തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന സന്ദേശങ്ങളുടെ വിശ്വാസ്യത പലപ്പോഴും ചോദ്യം ചെയ്യപെട്ടിട്ടുണ്ട്. രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ സർക്കാരുകളുടെ പദ്ധതികൾ അണികളെകൊണ്ട് നിരവധിയായി ഷെയർ ചെയ്യിക്കാറുണ്ട്. അത്തരത്തിൽ ആർസിസിയിൽ കാൻസർ ചികിത്സയുടെ പേരിൽ പ്രചരിച്ച സന്ദേശങ്ങൾ ഇപ്പോൾ ആർസിസി അധികൃതർക്ക് വലിയ തലവേദനയായിമാറിയിരിക്കുകയാണ്. മൂന്ന് വർഷം മുൻപ് നിർത്തിയ പദ്ധതിയെ ബിജെപി പ്രവർത്തകർ മോദി സർക്കാരിന്റെ പദ്ധതിയെന്നും സിപിഎം പ്രവർത്തകർ പിണറായി വിജയന്റെ പദ്ധതിയെന്നും പറഞ്ഞ് ആഘോഷിച്ചതോടെയാണ് അധികൃതർക്ക് നിരന്തരം ഫോൺ വിളികൾ വന്ന് തുടങ്ങിയത്.

500 രൂപ നൽകിയാൽ അൻപതിനായിരം രൂപയുടെ ആജീവനാന്ത ചികിത്സ പദ്ധതി, പതിനായിരം രൂപ നൽകിയാൽ 10 ലക്ഷം രൂപയുടെ ചികിത്സ സഹായം എന്നിങ്ങനെ വിവിധ പ്രീമിയങ്ങളിൽ വിവിധ പദ്ധതികളാണ് ആർസിസിയിൽ ഉള്ളത് എന്നാണ് സന്ദേശത്തിൽ പറയുന്നത്. പദ്ധതിയെക്കുറിച്ച് വ്യാപകമായി പ്രചരണം വന്നതോടെ ഏത് സർക്കാരിന്റെ പദ്ധതിയാണെങ്കിലും ഇത് വളരെ നല്ല കാര്യമാണെന്ന നിലയ്ക്ക് നിരവധിയളുകൾ രാഷ്ട്രീയ ഭേദമന്യേ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു.

കാൻസർ ചികിത്സ ചെലവേറിയതാണ്. കുടുംബത്തിന്റെ സാമ്പത്തികഭദ്രത കാൻസർ തകർക്കും. അതൊഴിവാക്കാൻ കാൻസർ കെയർ ഫോർ ലൈഫിൽ അംഗമായി ചേരണം. വെറും 500 രൂപയ്ക്ക് 50,000 രൂപയുടെ ആജീവനാന്ത കാൻസർ പരിരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിന്റെ കാൻസർ കെയർ ഫോർ ലൈഫ്.ല ുടുംബത്തിലെ ഒരംഗത്തിന് 500/ രൂപ കൊടുത്താല 50,000/ രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 1,000/ രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും 2,000 രൂപ മുടക്കിയാല രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും.10,000 രൂപ മുടക്കിയാൽ 10 ലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. ഒറ്റത്തവണ മാത്രം അടച്ചാൽ മതി.

കാൻസർ രോഗികളല്ലാത്തതും നേരത്തേ കാൻസർ ബാധിച്ചിട്ടില്ലാത്തതും ആയ ഏതൊരു പൗരനും ഈ പദ്ധതിയിൽ അംഗമാകാം. അംഗത്വമെടുത്ത് രണ്ടുവർഷം കഴിഞ്ഞാൽ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. ഇതായിരുന്നു പ്രചരിച്ച സന്ദേശം.എന്നാൽ കാൻസർ കെയർ ഫോർ ലൈഫ് എന്ന പേരിലുള്ള ഈ പദ്ധതി 2014ൽ അവസാനിപ്പിച്ചതാണെന്നാണ് ആർസിസി അധികൃതർ പറയുന്നത്. 1986ൽ ആണ് ഈ പദ്ധതി തുടങ്ങിയത്.

കാൻസർ കെയർ ഫോർ ലൈഫ് എന്ന പേരുള്ള ഈ പദ്ധതി മൂന്ന് ഘട്ടങ്ങളായിട്ടാണ് നടപ്പിലാക്കിയിരുന്നത്. നിരവധിപേർ ഇതിൽ അംഗമാവുകയും ചെയ്തിട്ടുണ്ട്. 1986 മുതൽ 1997 വരെ ഒന്നാം ഘട്ടവും 1991 മുതൽ 1997 വരെ രണ്ടാം ഘട്ടവും 1997 മുതൽ 2014 വരെ മൂന്നാം ഘട്ടവുമായിട്ടാണ് നടപ്പിലാക്കിയിരുന്നത്. പദ്ധതികൾ കാലാവധി കഴിഞ്ഞാൽ അത് റിവ്യൂ ചെയ്ത ശേഷമാണ് തുടരണോ അതോ പുതിയ പദ്ധതി ആരംഭിക്കണോ എന്ന കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ഇനി പുതിയ പദ്ധതിയാണ പഴയത് തുടരുകയാണോ വേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും ആർസിസി അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.