തിരുവനന്തപുരം: നോട്ട് നിരോധനത്തിലൂടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് കടുത്ത പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. കരളത്തിലെ സമ്പന്നമായ സഹകരണ മേഖലയ്ക്ക് അന്ത്യം കുറിക്കുമോ കേന്ദ്രസർക്കാറിന്റെ തീരുമാനം എന്ന വിധത്തിൽ ആശങ്കകൾ ശക്തമായിട്ടുണ്ട്. എന്നാൽ, സഹകരണ ബാങ്കുകൾക്ക് ഈ പ്രശ്‌നം തുടങ്ങിയത് ഒരു സുപ്രഭാതത്തിൽ അല്ല. വർഷങ്ങൾക്ക് മുമ്പ് തന്നെ കേരളത്തിലെ സഹകരണ മേഖലയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ റിസർവ് ബാങ്ക് തുടങ്ങിയിരുന്നു. ഇതിന് കാരണം ദേശസാൽകൃത ബാങ്കുകളെയും കടത്തിവെട്ടുന്ന വിധത്തിലേക്ക് കേരളത്തിലെ സഹകരണ മേഖലയിലെ ബാങ്കുകളിൽ പണം കുമിഞ്ഞു കൂടിയതാണ്. പ്രവാസി പണത്താൽ സമ്പന്നമായ കേരളത്തിൽ പൊതുമേഖലാ ബാങ്കുകളേക്കാൾ നിക്ഷേപം എത്തിയത് പൊതുവേ വൻകിടക്കാരെ ചൊടിപ്പിക്കുകയും ചെയ്തു.

സഹകരണ മേഖലയിൽ നിക്ഷേപം കുമിഞ്ഞു കൂടിയപ്പോഴും ആദായ നികുതി വിഭാഗത്തെ പടിക്ക് പുറത്ത് നിർത്തിയ നടപടിയാണ് ഇപ്പോഴത്തെ പ്രധാന പ്രതികാര നടപടിക്ക് കാരണമെന്ന് പലരും വിശ്വസിക്കുന്നത്. സഹകരണ മേഖലയിൽ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ കണക്കു കണക്ക് റിസർവ് ബാങ്കിന് മുമ്പാകെയോ ആദായനികുതി വകുപ്പിന് മുമ്പാകെയോ വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നായി. ഈ വസ്തുത മനസിലാക്കിയാണ് സഹകരണ മേഖലിയലെ നിക്ഷേപം വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ആർബിഐയും ആദായനികുതി വകുപ്പും ശക്തമായ നിലപാട് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ആർബിഐ മുന്നോട്ടു വച്ച നയങ്ങളെ അംഗീകരിക്കാൻ സഹകരണ ബാങ്കുകാരും തയ്യാറായില്ല. പൊതുമേഖലാ ബാങ്കുകൾക്ക് അനുശാസിക്കുന്ന ബാങ്കിങ് ചട്ടങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ തയ്യാറല്ലെന്ന നിലപാടാണ് സഹകരണ സംഘങ്ങൾ സ്വീകരിച്ചത്.

സഹകരണ ബാങ്കുകളിൽ കുമിഞ്ഞു കൂടിയ പണത്തിന്റെ കണക്കെടുക്കാൻ വന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ സിഐടിയുക്കാർ അടിച്ചോടിച്ച സംഭവം പോലുമുണ്ടായി. ഒന്നാം യുപിഎ സർക്കാറിന്റെ കാലത്ത് പി ചിദംബരം ധനമന്ത്രിയായിരിക്കുമ്പോഴാണ് സഹകരണ മേഖലയിലെ ബാങ്കുകളെ മൂക്കൂകയറിടാൻ ശ്രമമുണ്ടായത്. ഇതിന് ശേഷം പ്രണബ് മുഖർജിയും ഈ തീരുമാനവുമായി രംഗത്തെത്തയിരുന്നു. എന്നാൽ, അന്ന് കേരളത്തിലെ നേതാക്കളെല്ലാം ഒരുമിച്ച് ഈ ശ്രമത്തെ ചെറുത്തു തോൽപ്പിച്ചു. എന്നാൽ, സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ എതിർപ്പുകൾ കൂട്ടിവച്ചാണ് ഇപ്പോൾ ആർബിഐും കേന്ദ്ര ധനകാര്യ മന്ത്രാലയവും കണക്കു തീർക്കുന്നത്. അതിന് കറൻസി നിരോധനം ഒരു കാരണമായി എന്നു മാത്രം.

കറൻസി അസാധു നടപടിയിലൂടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന പണം ഒരു സുപ്രഭാതത്തിൽ കറൻസിയുടെ വിലയായി മാരി. ഒന്നരലക്ഷം കോടിയുടെ ഇടപാടിനെയാണ് ഇത് ബാധിച്ചിരിക്കുന്നത്. സാധാരണ ജനങ്ങളുടെ ജീവൽസംരംഭങ്ങൾകൊണ്ട് കെട്ടിപ്പൊക്കിയ സഹകരണമേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി തികഞ്ഞ അരക്ഷിതാവസ്ഥയാണ്. ബാങ്കുകൾക്ക് പുറമെ സഹകരണസംഘങ്ങൾ നടത്തുന്ന കാർഷികോൽപന്ന വിപണന കേന്ദ്രങ്ങൾ, കൺസ്യൂമർ സൊസൈറ്റികൾ, പാൽ സൊസൈറ്റികൾ, വസ്ത്രനിർമ്മാണ യൂനിറ്റുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ, ഡയാലിസിസ് യൂനിറ്റുകൾ തുടങ്ങി നാനാതുറകളിലുള്ള സ്ഥാപനങ്ങളെയാണ് കേന്ദ്ര തീരുമാനം വലച്ചത്. ഈ മേഖലയെല്ലാം കേരളത്തിന്റെ ജീവനാഢിയാണ് എന്ന പ്രത്യേകതയുമുണ്ട്.

കറൻസി വിനിമയത്തിൽ ആർ.ബി.ഐ അനുമതിയുള്ള അർബൻ ബാങ്കുകളൊഴികെയുള്ള 1604 പ്രാഥമിക സഹകരണ ബാങ്കുകളിൽ നിയന്ത്രണം വരുന്നതിന് മുമ്പുള്ള കറൻസികൾ എന്തുചെയ്യണമെന്ന നിർദ്ദേശം ഇതുവരെ ആർബിഐ നൽകിയിട്ടില്ല. ഇത് കൂടാതെ നിക്ഷേപകരുടെ സ്ഥിതിവിവരം ആർ.ബി.ഐ ആവശ്യപ്പെടുകയും ചെയ്തു. പൊതുമേഖല ബാങ്കുകളിൽനിന്ന് വർഷത്തിൽ അരലക്ഷത്തിന് മുകളിൽ പലിശ വാങ്ങുകയും എസ്.ബി അക്കൗണ്ട് വഴി 25 ലക്ഷത്തിന് മുകളിൽ ഇടപാട് നടത്തുകയും ചെയ്യുന്നവരുടെ വിവരം ശേഖരിക്കാൻ ആർ.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സഹകരണ ബാങ്കുകളിൽ ഇത് പതിനായിരം രൂപ പലിശയും രണ്ടരലക്ഷം നിക്ഷേപവും എന്ന നിലയിൽ ചെറുതാക്കി നിശ്ചയിക്കുകയായിരുന്നു. ഇതോടെ വിപുലമായ നിക്ഷേപകരുടെ പട്ടിക സഹകരണ ബാങ്കുകളിൽ നിരീക്ഷണത്തിലാവും. ജില്ല സഹകരണ ബാങ്കുകളിൽ മാത്രമായി പ്രാഥമിക സൊസൈറ്റികളുടെ ഓഹരിനിക്ഷേപം 97.48 കോടിയാണ്. സഹകരണ ബാങ്ക് അംഗങ്ങളല്ലാത്തവരിൽനിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നാണ് ആർ.ബി.ഐ നിർദ്ദേശം. വോട്ടവകാശമുള്ളവരായിരിക്കണം അംഗങ്ങളെന്നും നിബന്ധനവച്ചു.

കേരളത്തിലെ പ്രാഥമിക ബാങ്കുകൾ മാത്രമല്ല കേന്ദ്ര തീരുമാനത്തിൽ പ്രതിസന്ധിയിലായത്. 84 ശതമാനത്തോളംവരുന്ന സഹകരണ സൊസൈറ്റികളും കടുത്ത പ്രതിസന്ധിയിലായി. ബാങ്കുകളും ക്രെഡിറ്റ് സൊസൈറ്റികളുമായി കേരളത്തിൽ 4045 സ്ഥാപനങ്ങളുണ്ട്. പ്രാഥമിക കാർഷിക വികസന ബാങ്കുകൾ, കാർഷിക വികസന ക്രെഡിറ്റ് സൊസൈറ്റികൾ, കാർഷിക സർവിസ് സൊസൈറ്റികൾ, എംപ്‌ളോയീസ് ക്രെഡിറ്റ് സൊസൈറ്റികൾ, ഹൗസിങ് സൊസൈറ്റികൾ തുടങ്ങിയവ ഇതിൽപെടും. അപെക്‌സ് മേഖലയിൽ ഇരുപതോളം കൺസ്യൂമർ സൊസൈറ്റികളുണ്ട്. 188 കോളജ് കോഓപറേറ്റിവ് സ്റ്റോറുകളും 3846 സ്‌കൂൾ കോഓപറേറ്റിവ് സ്റ്റോറുകളും 615 മാർക്കറ്റിങ് സൊസൈറ്റികളും 1152 വനിത സൊസൈറ്റികളും ഉൾപ്പെടെ പ്രവർത്തനസജ്ജമായ 11,908 സൊസൈറ്റികളാണ് സംസ്ഥാനത്തുള്ളത്. കാർഷിക മേഖലയിലും കുടിൽവ്യവസായങ്ങളിലുമായി നിത്യവൃത്തിചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഇതോടെ പ്രതിസന്ധിയിലായത്.

ജനകീയ കൂട്ടായ്മയിലൂടെ സ്വയംപര്യാപ്തതയും കാർഷികമേഖലയുടെ വളർച്ചയും ലക്ഷ്യമിട്ടു രൂപപ്പെട്ടവയാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ സഹകരണ കൂട്ടായ്മകൾ കേരളത്തിലുണ്ടായിട്ടുണ്ട്. വാണിജ്യബാങ്കുകളേക്കാൾ ശക്തമായ ശൃംഖല ഇന്ന് കേരളത്തിലുള്ളത് സഹകരണ മേഖലയ്ക്കാണ്. ക്ഷേമപെൻഷനുകൾ വീട്ടിലെത്തിക്കാനുള്ള സർക്കാർ തീരുമാനം സഹകരണ ബാങ്കുകൾക്ക് ഏറ്റെടുക്കാനും വിജയിപ്പിക്കാനും കഴിഞ്ഞത് അതിന്റെ ഫലമാണ്. 22.48 ലക്ഷം പേർക്കാണ് സഹകരണ ബാങ്ക് വഴി പെൻഷൻ വീട്ടിലെത്തിച്ചുകൊടുക്കുന്നത്. എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന കേന്ദ്രസർക്കാറിന്റെ പദ്ധതി ആദ്യം പൂർത്തിയാക്കാൻ കേരളത്തിനു കഴിഞ്ഞതും സഹകരണ ബാങ്കുകളുടെ പിന്തുണകൊണ്ടാണ്. 1.60 ലക്ഷം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെ സഹകരണ മേഖലയിലുണ്ട്. ഇതിൽ 90,000 കോടി രൂപയും പ്രാഥമിക ബാങ്കുകളുടേതും സംഘങ്ങളുടേതുമാണ്. ഈ ഇടപാടുകൾ പൂർണമായി മരവിപ്പിച്ച അവസ്ഥയിലാണിപ്പോൾ. സഹകരണ ബാങ്കുകളെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണമേഖലയിലെ ജനങ്ങളുടെ ജീവിതത്തെ ഇതു പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

പ്രാഥമിക സംഘങ്ങളുടെ അപ്പെക്‌സ് ബാങ്ക് ജില്ലാ സഹകരണ ബാങ്കാണ്. അവർക്ക് ഇടപാടിനാവശ്യമായ പണം നൽകുന്നത് ജില്ലാ ബാങ്കുകളാണ്. കറൻസി മരവിപ്പിച്ചതിനുശേഷം പണമിടപാടിന് റിസർവ് ബാങ്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിക്ക് ഒരു ദിവസം 10,000 രൂപയും ഓരാഴ്ചയിൽ പരമാവധി 20,000 രൂപയുമാണത്. സഹകരണ സംഘങ്ങളെയും വ്യക്തിഗത ഇടപാടുകാരെപ്പോലെ മാത്രം കണ്ടാൽ മതിയെന്നാണ് ജില്ലാ ബാങ്കുകളോട് റിസർവ് ബാങ്ക് പറഞ്ഞിട്ടുള്ളത്. ഇതോടെ ഒരാഴ്ച 20,000 രൂപ മാത്രമേ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ലഭിക്കൂ. ഈ നിയന്ത്രണമാണ് സഹകരണമേഖലയ്ക്ക് പ്രതിസന്ധിയുണ്ടാക്കിയത്.

ഇപ്പോഴത്തെ നിലയിൽ ഈ പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണുമെന്ന കാര്യത്തിൽ യാതൊരു ധാരണയും ഉണ്ടായിട്ടില്ല. റിസർവ് ബാങ്കും കേന്ദ്ര ധനമന്ത്രാലയവും അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ സഹകരണ മേഖലയിലെ തകർച്ചയിലേക്ക് നീങ്ങും. നിലവിൽ സഹകരണ ബാങ്കുകളെ കോർത്തിണിക്കി പുതിയ വാണിജ്യബാങ്ക് രൂപീകരിക്കുന്നതിന് ശ്രമം സർക്കാർ തുടങ്ങിയിട്ടുണ്ട്. ഇതിനായി നിയമഭേദഗതി തന്നെ വേണ്ടിവരും. റിസർവ് ബാങ്കിന്റെ ലൈസൻസിങ് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പ്രവർത്തിക്കാൻ പുതിയ ബാങ്കിന് കഴിയുകയും ചെയ്യും.