ചെന്നൈ: ഓസ്‌ട്രേലിയയുടെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം ഗ്ലെൻ മാക്‌സ്വെല്ലിന് പരമ്പരാഗത തമിഴ് ശൈലിയിൽ 'തിരുമണം.' പരമ്പരാഗത ശൈലിയിൽ വിനി രാമന് മാക്‌സ്വെൽ താലി കെട്ടുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ചെന്നൈ സൂപ്പർ കിങ്‌സ് ഫാൻ ആർമി അടക്കമുള്ള ഒട്ടേറെ ട്വിറ്റർ ഹാൻഡിലുകൾ വിവാഹത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചു. വർഷങ്ങൾ നീണ്ട സൗഹൃദത്തിനൊടുവിൽ കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയിൽവച്ചും വിനിയുടെ കഴുത്തിൽ മാക്‌സ്വെൽ താലികെട്ടിയിരുന്നു.

വിനി ഇന്ത്യൻ വംശജ ആയിരുന്നതിനാൽ, 2 കുടുംബങ്ങളുടെയും താൽപര്യം കണക്കിലെടുത്താണ് ഇരുവരും 2 തവണ വിവാഹിതരാകാൻ തീരുമാനിച്ചത്. ഓസ്‌ട്രേലിയൻ ശൈലിയിലുള്ള വിവാഹത്തിന്റെ ചിത്രം കഴിഞ്ഞ ആഴ്ച ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത ദമ്പതികൾ ഇങ്ങനെ കുറിച്ചിരുന്നു, 'ഭാര്യയും ഭർത്താവും, ഇതിലും മികച്ചത് ഇനി വരാനിരിക്കുന്നതേയുള്ളു.'

പിന്നാലെയായിരുന്നു തമിഴ് ആചാരപ്രകാരമുള്ള വിവാഹം. മാക്‌സ്വെൽ വിനി ദമ്പതികളുടെ കഴിഞ്ഞ മാസം പുറത്തിറക്കിയ തമിഴിൽ അച്ചടിച്ച കല്യാണക്കുറിയും വൈറലായിരുന്നു.

 

വിവാഹ അനുബന്ധ ആവശ്യങ്ങളെത്തുടർന്ന്, 2022 ഐപിഎൽ സീസണിനു മുന്നോടിയായി ഇന്ത്യയിലേക്കുള്ള യാത്രയും മാക്‌സ്വെൽ വൈകിപ്പിച്ചിരുന്നു. പാക്കിസ്ഥാനിലെ ഏകദിന ട്വന്റി20 പര്യടനത്തിനുള്ള ഓസീസ് ടീമുകളിലും മാക്‌സ്വെല്ലിനെ ഉൾപ്പെടുത്തിയിരുന്നില്ല. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മാക്‌സ്വെൽ റോയൽ ചാലഞ്ചേഴ്‌സ് ടീമിനൊപ്പം ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്.

11 കോടി രൂപയ്ക്കാണ് മെഗാ താര ലേലത്തിനു മുന്നോടിയായി റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ അധികൃതർ മാക്‌സ്വെല്ലിനെ നിലനിർത്തിയത്. ടീമിനൊപ്പമുള്ള ആദ്യ സീസണായ 2021ൽ 15 കളിയിൽ 42.75 ശരാശരിയിൽ 513 റൺസാണു മാക്‌സ്വെൽ അടിച്ചെടുത്തത്.

മാക്‌സ്വെൽ ഇല്ലാതെ ഇറങ്ങിയ 2022 സീസണിലെ ആദ്യ മത്സരത്തിൽ 205 റൺസ് നേടിയിട്ടും ബാംഗ്ലൂർ പഞ്ചാബിനോട് 5 വിക്കറ്റിനു പരാജയപ്പെട്ടിരുന്നു.