തിരുവനന്തപുരം: ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ കർശന നടപടികളുമായി റിസർവ് ബാങ്ക്. കാർഡുകളുടെ രാജ്യാന്തര ഉപയോഗം റദ്ദാക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി. രാജ്യാന്തര ഉപയോഗം സാധ്യമായ എല്ലാ ഡെബിറ്റ് കാർഡുകളും ആഭ്യന്തര ഉപയോഗത്തിലേക്കു മാത്രമായി പരിമിതപ്പെടുത്തുകയാണ്.

വിദേശ വെബ്‌സൈറ്റുകൾ, എടിഎമ്മുകൾ, സ്വൈപ്പിങ് മെഷീനുകൾ എന്നിവിടങ്ങളിൽ ഇവ ഉപയോഗിക്കാൻ കഴിയില്ല. രാജ്യാന്തര ഉപയോഗം ആവശ്യമെങ്കിൽ പ്രത്യേക അപേക്ഷ നൽകണം. കേരളത്തിലെ ഒരു പ്രമുഖ ബാങ്ക് ആഴ്ചകൾക്കു മുൻപ് എല്ലാ ഡെബിറ്റ് കാർഡുകളും ഇത്തരത്തിൽ മാറ്റിക്കഴിഞ്ഞു. ഇനി പുതിയ കാർഡുകളിലും ഉപയോക്താവ് ആവശ്യപ്പെട്ടാൽ മാത്രമേ ഈ സേവനം നൽകൂ.

കാർഡ് ഇടപാടുകൾ നടത്തുന്നത് ഉടമ തന്നെയാണെന്ന് ഉറപ്പുവരുത്താനായി ഫോണിലേക്കു മെസേജ് വരുന്ന ഒടിപി (വൺ ടൈം പാസ്‌വേഡ്) രീതി വിദേശരാജ്യങ്ങളിലില്ല. ഇതുമൂലം രാജ്യത്തിനു പുറത്ത് ഉടമയുടെ അറിവില്ലാതെ കാർഡ് വിവരങ്ങൾ ഉപയോഗിച്ചു തട്ടിപ്പു നടത്തുന്നതു വർധിക്കുന്നതായാണു റിപ്പോർട്ട്. ഇതിനെ പ്രതിരോധിക്കാനാണു ബാങ്കുകളുടെ പുതിയ നീക്കം.

വിദേശ ഇടപാടുകൾ ഇല്ലാത്തവരാണു ഭൂരിപക്ഷവും. അതിനാൽ ഇവരെ സുരക്ഷിതമാക്കാനാണു പുതിയ നയം. മിക്ക ബാങ്കുകളും സാധാരണയായി നൽകുന്നതു രാജ്യാന്തര ഉപയോഗങ്ങൾക്കുള്ള കാർഡാണ്. റിസർവ് ബാങ്കിന്റെ നിർദ്ദേശത്തെത്തുടർന്ന് ഒടിപി ഇല്ലാത്ത തട്ടിപ്പുകൾ തടയാൻ പല ബാങ്കുകളും സമാന നടപടി സ്വീകരിച്ചുതുടങ്ങിയതായാണു സൂചന.