തിരുവനന്തപുരം: തലസ്ഥാനത്തെ റീജിയണൽ കാൻസർ സെന്ററിലെ കുത്തഴിഞ്ഞ ഭരണത്തെക്കുറിച്ച് സീനിയർ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫീസറായിരുന്ന സി രവി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ കുറിച്ച് മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. ദിവസേന ആയിര കണക്കിന് രോഗികളെത്തുന്ന ഈ ആതുരാലയത്തിൽ ഫാർമസി, കീമോതെറാപ്പി എന്നിവയിൽ നടക്കുന്ന ക്രമക്കേടുകൾ രോഗികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. ആവശ്യമില്ലാത്ത സംവിധാനങ്ങളും കാമറകളും കമ്പ്യൂട്ടറുകളും വാങ്ങിക്കൂട്ടുന്ന ഇവിടെ കീമോയ്ക്കുള്ള മരുന്ന് സൂക്ഷിക്കേണ്ട റെഫ്രിജറേഷൻ സംവിധാനം ഒരുക്കിയിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

കീമോ തെറാപ്പിക്കുള്ള മരുന്ന് പ്രത്യേക ഊഷ്മാവിൽ റെഫ്രിജറേറ്ററുകളിലാണ് സൂക്ഷിക്കേണ്ടത്. ഇവ പുറത്തെ കാലാവസ്ഥയിൽ സൂക്ഷിച്ചാൽ ഗുണമേന്മ കുറയും എന്നതാണ് വാസ്തവം. ഒരു തവണ മരുന്ന് വാങ്ങിയാൽ മൂന്ന് തവണ വരെ കീമോ ചെയ്യാം. എന്നാൽ ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന രോഗികൾക്കു പോലും കീമോതെറാപ്പി ശേഷം ബാക്കി വരുന്ന മരുന്ന് കൈയിൽ കൊടുത്തു വിടുകയാണ് പതിവ്. ആശുപത്രിയിൽ തന്നെ രോഗികളുടെ പേരെഴുതി ശീതീകരണിയിൽ സൂക്ഷിക്കേണ്ട മരുന്നാണ് കൈയിൽ കൊടുത്തു വിടുന്നത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലുള്ള രോഗികൾ ഈ മരുന്നുമായി ഒരു ദിവസത്തിനുശേഷമാണ് വീട്ടിലെത്തുന്നത്. അപ്പോഴേക്കും മരുന്നിന്റെ ഗുണമേന്മ ഇല്ലാതാകുകയും അടുത്ത തവണ ഇതേ മരുന്നുപയോഗിച്ച് കീമോ ചെയ്യുമ്പോൾ ഫലം ലഭിക്കുകയുമില്ല.

ആശുപത്രിയിൽ തന്നെ ശീതീകരണ സംവിധാനം ഒരുക്കിയാൽ ദൂരസ്ഥലങ്ങളിൽ നിന്നുള്ള രോഗികൾക്ക് ഇതു പ്രയോജനകരമായേനെ. എന്നാൽ അനാവശ്യമായ ചെലവ് വരുത്തുമെന്നു ചൂണ്ടിക്കാട്ടി ഡയറക്ടർ ഈ നിർദ്ദേശം തള്ളിക്കളയുകയായിരുന്നെന്നാണ് രവി പറയുന്നത്. ഫാർമസിയിൽ മരുന്നില്ലാത്ത അവസ്ഥയും ഇവിടെ പതിവാണ്. കാൻസർ പോലൊയൊരു മാരകരോഗത്തിന് ചികിത്സതേടി എത്തുന്നവരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണിത്.

ഫാർമസിയിൽ മരുന്നില്ലെന്ന് പറയുന്നവരോട് ഞാൻ ഒന്ന് പഠിക്കട്ടെയെന്നു പറഞ്ഞ് ഫയൽ മേശപ്പുറത്ത് വയ്ക്കുന്നതാണ് ഡയറക്ടറുടെ പതിവ്. പണം അടയ്ക്കാതെ വരുമ്പോൾ പല കമ്പനികളും വിതരണം നിർത്തുന്നതിനെ തുടർന്നാണ് പലപ്പോഴും ഫാർമസിയിൽ മരുന്ന് ഇല്ലാത്ത അവസ്ഥയുണ്ടാകുന്നത്. ഇത്തരം കമ്പനികളെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തുകയാണ് ഡയറക്ടറും ഫിനാൻസ് കൺട്രോളറും ചെയ്യുന്നത്.

ഫിനാൻസ് ഓഫീസർക്ക് കൈക്കൂലി നൽകാത്തവരുടെ ബില്ലുകൾ തടഞ്ഞ് വയക്കുക, അത്തരം കമ്പനികളെ ബ്ലാക് ലിസ്റ്റിൽപ്പെടുത്തുക, ചെക്കുകൾ ഒപ്പിട്ട് നൽകാതിരിക്കുക എന്നിവ ഇവിടെ പതിവാണെന്നും പരാതിയിലുണ്ട്. മരുന്നിന്റെ അപര്യാപ്തതയെക്കുറിച്ച് പരാതിപ്പെട്ട ഫാർമസിസ്റ്റിനെ ലൈംഗിക പീഡന കേസിൽപ്പെടുത്തിയെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ജോലിയിൽ തിരികെ പ്രവേശിച്ചു.

അനധികൃതമായി ഡയറക്ടർ സ്ഥാനത്ത് തുടരുന്ന ഡോ. പോൾ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് ആർസിസിയിൽ കുത്തഴിഞ്ഞ ഭരണവും സ്വജനപക്ഷപാതവുമാണ് അരങ്ങേറുന്നതെന്നും പരാതിയിൽ പറയുന്നു. 1981ൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്ത സംരംഭമായാണ് റീജിയണൽ കാൻസർ സെന്റർ സ്ഥാപിച്ചത്. കേന്ദ്ര സർക്കാരിന്റെ ദേശീയ അർബുദ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഇന്ത്യയിലൊട്ടുക്ക് പ്രവർത്തിക്കുന്ന 26 കേന്ദ്രങ്ങളിലൊന്നാണ് തലസ്ഥാനത്തുള്ളത്. അതേസമയം അഴിമതിയെക്കുറിച്ച് എട്ട് മാസം മുൻപ് നൽകിയ പരാതിയിൽ അഴിമതിക്കാരന്റെ വിശദീകരണം കേട്ട് ഫയൽ തീർപ്പാക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തത്. പിന്നീട് ഈ ഫയൽ ആരോഗ്യ വകുപ്പിന് നൽകിയെങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.

ഡയറക്ടർ പോൾ സെബാസ്റ്റ്യനും ചീഫ് ഫിനാൻസ് ഓഫീസർ സഞ്ജീവും ചേർന്ന് നടത്തുന്ന അഴിമതിയെയും സാമ്പത്തിക ഇടപാടുകളയും അനധികൃത നിയമനങ്ങളെ കുറിച്ചുമാണ് പരാതിയിൽ വിവിരിക്കുന്നത്. ഇ-ഓഫീസ് സംവിധാനത്തിന്റെ പേരിൽ കമ്പ്യൂട്ടറുകൾ വാങ്ങിയതിന്റെ പേരിൽ ലക്ഷങ്ങളാണ് ഇരുവരും കമ്മീഷനായി കൈപ്പറ്റിയതെന്നും പരാതിയിൽ പറയുന്നു.

ജീവൻ രക്ഷാ മരുന്നുകൾ പോലും സ്‌റ്റോക്കില്ലാത്തപ്പോഴാണ് അഴിമതി ലക്ഷ്യം വച്ചുള്ള ഇടപാട് നടത്തിയതെന്നും പരാതിയിൽ പറയുന്നു. ഒരു കോടിയോളം മുടക്കി 120 സിസിടിവി കാമറകൾ വാങ്ങിയതിനു പിന്നിലും അഴിമതിയുണ്ടെന്ന ആരോപണം ഉർന്നിട്ടുണ്ട്. നോട്ട് നിരോധന കാലത്ത് ഡയറക്ടറും ഫിനാൻസ് കൺട്രോളറും സ്വകാര്യ ബാങ്കുകളുമായി ചേർന്ന് കമ്മീഷനായി ലക്ഷങ്ങൾ പോക്കറ്റിലാക്കിയെന്നും പരാതിയിൽ ആരോപിക്കുന്നു.

ആർസിസിയുടെ പുതിയ മന്ദിരത്തിലാണ് നിലവിൽ കീമോതെറാപ്പി ചെയ്യുന്നത്. പഴയ ഒ.പിയിൽ നിന്ന് ഇവിടേയ്ക്ക് എത്താൻ ഒരു ഇടനാഴി നിർമ്മിക്കുന്നുണ്ട്. ഇതു വഴി കീമോ തെറാപ്പി ചെയ്യുന്ന സ്ഥലത്തേക്ക് അഞ്ചു മിനിട്ടുകൊണ്ട് എത്താമെങ്കിലും ഒരു മാസം കൊണ്ട് തീരേണ്ട പണി ആറുമാസമായിട്ടും ഇഴഞ്ഞു നീങ്ങുകയാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.