തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ക്രൂരത കാണാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ല. എന്നാൽ പൊതുജനാരോഗ്യത്തിന് വേണ്ടി നിലയുറപ്പിക്കുന്ന മാതൃകാ സ്ഥാപനങ്ങൾക്കെതിരെ വാർത്തകളുമായി ചാനലുകളും പത്രങ്ങളും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ എസ് പി ഫോർട്ട് ആശുപത്രിയിലെ ചികിൽസാ പിഴവ് ഒരു യുവാവിന്റെ ജീവനെടുത്തു. പക്ഷേ ആരും ഇതൊന്നും വാർത്തയാക്കിയില്ല. എന്നാൽ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട ക്യാൻസർ ചികിൽസാലയത്തിന് പിറകെയാണ് ചാനലുകാർ. റീജണൽ കാൻസർ സെന്ററിനെ വിവാദത്തിലേക്ക് തള്ളിവിടുന്നത് ക്യാൻസർ ചികിൽസയിൽ കോടികൾ നിക്ഷേപിക്കുന്ന സ്വകാര്യ മാനേജ്‌മെന്റുകളാണ്. ഇത് തിരിച്ചറിഞ്ഞ് വിവാദങ്ങൾ അവസാനിപ്പിക്കാൻ ആർ സി സി ഡയറക്ടർ ഡോ. പോൾ സെബാസ്റ്റ്യൻ സ്ഥാനമൊഴിയുകയാണ്.

ആരോഗ്യമന്ത്രി കെ.കെ. ശൈലജയെയും അഡീഷണൽ ചീഫ്സെക്രട്ടറി രാജീവ് സദാനന്ദനെയും അദ്ദേഹം ഇക്കാര്യം അറിയിച്ചു. ഡയറക്ടർ സ്ഥാനത്ത് തുടരാൻ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പുതിയ ഡയറക്ടറെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. പുതിയ ഡയറക്ടറെ കിട്ടിയാൽ പോൾ സെബാസ്റ്റന്റെ രാജി സർക്കാർ അംഗീകരിക്കും. ആർ സി സിയിൽ പതിനായിരങ്ങളാണ് ചികിൽസ തേടി എത്തുന്നത്. ഇവർ പരാതി പറയാതെ മടങ്ങുകയും ചെയ്തു. പക്ഷേ സ്വകാര്യ ആശുപത്രിയിലെ ചികിൽസാ പിഴവ് കാണാത്ത നേരറിയും കണ്ണൂകൾ ആർ സി സിയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ്. തന്റെ രാജിയോടെ ഇത് അവസാനിക്കും. അതുകൊണ്ടാണ് സ്ഥാനം ഒഴിയുന്നതെന്ന് പോൾ സെബാസ്റ്റ്യൻ മന്ത്രിയെ അറിയിച്ചതായാണ് സൂചന.

റീജണൽ കാൻസർസെന്ററിൽനിന്ന് രക്തം സ്വീകരിച്ചതുവഴി രണ്ട് കുട്ടികൾക്ക് എച്ച്.ഐ.വി. പകർന്നതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് സ്ഥാനമൊഴിയാൻ ഡയറക്ടർ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അണുബാധ പ്രത്യക്ഷപ്പെടുംമുമ്പ് സ്വീകരിച്ച രക്തം കുത്തിവെച്ചതാണ് എച്ച്.ഐ.വി. പകരാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആർ.സി.സി. വിവാദത്തിൽനിന്ന് തലയൂരിയത്. പക്ഷേ ഇതിന് ശേഷം ഡോക്ടറുടെ ഭാര്യയുടെ മരണം വിവാദമാക്കി. രണ്ടാമതും വന്നാൽ മരണം ഉറപ്പായിരുന്നു ഈ കാൻസറിന്. ഇത് അറിയാവുന്നവർ തന്നെ വിവാദം ആളിക്കത്തിച്ചു. വർഷങ്ങൾക്ക് മുമ്പുള്ള ആർ സി സിയിലെ മരണം പോലും ചാനലുകൾ ചർച്ചയാക്കി. ഇവിടെ ചികിൽസയിൽ മരണ നിരക്ക് തുലോം കുറവാണ്. എന്നാൽ പരസ്യം നൽകാത്ത സർക്കാർ സ്ഥാപനത്തെ തകർക്കാനായിരുന്നു ചിലരുടെ ശ്രമം.

വിവാദത്തോട് പ്രതികരിക്കാൻ തുടക്കത്തിൽ ആർ.സി.സി. അധികൃതർ തയ്യാറായിരുന്നില്ല. അണുബാധയുടെ സാധ്യത സംബന്ധിച്ച ശാസ്ത്രീയവശം വിശദീകരിച്ച് അടുത്തിടെയാണ് ഡയറക്ടർ പ്രതികരിച്ചത്. വിവാദങ്ങൾ കാരണമല്ല സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം വകുപ്പുമേധാവികളെ അറിയിച്ചിട്ടുണ്ട്. മറിച്ച് ആർ സി സിയുടെ സൽപേര് കളങ്കപ്പെടുത്താൻ മാധ്യമങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് തടയിടാനാണ് ഇതെന്ന് അദ്ദേഹം അടുപ്പക്കാരെ അറിയിച്ചിട്ടുണ്ട്. അല്ലെങ്കിൽ പതിനായിരങ്ങൾക്ക് സാന്ത്വനമാകേണ്ട സ്ഥാപനത്തെ ചിലർ തകർക്കുമെന്നാണ് ആദ്ദേഹത്തിന്റെ പക്ഷം.

തൊണ്ട, തല എന്നിവയെ ബാധിക്കുന്ന അർബുദചികിത്സയിൽ വൈദഗ്ധ്യം നേടിയിട്ടുള്ള ഡോ. പോൾ സെബാസ്റ്റ്യൻ 1985-ലാണ് ആർ.സി.സി.യിൽ ചേർന്നത്. സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവിയായിരിക്കെ 2009-ൽ ഡയറക്ടറായി ചുമതലയേറ്റു. പിന്നീട് പലതവണയായി കാലാവധി നീട്ടി നൽകുകയായിരുന്നു. ഇടതുസർക്കാർ വന്നശേഷം ഈ വർഷം ഓഗസ്റ്റ് വരെ കാലാവധി നീട്ടി. ഡയറക്ടർസ്ഥാനം ഒഴിഞ്ഞാലും 2022-ൽ വിരമിക്കുന്നതുവരെ അദ്ദേഹത്തിന് വകുപ്പുമേധാവിയായി തുടരാനാകും. സ്ഥാനമൊഴിയുന്നതുസംബന്ധിച്ച് പരസ്യമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.