- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റ് ചെയ്യും മുമ്പ് പ്രതികരണം അറിയാൻ സ്‌കാനിങ്; അമേരിക്കയിലെ ഇന്ത്യൻ വംശജയായ 15 കാരിയുടെ കണ്ടുപിടിത്തം ലോകശ്രദ്ധ നേടുന്നു
മനസിൽ തോന്നുന്നത് മുഴുവൻ തത്സമയം ഓൺലൈനിൽ പോസ്റ്റ് ചെയ്താൽ മാത്രമെ ഇന്നത്തെ ചില ന്യൂജനറേഷൻകാർക്ക് ഉറക്കം വരാറുള്ളൂ. ആ നിമിഷങ്ങളിൽ അതിന്റെ വരുംവരായ്കളെക്കുറിച്ച് മിക്കവരും ചിന്തിക്കുക പോലുമില്ല. പിന്നീട് ആപത്തുകളിൽ അകപ്പെടുമ്പോഴേക്കും ഒരു പുനർചിന്തയ്ക്ക് അവസരം ലഭിച്ചെന്നും വരില്ല. ഇത്തരം വിഷമാവസ്ഥകൾ ഒഴിവാക്കാൻ വേണ്ടി ഒരു കിട
മനസിൽ തോന്നുന്നത് മുഴുവൻ തത്സമയം ഓൺലൈനിൽ പോസ്റ്റ് ചെയ്താൽ മാത്രമെ ഇന്നത്തെ ചില ന്യൂജനറേഷൻകാർക്ക് ഉറക്കം വരാറുള്ളൂ. ആ നിമിഷങ്ങളിൽ അതിന്റെ വരുംവരായ്കളെക്കുറിച്ച് മിക്കവരും ചിന്തിക്കുക പോലുമില്ല. പിന്നീട് ആപത്തുകളിൽ അകപ്പെടുമ്പോഴേക്കും ഒരു പുനർചിന്തയ്ക്ക് അവസരം ലഭിച്ചെന്നും വരില്ല. ഇത്തരം വിഷമാവസ്ഥകൾ ഒഴിവാക്കാൻ വേണ്ടി ഒരു കിടിലൻ ആപ്പുമായാണ് അമേരിക്കയിലെ ഇന്ത്യൻ വംശജയായ 15 കാരി ത്രിഷ പ്രഭു എത്തിയിരിക്കുന്നത്. ഇതിലൂടെ നാം ഓൺലൈനിൽ ഒരു പോസ്റ്റിടുന്നതിന് മുമ്പ് അതിന്റെ പ്രതികരണം അറിയാനായി സ്‌കാനിങ് നിർവഹിക്കാവുന്നതാണ്. ഈ 15 കാരിയുടെ ഈ പുതിയ കണ്ടുപിടിത്തം ഇപ്പോൾ ലോകശ്രദ്ധ നേടുകയാണ്.
റീതീങ്ക് എന്നാണീ വിപ്ലവാത്മകമായ സോഫ്റ്റ് വെയറിന്റെ പേര്. തനിക്ക് 13 വയസുള്ളപ്പോഴാണ് ഇല്ലിനോയിസിലുള്ള ഈ കൊച്ചുമിടുക്കി ഈ ആപ്പ് കണ്ടുപിടിച്ചിരിക്കുന്നത്. പ്രകോപനപരമായതോ കുറ്റകരമായതോ ആയ പോസ്റ്റുകൾ ഇടുന്നതിന് മുമ്പ് കൗമാരക്കാരെ ആരെങ്കിലും വിലക്കാനുണ്ടെങ്കിൽ അവരിൽ ഭൂരിഭാഗം പേരും അതിൽ നിന്ന് പിന്മാറുമെന്നാണ് തെളിഞ്ഞിട്ടുള്ളത്. റീതിങ്ക് ചെയ്യുന്നതും അതാണ്.സന്ദേശങ്ങളിലോ പോസ്റ്റുകളിലോ പ്രകോപനപരമായതോ കുറ്റകരമായതോ ആയ സംഗതികളുണ്ടോയെന്നറിയാൻ അവ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് റീതിങ്ക് സ്‌കാൻ ചെയ്യുകയാണ് ചെയ്യുന്നത്.
അത്തരത്തിലുള്ള സംഗതികൾ കണ്ടെത്തിയാൽ ഈ ആപ്പ് അതിനെക്കുറിച്ച് അലേർട്ടുകൾ നൽകുകയും അവ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും. ഈ ആപ്പ് രംഗത്തിറക്കുന്നതിന് മുമ്പ് തൃഷ 1500 സയന്റിഫിക്ക് ട്രയലുകളെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ റീതിങ്ക് ആപ്പിൽ നിന്നും ഒരു മുന്നറിയിപ്പ് ലഭിക്കുന്ന കൗമാരക്കാരിൽ 93 ശതമാനവും അവരുടെ മനസ് മാറ്റാൻ തയ്യാറാവുകയും അത്തരം പോസ്റ്റുകളിടുന്നതിൽ നിന്ന് പിന്മാറുമെന്നും തൃഷ പറയുന്നു.
ഇത്തരം പോസ്റ്റുകളുണ്ടാക്കുന്ന ദൂരവ്യാപമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ് പല കൗമാരക്കാരും യുവജനങ്ങളും ഇവ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതെന്നാണ് തൃഷ പറയുന്നത്. ഇത്തരം അവസരതത്തിൽ അവരെ ഈ ആപ്പിലൂടെ ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുകയാണ് തൃഷ ലക്ഷ്യമിടുന്നത്.അതിലൂടെ അവരെ അവ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിക്കുമെന്ന് നിരവധി പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്നാണ് ഈ പെൺകുട്ടി സമർത്ഥിക്കുന്നത്. തന്റെ പ്രതിഭയുടെ കരുത്തിൽ ഗൂഗിളിന്റെ സയൻസ്‌ഫെയറിൽ ഫൈനലിസ്റ്റാകാനും ഈ കൊച്ചുമിടുക്കിക്ക് സാധിച്ചിട്ടുണ്ട്. വിപ്ലവാത്മകവും കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതുമായ ആപ്പാണ് റീതിങ്ക്. 10ൽ ഏഴ് കുട്ടികളും സൈബർ കുറ്റകൃത്യങ്ങളിലും ചൂഷണങ്ങളിലും ഏർപ്പെടുന്നുവെന്നാണ് യുകെയിലെ ആന്റിബുള്ളിയിങ് ചാരിറ്റിയായ ഡിച്ച് ദി ലേബൽ നടത്തിയ പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇവരിൽ 37 ശതമാനം പേരും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ പതിവായി ഏർപ്പെടുന്നവരോ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നവരോ ആണെന്നും തെളിഞ്ഞിട്ടുണ്ട്.
ഈ പ്രശ്‌നത്തിനൊരു പരിഹാരം കാണണമെന്ന് തൃഷ 2013ൽ തന്നെ തീരുമാനിച്ചിരുന്നു. ഫ്‌ലോറിഡയിലെ ഒരു 11 വയസുകാരി ആത്മഹത്യ ചെയ്തതായിരുന്നു തൃഷയുടെ ഈ തീരുമാനത്തിന് കരുത്ത് പകർന്നത്. ഓൺലൈനിലെ ചൂഷണത്തിൽ മനംമടുത്തായിരുന്നു ഈ പെൺകുട്ടിയുടെ ആത്മഹത്യ.ഈ ആത്മഹത്യയ്ക്ക് ശേഷമാണ് താൻ ഇത്തരത്തിലുള്ള ഒരു ആപ്ലിക്കേഷൻ വികസിപ്പിക്കേണ്ടുന്നതിന്റെ അനിവാര്യതയെക്കുറിച്ച് കൂടുതൽ ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയതെന്നാണ് തൃഷ വെളിപ്പെടുത്തുന്നത്.തുടർന്ന് ഏത് സമയവും ഈ ഒരു കണ്ടുപിടിത്തത്തെക്കുറിച്ച് മാത്രം ചിന്തിക്കാൻ തുടങ്ങിയതിൽ നിന്നാണ് റീ തിങ്ക് യാഥാർത്ഥ്യമായതെന്നും ഈ കൊച്ചുപ്രതിഭ വെളിപ്പെടുത്തുന്നു.പ്രായപൂർത്തിയാകാത്തവർ ഇത്തരത്തിലുള്ള കുറ്റകരമായതും പ്രകോപനപരമായതുമായ പോസ്റ്റുകൾ ഓൺലൈനിൽ ഇടുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്ന ഒരു സയൻസ് പ്രൊജക്ടിന് തൃഷ തുടർന്ന് സ്‌കൂളിൽ തുടക്കം കുറിക്കുകയായിരുന്നു.
ഇത്തരം പോസ്റ്റുകളിടാൻ മുതിർന്നവർ തയ്യാറാകുന്നതിനേക്കാൾ 50 ശതമാനം കൂടുതൽ കുട്ടികൾ തയ്യാറാകുന്നുണ്ടെന്ന് തൃഷ ഈ പ്രൊജക്ടിലൂടെ കണ്ടെത്തുകയായിരുന്നു.തുടർന്ന് കുട്ടികളുടെ മസ്തിഷ്‌കത്തെക്കുറിച്ചും അതിലെ ചിന്തകളെക്കുറിച്ചും തൃഷ വിശദമായി പഠിക്കുകയായിരുന്നു ചെയ്തത്.വർഷങ്ങളിലൂടെ ഇത് വികസിക്കുന്നതിനെക്കുറിച്ചും പഠിക്കുകയുണ്ടായി. തലച്ചോറിലെ തീരുമാനങ്ങളെടുക്കുന്ന ഭാഗം പൂർണവളർച്ചയെത്താൻ 25 വർഷങ്ങളെടുക്കുമെന്നും തൃഷ കണ്ടെത്തുകയായിരുന്നു. ഇക്കാരണത്താലാണ് കുട്ടികൾ ഇത്തരത്തിലുള്ള അപകടകരമായ പോസ്റ്റുകൾ ഓൺലൈനിലിടുന്നത്. അതിനെക്കുറിച്ച് അവരോട് പുനർചിന്തനം ചെയ്യാൻ ആവശ്യപ്പെടുന്നതിലൂടെ അത് കുറയ്ക്കാനാകുമെന്നും റീ തിങ്കിന്റെ കണ്ടുപിടിത്തത്തിലൂടെ അതാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്നും തൃഷ പറയുന്നു.
റീ തിങ്ക് ഒരു ആപ്പെന്നതിലുപരി ഒരു മുവ് മെന്റാണെന്നാണ് തൃഷ പറയുന്നത്. ഇത് തികച്ചും സൗജന്യമായി ആൻഡ്രോയ്ഡ് , ആപ്പിൾ ഡിവൈസുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തുപയോഗിക്കാവുന്നതാണ്. വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ഇത് ലോകം മുഴുവൻ പ്രചരിപ്പിക്കാനാണ് തൃഷ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഈ കൊച്ചുമിടുക്കി റീതിങ്ക് അംബാസിഡർ പ്രോഗ്രാമും ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതു പ്രകാരം രണ്ട് കുട്ടികളെ www.rethinkwords.com എന്ന വെബ്‌സൈറ്റിലേക്ക് നോമിനേറ്റ് ചെയ്യാൻ സ്‌കൂളുകളെയും കമ്മ്യൂണിറ്റികളെയു പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ആന്റിബുള്ളിയിങ് സങ്കൽപത്തിന്റെ അംബാസിഡർമാരായാണ് ഇവർ വർത്തിക്കുക. ഇതിനെക്കുറിച്ച് ഇവർ സമൂഹത്തിൽ പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ ബോധവൽക്കരണം നടത്തുകയും ചെയ്യും.തന്റെ പ്രവർത്തനങ്ങൾക്ക് ഗൂഗിൾ സയൻസ്‌ഫെയർ ഗ്ലോബൽ ഫൈനലിസ്റ്റ് അവാർഡ് ലഭിച്ചതിന് പുറമെ തൃഷയ്ക്ക് ഇന്റർനാഷണൽ ഡയാന അവാർഡ് ഫോർ ആന്റി ബുള്ളിയിംഗും ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ജോർജ് ഡബ്ല്യൂ ബുഷ് ഫൗണ്ടേഷനിൽ നിന്നുള്ള ഡെയിലി പോയിന്റ്‌സ് ഓഫ് ലൈറ്റ് അവാർഡും ഈ കൊച്ചുമിടുക്കിയെ തേടിയെത്തിയിട്ടുണ്ട്. യാതൊരു ചെലവുമില്ലാതെ റീ തിങ്ക് ഓരോ കുട്ടിയുടെയും കൈകളിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് തൃഷ പറയുന്നത്.