തിരുവനന്തപുരം: ആർസിസിയിൽനിന്നു രക്തം സ്വീകരിച്ച കുട്ടി മരിക്കാനിടയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എച്ച്‌ഐവി ബാധിതന്റെ രക്തം കുട്ടിക്ക് നൽകിയതായി സ്ഥിരീകരണം. 48 പേരുടെ രക്തം ചികിത്സയ്ക്കിടെ കുട്ടിക്ക് നൽകിയിരുന്നു. ഇതിൽ ഒരാൾക്കാണ് എച്ച്‌ഐവി രോഗമുണ്ടെന്ന് തെളിഞ്ഞത്. ഇതുസംബന്ധിച്ച് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പരിശോധനാഫലമാണ് പുറത്തുവന്നിരിക്കുന്നത്. വിൻഡോ പിരിഡിൽ രക്തം നൽകിയതിനാലാണ് രോഗം തിരിച്ചറിയാൻ സാധിക്കാത്തത്.

കാൻസർ ബാധയെ തുടർന്ന് 13 മാസമായി ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. പനിബാധിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരണത്തിനു കീഴടങ്ങിയത്. 2017 മാർച്ച് ഒന്നിനായിരുന്നു കുട്ടിയെ ആർസിസിയിൽ എത്തിച്ചത്. ഇവിടെ നിന്ന് രക്തം സ്വീകരിച്ച ശേഷം കുട്ടിക്ക് എച്ച്‌ഐവി ബാധയാണെന്ന സംശയമുണ്ടാവുകയും ചെയ്തു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

പെൺകുട്ടിയുടെ മെഡിക്കൽ രേഖകൾ, രക്തസാംപിൾ, ശരീരസ്രവങ്ങൾ തുടങ്ങിയവ സൂക്ഷിക്കാൻ ആർസിസി ഡയറക്ടർക്കു ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. കുട്ടി മരിച്ച സാഹചര്യത്തിൽ രേഖകളും സാംപിളുകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു പിതാവ് നൽകിയ ഉപഹർജിയിലാണു ജസ്റ്റിസ് സുനിൽ തോമസ് ഉത്തരവു പുറപ്പെടുവിച്ചത്. ഒരു വർഷത്തിലേറെയായി മജ്ജയിലെ ക്യാൻസറിനു ചികിത്സയിലായിരുന്ന പെൺകുട്ടിയെ പനി ബാധിച്ചതിനെ തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിടുതൽ ലഭിച്ചുവെങ്കിലും ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച രാവിലെ വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉച്ചയോടെ കുട്ടി മരിച്ചു.

കഴിഞ്ഞ മാർച്ചിലാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കുട്ടിയെ ആർസിസിയിൽ കൊണ്ടുവന്നത്. പരിശോധനയിൽ എച്ച്‌ഐവി ബാധ കണ്ടെത്തിയതു വൻ വിവാദത്തിനു വഴിതെളിച്ചിരുന്നു. തുടർന്നു കഴിഞ്ഞമാസം ചെന്നൈയിലെ ലാബിൽ നടത്തിയ പരിശോധനയിൽ എച്ച്‌ഐവി ബാധിച്ചിട്ടില്ലെന്നു കണ്ടെത്തി. അതേസമയം, ചികിത്സ പിഴവാണ് എച്ച്‌ഐവി ബാധയ്ക്ക് കാരണമെന്ന് പിതാവ് ആവർത്തിച്ചു. പരാതി ഒത്തു തീർപ്പാക്കാൻ ആർസിസി അധികൃതർ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആർസിസിയിൽ നിന്നുതന്നെയാണ് എച്ച്ഐവി ബാധ ഉണ്ടായതെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം എച്ച്ഐവി ബാധ ഉണ്ടായ സമയത്ത് അത് കണ്ടെത്താനുള്ള സംവിധാനങ്ങൾ ആർസിസിയിൽ ഇല്ലെന്നുള്ള കാര്യവും ശ്രദ്ധേയമാണ്. എച്ച്ഐവി അണുബാധയുണ്ടായാലും ആറുമാസത്തോളം വിൻഡോ പീരിയഡിലായിരിക്കും. ഈ സമയത്ത് നടത്തുന്ന പരിശോധനകളിൽ എച്ച്ഐവി ബാധ കണ്ടെത്താനുള്ള സാധ്യത വിരളമാണ്.

നിലവിൽ വിൻഡോ പീരിയഡിൽ എച്ച്ഐവി കണ്ടെത്താനുള്ള സൗകര്യം ആർസിസിയിൽ ഇല്ല. ഏറ്റവും ആധുനികവും കൃത്യവുമായ ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റ് നടത്തിയാൽ പോലും പത്തുദിവസം വരെയുള്ള വിൻഡോ പീരിയഡിൽ എച്ച്ഐവി ബാധ കണ്ടെത്താൻ സാധിക്കില്ല. എന്നാൽ ഈ സൗകര്യവും ആർസിസിയിൽ ഇല്ല. അതേസമയം കുട്ടിയുടെ രക്തസാന്പിളുകളും ആശുപത്രി രേഖകളും സൂക്ഷിക്കണമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടി ഉത്തരവിട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി.