മുംബൈ: ഐപിഎൽ മത്സരങ്ങൾക്കിടെ രോഗബാധിതയായി ഈ മാസം ഒൻപതിന് അന്തരിച്ച സഹോദരി അർച്ചിത പട്ടേലിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പു പങ്കുവച്ച് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ് താരം ഹർഷൽ പട്ടേൽ. സഹോദരിയുടെ മരണ വിവരം അറിഞ്ഞതിനു പിന്നാലെ ബയോബബ്ൾ വിട്ട് ഏതാനും ദിവസം കുടുംബത്തിനൊപ്പം ചെലവിട്ടതിനു ശേഷമാണ് ഹർഷൽ ടീം ക്യാംപിലേക്കു മടങ്ങിയെത്തിയത്.

ഏപ്രിൽ 12ന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരം നഷ്ടമായെങ്കിലും ശനിയാഴ്ച ഡൽഹിക്കെതിരായ മത്സരത്തിൽ ഹർഷൽ ടീമിലേക്കു തിരികെയെത്തി. മത്സരത്തിനു ശേഷമാണ് സമൂഹ മാധ്യമത്തിൽ സഹോദരിയെക്കുറിച്ചുള്ള കുറിപ്പ് ഹൽഷൽ പങ്കുവച്ചത്.

'ചേച്ചീ, ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും സ്‌നേഹസമ്പന്നയും സന്തോഷവതിയുമായ വ്യക്തി താങ്കളായിരുന്നു. അവസാന ശ്വാസം വരെ, ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെപ്പോലും പുഞ്ചിരിയോടെയാണ് താങ്കൾ നേരിട്ടത്. ഇന്ത്യയിലേക്കു മടങ്ങിയെത്തുന്നതിനു മുൻപ് ആശുപത്രിയിൽ ഒപ്പം ഉണ്ടായിരുന്നപ്പോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തന്റെ കാര്യത്തിൽ വേവലാതി വേണ്ടെന്നുമാണ് എന്നോട് പറഞ്ഞത്.

 
 
 
View this post on Instagram

A post shared by Harshal Patel (@harshalvp23)

ചേച്ചിയുടെ ആ വാക്കുകൾ ഒന്നുകൊണ്ടു മാത്രമാണ് കഴിഞ്ഞ ദിവസം ഞാൻ വീണ്ടും കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്.

ചേച്ചിയെ ഓർക്കാനും ആദരവു പ്രകടിപ്പിക്കാനും എനിക്ക് ഇത്രമാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളു. എന്നെക്കുറിച്ചോർത്ത് ചേച്ചി അഭിമാനിച്ചിരുന്ന കാര്യങ്ങൾ തുടർന്നും ചെയ്യും. ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ചേച്ചിയുടെ നഷ്ടം മനസ്സിലുണ്ടാകും, നല്ല സമയത്തും മോശം സമയത്തും. താങ്കളെ ഏറെ ഇഷ്ടപ്പെടുന്നു.' ഒരുപാട് സ്നേഹം.' ചേച്ചിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഹർഷൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.