കോഴിക്കോട്: വോട്ടെണ്ണലിനിടെ മെഷീൻ തകരാറിലായതിനെത്തുടർന്ന് ഫലം പ്രഖ്യാപിക്കാൻ കഴിയാതിരുന്ന ഫറോക്ക് മുനിസിപ്പാലിറ്റിയിലെ മുപ്പത്തഞ്ചാം വാർഡിൽ റീപോളിങ് തുടങ്ങി. കോതാർത്തോടിലാണ് റീപോളിങ് നടക്കുന്നത്. വോട്ടെണ്ണൽ ദിവസം 777 വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ യു ഡി എഫ് 18 വോട്ടുകൾക്ക് മുന്നിലായിരുന്നു. എന്നാൽ ബാക്കിയുള്ള 135 വോട്ടുകൾ കേടായ യന്ത്രത്തിലായതിനാൽ ഫലം പ്രഖ്യാപിക്കാനായില്ല.

വൈകിട്ട് അഞ്ച് മണി വരെയാണ് റീപോളിങ് .രാത്രി ഏഴുമണിക്ക് വോട്ടെണ്ണിത്തുടങ്ങും. എട്ട് മണിയോടെ ഫലമറിയാം. ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ആദ്യഭരണസമിതിയെ നിശ്ചയിക്കുന്നതിൽ ഈ വാർഡിലെ ഫലം നിർണ്ണായകമാണ്. 37 വാർഡുകളുള്ള മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് 18, യുഡിഎഫ് 16,യുഡിഎഫ് സ്വതന്ത്രർ 2, ബിജെപി 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. 18 വീതം സീറ്റുകളിൽ തുല്യമായി നിൽക്കുന്ന ഇരുമുന്നണികൾക്കും അതുകൊണ്ട് തന്നെ റീപോളിങ് നിർണ്ണായകമാണ്.