കാനുള്ള സാധ്യതയുടെ തെളിവായി ഉയർത്തിക്കാട്ടുന്നു.

അഞ്ചുമാസം മുൻപേ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയെന്നും 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ സാധ്യതയുണ്ടെന്നുമാണു റിപ്പോർട്ട്. 2016 നവംബർ എട്ടിനാണ് 500,1000 രൂപ നോട്ടുകൾ സർക്കാർ അസാധുവാക്കിയത്. പകരം അച്ചടിച്ച പുതിയ 2000 രൂപ നോട്ടുകൾ മുഴുവനും വിതരണം ചെയ്തിട്ടുമില്ല.