മുംബൈ: നോട്ട് നിരോധനത്തിൽ കേന്ദ്രസർക്കാറിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുമ്പോൾ മൗനം പാലിച്ചിരിക്കുകയായിരുന്നു ആർബിഐ ഗവർണർ ഉർജിത് പട്ടേൽ. ആർബിഐയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്‌ച്ച ഉണ്ടായെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് ആരോപിക്കുക കൂടിയുണ്ടായി. ഈ സാഹചര്യത്തിൽ വിഷയത്തിൽ സംസാരിച്ച് ഉർജിത് പട്ടേൽ രംഗത്തെത്തി.

സത്യസന്ധരായ പൗരന്മാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള എല്ലാ നടപടികളും റിസർവ് ബാങ്ക് കൈക്കൊണ്ടിട്ടുണ്ടെന്ന് ഉർജിത് പട്ടേൽ വ്യക്തമാക്കി. ബാങ്ക് ഇടപാടുകൾ ഉടൻ തന്നെ സാധാരണ നിലയിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളിൽ ആവശ്യത്തിന് നോട്ടുകൾ എത്തിച്ചിട്ടുണ്ടെന്നും ഉർജിത് പട്ടേൽ വ്യക്തമാക്കി.

ആവശ്യത്തിന് നോട്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. അവ ബാങ്കുകളിലും എ.ടി.എമ്മുകളിലും കൃത്യമായി എത്തിക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കിവരികയാണെന്നു അദ്ദേഹം പറഞ്ഞു. സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും മേൽനോട്ടത്തിൽ പ്രസ്സുകൾ പൂർണശേഷിയിൽ പ്രവർത്തിക്കുകയാണ് ഉർജിത് റിസർവ് ബാങ്ക് നടപടികൾ വിശദമാക്കി. വിപണിയുടെ ആവശ്യത്തിനുള്ള നോട്ടുകൾ താമസിയാതെ പുറത്തിറങ്ങുമെന്നും അദ്ദേഹം ഉറപ്പുനൽകി.

നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ചതിനു ശേഷം റിസർവ് ബാങ്ക് ഗവർണർ ആദ്യമായാണ് വിഷയത്തിൽ പ്രതികരിക്കുന്നത്. നവംബർ എട്ടിനാണ് സർക്കാർ നോട്ട് പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യപാപിച്ചത്. വിഷയത്തിൽ ഉർജിത് പട്ടേൽ പ്രതികരിക്കാത്തതിന് എതിരെ പല കോണുകളിൽ നിന്നും വിമർശമുയർന്നിരുന്നു. അതേസമയം കള്ളനോട്ടുകൾ തടയാൻ പുതിയ നോട്ടുകൾ കൊണ്ട് സാധിക്കുമെന്നും ഉർജിത് പട്ടേൽ വ്യക്തമാക്കി. പകർത്താൻ സാധിക്കാത്ത രീതിയിലുള്ള സുരക്ഷാസംവിധാനങ്ങൾ പുതിയ 500, 2000 രൂപാ നോട്ടുകളിലുണ്ടെന്നും ഉർജിത് പട്ടേൽ പറഞ്ഞു. നോട്ടുകൾക്കു പകരം ഡെബിറ്റ് കാർഡ് പോലെയുള്ള മാർഗങ്ങൾ ഉപയോഗിച്ചു തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.