ശ്ചിമേഷ്യയിൽ എണ്ണയുദ്പാദക രാജ്യങ്ങൾ തമ്മിലുള്ള സംഘർഷവും എണ്ണവിലയിടിവും ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിടുമോ? എണ്ണവില ബാരലിനു പത്തു ഡോളറായി ഇടിഞ്ഞേക്കുമെന്ന മുന്നറിയിപ്പ് യൂറോപ്യൻ ബാങ്കുകൾ മുന്നറിയിപ്പ് നൽകുന്നു. അങ്ങനെ സംഭവിച്ചാൽ ലോകമെങ്ങുമുള്ള വിപണി വലിയ തോതിൽ തകർന്നടിയാൻ വഴിയൊരുങ്ങുമെന്ന് ബാങ്കുകൾ മുന്നറിയിപ്പു നൽകുന്നു.

എണ്ണവില ബാരലിന് 30 ഡോളറായാണ് ഇപ്പോൾ വീണിരിക്കുന്നത്. വില ഇനിയും താഴേക്ക് പതിക്കുമെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് മുന്നറിയിപ്പ് നൽകുന്നു. എണ്ണവിലയിലെ ഇടിവിനെത്തുടർന്ന് നിക്ഷേപകർ ഉള്ളതെല്ലാം വിറ്റുപെറുക്കുന്ന തിരക്കിലാണ്. തിരക്കിൽനിന്ന് പുറത്തേയ്ക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് എല്ലാവരും. അതുകൊണ്ടുതന്നെ അപകടസാധ്യത കൂടുതലാണെന്നും ബാങ്ക് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.

ലോകത്തെ സാമ്പത്തിക ശക്തികൾ തമ്മിലുള്ള മത്സരമാണ് വിപണിയെ ഈവിധം തകർച്ചയിലെത്തിച്ചത്. ബ്രിട്ടനിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ശതകോടിക്കണക്കിന് നിക്ഷേപങ്ങളാണ് തകർന്നടിഞ്ഞത്. ചൈനയും അതിന്റെ വിപണി പിടിച്ചുനിർത്താൻ ക്ലേശിക്കുകയാണ്.

കഴിഞ്ഞയാഴ്ചയിൽനിന്നും 85 ബില്യൺ പൗണ്ടാണ് ലണ്ടൻ ഓഹരി വിപണിയിൽ മാത്രമുണ്ടായ നഷ്്ടം. 5.2 ശതമാനം വീഴ്ച. പുതുവർഷത്തിൽ വിപണി ഏറ്റവും മോശം തുടക്കമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രമുഖബാങ്കുകളെല്ലാം അവരുടെ ഇക്കൊല്ലത്തെ പ്രകടനം മോശമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു.

ഓഹരിവിപണിയിൽ ഇതിനേക്കാൾ മോശമായ സാഹചര്യങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് ആർബിഎസിന്റെ മുന്നറിയിപ്പ്. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഘട്ടമാണിതെന്നും ഓഹരികൾ വിറ്റഴിക്കാമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. 2008-ലേതിന് സമാനമായ സാഹചര്യം ഉടലെടുത്തേക്കുമെന്നും ആർബിഎസിന്റെ മുന്നറിയിപ്പിലുണ്ട്.

എന്നാൽ, ലോകത്തെ മറ്റ് രാജ്യങ്ങളെയൊക്കെ അപേക്ഷിച്ച് ഉയർന്ന ഇന്ധന വില ഈടാക്കുന്ന ഇന്ത്യയിൽ എണ്ണവിലയിലെ കുറവ് കാര്യമായ മാറ്റം വരുത്താനിടയില്ല. എണ്ണവില നിയന്ത്രിക്കാനുള്ള അധികാരം എണ്ണയുദ്പാദക കമ്പനികൾക്കായതോടെ, വില വർധിക്കുന്നതല്ലാതെ കുറയുന്ന സാഹചര്യമല്ല ഇന്ത്യയിലേത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയുടെ മാറ്റം ഇവിടുത്തെ ഉപഭോക്താക്കൾക്ക് ഗുണകരമാകുന്നില്ല.