ന്യൂഡൽഹി: ഇരുന്നൂറു രൂപയുടെ നോട്ടുകൾ റിസർവ്വ് ബാങ്ക് ശനിയാഴ്ച പുറത്തിറക്കും. മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകളുടെ മാതൃക റിസർവ്വ് ബാങ്ക് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇരുന്നൂറു രൂപയ്ക്ക് നോട്ടുകൾ പുറത്തിറക്കുന്നത്. 66 എം എം വീതിയും 146 എംഎം നീളവുമാണ് നോട്ടിനുള്ളത്.

2017 മാർച്ചിലാണ് 200 രൂപ നോട്ടുകളിറക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം എടുക്കുന്നത്. ധനമന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ആർബിഐയുടെ തീരുമാനം. പുതിയ നോട്ടുകളുടെ അച്ചടിക്കുള്ള ഉത്തരവ് ജൂലൈയിൽ നൽകി.

പുതിയ ഇരുന്നൂറു രൂപാ നോട്ട് പ്രാബല്യത്തിലെത്തുന്നതോടെ 100 രൂപാ നോട്ടു ക്ഷാമത്തിന് ഒരു പരിധിയോളം പരിഹാരമാകുമെന്നാണ് കണക്കു കൂട്ടുന്നത്്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് 200 രൂപാ നോട്ടിന്റെ മുഖ്യ ഘടകം.
ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് മധ്യപ്രദേശിലെ സാഞ്ചിയിലുള്ളത്. പുറകുവശത്തായാണ് ചിത്രം ഉൾക്കൊള്ളിച്ചിരിക്കുന്നത്. കടുംനിറത്തിലുള്ള മഞ്ഞയാണ് നോട്ടിന് അടിസ്ഥാന നിറം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിസർവ്വ് ബാങ്ക് ഗവർണ്ണർ ഊർജ്ജിത് പട്ടേലാണ് ആദ്യമായിറങ്ങുന്ന ഈ നോട്ടിൽ ഒപ്പിട്ടിരിക്കുന്നത്

അതേസമയം, 2000 രൂപയുടെ കറൻസി നിരോധനം പരിഗണനയിലില്ലെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. ചെറിയ തുകയ്ക്കുള്ള നോട്ടുകൾക്ക് ക്ഷാമമുണ്ടെന്ന പരാതിക്കു പരിഹാരമായാണ് 200 രൂപ നോട്ട് ഉടൻ അവതരിപ്പിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പുതിയ 50 രൂപ നോട്ടിന്റെ മാതൃകയും ആർബിഐ പുറത്തിറക്കിയിരുന്നു.